കൂടും മരപ്പൊത്തും കുളവും കുളിരുമുണ്ട് വേനലിലും ഈ വീട്ടിൽ

കല്ലും മണ്ണും മരങ്ങളും ചേർത്ത് പ്രകൃതിയിലെഴുതിയ ചിത്രം പോലൊരു വീട്. അകലെനിന്നുള്ള കാഴ്ചയിൽ വീട് പ്രകൃതിയുടെ ഭാഗം തന്നെ. കിളിക്കൂടും മരപ്പൊത്തും നിലനിർത്തി, പീലിത്തുണ്ട് കൊണ്ട് പോലും പ്രകൃതിയെ നോവിക്കാത്ത നിർമിതി. ആനന്ദം എന്ന പേര് എത്ര അന്വർഥം. കൃത്രിമ നിറങ്ങളില്ല. കെട്ടിലും മട്ടിലും കൃത്രിമത്വം തെല്ലുമില്ല. സോഫയില്ല. കസേരയില്ല. ഇരിക്കാൻ തിണ്ണയാണ്. വരവേൽക്കാനൊരു മണ്ഡപം.
കൊച്ചി നോർത്ത് പറവൂരിലാണ് അരുണിന്റെയും ഗായത്രിയുടെയും സുന്ദരമായ ഈ വീട്. ആർക്കിടെക്റ്റുമാരായ ജോയലും ആര്യയുമാണ് ശിൽപ്പികൾ.
ആദ്യമായി സൈറ്റ് കാണാൻ എത്തിയപ്പോൾ പ്ലോട്ട് ഒരു കാവുപോലെ തോന്നിച്ചുവെന്ന് ആര്യയും ജോയലും പറയുന്നു. അതുകൊണ്ടുതന്നെ കുളത്തിലെ കൂത്താടികൾക്കും മരപ്പൊത്തിൽ കൂടുകൂട്ടിയ അണ്ണാനും കുയിലിനും കൂട് നഷ്ടപ്പെടാതെ തന്നെ പുതിയൊരു വീടൊരുക്കണമെന്ന് അവർ നിശ്ചയിച്ചു. ആരുടെയും വീട് നഷ്ടപ്പെടുത്താതെ ഒരു വീട് അരുണും ഗായത്രിയും ആഗ്രഹിച്ചു. അതുകൊണ്ടു തന്നെ ആനന്ദത്തിലെ കുളത്തിൽ ഇപ്പോഴും കൂത്താടികളും മീനും ഉണ്ട്. മരത്തിൽ കൂടുകൂട്ടാൻ നിറയെ കിളികളും.
ഒൻപത് സെന്റ് വരുന്ന പ്ലോട്ടിൽ പ്രധാനമായും നാല് മരങ്ങളും ഒരു കുളവുമാണ് ഉണ്ടായിരുന്നത്. ഈ മരങ്ങളെ നിലനിർത്തികൊണ്ട് മരങ്ങൾക്ക് ചുറ്റുമാണ് വീട് വെച്ചത്. അതുകൊണ്ട് തന്നെ ചില മരങ്ങൾ കോർട് യാർഡിന്റെ ഭാഗമായപ്പോൾ ചില മരങ്ങൾ പൂമുഖത്തോട് ചേർന്നുനിന്നു. അത് ഡൈനിങ് നിന്നുള്ള പ്രധാന വ്യൂവായി.
അങ്ങനെ പ്രകൃതി തന്നെ ഈ വീടിന്റെ ഭാഗമായി മാറി. മരങ്ങളുടെ വേര് വീടിനെ മുറിവേൽപ്പിക്കാതെയും മരത്തിന്റെ വളർച്ചയെ വീട് തടയാതിരിക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
1800 സ്‌ക്വയർഫീറ്റ് വരുന്ന വീട്ടിൽ പ്രധാനമായും രണ്ട് ബെഡ്‌റൂമും ലിവിങ് ഏരിയയും ഡൈനിങ്ങും അടുക്കളയും സിറ്റൗട്ടുമാണ് ഉള്ളത്. ഇതിൽ ഒരു കിടപ്പുറി താഴെയും മറ്റൊന്നു മുകൾനിലയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
നിറയെ ഇടനാഴികൾ ഉണ്ടെന്നാണ് ഈ വീടിന്റെ ഇന്റീരിയറിലെ പ്രധാന പ്രത്യേകത. നാച്വറൽ സ്റ്റോൺ ഉപയോഗിച്ചാണ് ഈ പാസേജുകൾ നിർമ്മിച്ചിട്ടുള്ളത്. ഈ പാസേജുകളിലൂടെ പോകുമ്പോൾ പല ഷെയ്ഡുകളിലുള്ള ലൈറ്റുകൾ കാണം. വീടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും നാച്വറൽ സ്റ്റോൺ ഉപയോഗിച്ചാണ് ഫ്‌ളോറിങ് ചെയ്തിരിക്കുന്നത്. കുളപ്പടവ് പൊളിച്ചെടുത്ത കല്ലാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
വീട്ടിൽ സിമന്റ് ഉപയോഗിച്ചിട്ടുള്ള ഭാഗങ്ങൾ വളരെ കുറവാണ്. പകരം ഇഷ്ടികയുടെയും മണ്ണിന്റെയും ചെങ്കല്ലിന്റെയും ചുവരുകൾ കാണാം.
എക്‌സ്റ്റന്റഡ് ഡക്ക്
ഈ വീടിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് മുകൾനിലയിലെ ബെഡ്‌റൂമിൽ നിന്ന് തുറക്കാവുന്ന എക്സ്റ്റന്റഡ് ഡക്കാണ്. അകത്തളത്തിലെ മരത്തിനോട് ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
വെളിച്ചവും നിഴലും ഇഴചേർന്നുള്ള മനോഹരമായ കാഴ്ചകളാണ് ഈ വീടിന്റെ ഇന്റീരിയർ നിറയെ. ഇഷ്ടികകൾ ഉപയോഗിച്ചു ചെയ്തിട്ടുള്ള രണ്ട് വോൾട്ടുകളാണ് എലിവേഷന്റെ പ്രധാന ഘടകം. വോൾട്ട് ബ്രിക്കുകൾക്ക് മുകളിൽ ചെറിയ ലെയറിൽ കോൺക്രീറ്റ് ചെയ്ത് ഇതിന് മുകളിൽ മഡ് പ്ലാസ്റ്ററിങ് ചെയ്യുകയായിരുന്നു. സ്റ്റെബിസൈസ്ഡ് എർത്ത് പ്ലാസ്റ്ററിങ് എന്ന മെത്തേഡ് ഉപയോഗിച്ചാണ് മഡ് പ്ലാസ്റ്ററിങ് ചെയ്തിട്ടുള്ളത്. നാച്വറൽ ലൈറ്റുകൾ എത്താനായി നിറയെ ജനാലകളും ഓപ്പൺ സ്‌പേസും പരമാവധി ഉപയോഗപ്പെടുത്തി. ഇതോടെ പ്രകാശം മാത്രമല്ല പ്രകൃതി തന്നെ വീട്ടിലേക്കെത്തുന്ന അനുഭവമാണ് ഉള്ളത്. മാംഗ്ലൂർ ടൈൽ ഉപയോഗിച്ച് ചെരിഞ്ഞ സ്‌ട്രെക്ചറിലാണ് വീടിന്റെ മേൽക്കൂര ചെയ്തിരിക്കുന്നത്.
നടുമുറ്റവും മണ്ഡപവും
ചെറിയ തുളസിത്തറയും മണ്ഡപവുമുള്ള നടുമുറ്റമാണ് ഈ വീടിന്റെ മറ്റൊരു ഹൈലൈറ്റ്. വീടിന്റെ ലിവിങ് സ്‌പേസ് ആണിത്.
നമ്മൾ പൊതുവേ കണാറുള്ള നടുമുറ്റങ്ങളിൽ നിന്ന് മാറിയ ശൈലിയിലാണ് ഈ വീടും നടുമുറ്റവും ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു കുഞ്ഞൻ കുളവും കുളത്തിന് നടുക്ക് തുളസിത്തറയും ഉണ്ട്.
ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോൾ ഒന്നിച്ചിരുന്നു സംസാരിക്കാൻ പറ്റുന്ന ഇടമാകണം വീട് എന്നായിരുന്നു അരുണിന്റെയും ഗായത്രിയുടെയും പ്രധാന ആവശ്യങ്ങളിൽ ഒന്ന്. അതാണ് മണ്ഡപം എന്ന ആശയത്തിലേക്ക് എത്തിച്ചത്. മണ്ഡപത്തിനോട് ചേർന്ന ചുവരിൽ മൺ നിറത്തിൽ ബോട്ടുകളും ചെറിയ പുഴയും പങ്കായവും ഒക്കെ കാണാനാകും. വീടിനെ അലങ്കരിക്കുന്ന ഒരു ആർട്ട് വർക്കെന്നതിലുപരി വീടിരിക്കുന്ന സ്ഥലത്തിന്റെ ചരിത്രം കൂടിയാണിത്. പണ്ട് ഇവിടെ ചെറിയ കനാലുണ്ടായിരുന്നു. അതിലൂടെ ധാരാളം തോണികൾ പോയിരുന്നു. നോർത്ത് പറവൂരിന്റെ ഭൂപ്രകൃതി കൂടി ഈ ചുവരുകളിൽ കാണാം. തോടും തോണിയും കായലും എല്ലാം.
പുനരുപയോഗിച്ച മരങ്ങൾ
അടിമുടി ഇതൊരു പ്രകൃതി സൗഹൃദ വീടാണെന്ന് പറയാം. അപ്പോൾ മരങ്ങൾ ഉപയോഗിച്ചിട്ടില്ലേ എന്നാകും ചോദ്യം. ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, പഴയ മരങ്ങളാണെന്ന് മാത്രം. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച മരത്തിന്റെ ജനാലകളും തൂണുകളുമാണ് ആനന്ദത്തിൽ ഉപയോഗിച്ചിട്ടുള്ളത്. പഴയ വീടുകളിൽ കാണാറുണ്ടായിരുന്ന മഞ്ചാടി ജനലും ആനന്ദത്തിൽ കാണാം. ട്രെഡീഷ്ണൽ ക്യാരക്ടറുള്ള ഒരു മോഡേൺ വീടാണ് ആനന്ദം.
വീടിരിക്കുന്ന സ്ഥലത്തോട് ഏറ്റവും ഇഴുകിച്ചേരുന്ന രീതിയിലാണ് ഗാർഡനിങ് പവിഴമല്ലി ഉൾപ്പെടെയുള്ള നാടൻ ചെടികളാണ് ഗാർഡനിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. മുറ്റത്ത് പച്ചവിരിക്കുന്നതാകട്ടെ നല്ല നാടൻ പുല്ലും വീട് എന്നും ഓർക്കാൻ ഇഷ്ടപ്പെട്ട ഒന്നായി മാറുന്നത് അവിടെ കഥകൾ ഉണ്ടാകുമ്പോഴാണെന്ന് ആർക്കിടെക്റ്റ് ആര്യ പറയുന്നു. അതുകൊണ്ടുതന്നെ അരുണിന്റെയും ഗായത്രിയുടെയും മകൾക്ക് ഓടിനടക്കാൻ നീളൻ ഇടനാഴികളും ചാടിക്കയറാൻ സ്റ്റെപ്പുകളും കാൽ നനയ്ക്കാൻ ചെറിയ കുളവും വീട്ടിലൊരുക്കിയത്. നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ഈ വീടും തറയിലെ കൽത്തണുപ്പുമാകും നാളെ അവളുടെ ഓർമകളെ മനോഹരമാക്കുന്നത്.
സിമന്റിൽ പൊതിയാത്ത ചുവരുകളും മുറിച്ചുമാറ്റാത്ത മരങ്ങളും വീടിന്റെ ഭാഗമായതോടെ ഇവിടെ ജീവിക്കുന്നവർക്ക് മണ്ണിനെയും പ്രകൃതിയെയും തൊട്ടനുഭവിക്കാം. മനുഷ്യശരീരം ഭൂമിയെ തൊട്ട് അനുഭവിക്കുമ്പോൾ അത് സമാധാനവും സന്തോഷവും ആരോഗ്യവുമുള്ള ജീവിതത്തിന് കാരണമാകുന്നുവെന്നാണ് ജോയലും ആര്യയും പറയുന്നത്. ആ അനുഭൂതിയാണ് ആനന്ദം സമ്മാനിക്കുന്നത്.
Content Highlights: Built around existing trees and a natural pond without harming local wildlife., Features sustainable materials including mud plastering, natural stones, and recycled wood., Designed by architects Joel and Arya in North Paravur, spanning 1800 square feet., Unique cultural art work on walls depicting the local history of North Paravur.