ചൂടില്ല, ചെലവില്ല, മാലിന്യമില്ല; പ്രകൃതിയിൽ ലയിക്കുന്ന കോബ് വീടുകൾ

പ്രാചീന കാലം മുതൽ മൺവീടുകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. കാലം പുരോഗമിച്ച് സാങ്കേതിക വിദ്യ വളർന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മനുഷ്യജീവിതം മാറിയെങ്കിലും ഇന്നും മൺചുവരുകളെ ഇഷ്ടപ്പെടുന്നവരുണ്ട്. ഏറ്റവും പ്രകൃതിദത്തമായ മാർഗങ്ങളിൽ ഒന്നാണ് മൺവീടുകൾ. ട്രോപ്പിക്കൽ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ജീവിക്കാൻ ചൂടിനെ പ്രതിരോധിച്ച് രാത്രിയിലെ ഇളം തണുപ്പിനെ വീടിനുള്ളിലേക്ക് എത്തിക്കാനും ഇത്തരം മൺവീടുകൾക്കാകും. കോൺക്രീറ്റ് വീടുകളെ പോലെ ഭൂമിക്ക് ഒരിക്കലും ഭാരമാകില്ല. ആയുസ് ഒടുങ്ങുന്നതോടെ മണ്ണിലേക്ക് തന്നെ മടങ്ങാനും മൺവീടുകൾക്കാകും. ചിലവും കോബ് വീടുകൾക്ക് വളരെ കുറവായിരിക്കും. മാലിന്യങ്ങൾ സൃഷ്ടിക്കാതെ തന്നെ കോബ് വീടുകൾ നിർമ്മിക്കാം.
പല രീതിയിൽ മൺവീടുകൾ നിർമ്മിക്കാം. അതിലൊന്നാണ് കോബ് വീടുകൾ. കളിമണ്ണാണ് ഈ രീതിയിലെ പ്രധാന മെറ്റീരിയൽ. വൈക്കോലും കളിമണ്ണും മണലും വെള്ളവും പ്രത്യേക അനുപാതത്തിൽ യോജിപ്പിച്ചാണ് കോബ് മിശ്രിതം ഉണ്ടാക്കുന്നത്.
ഈ നിർമ്മാണ രീതിയിൽ ഭിത്തികൾ നിർമ്മിക്കാൻ അച്ചുകളോ പ്രത്യേക ഫ്രെയിമുകളോ ആവശ്യമില്ല. കൈ ഉപയോഗിച്ച് വലിയ ഉരുളകളാക്കിയെടുത്താണ് ഭിത്തി നിർമ്മാണം.
കോബ് തയ്യാറാക്കാൻ പരുക്കൻ, കട്ടിയുള്ള മണൽ ആണ് അനുയോജ്യം. ഇത്തരം മണൽ കളിമണ്ണുമായി ചേരുമ്പോൾ കൂടുതൽ ഉറപ്പ് ലഭിക്കുന്നു. കളിമണ്ണിന്റെ സ്വഭാവം പ്രദേശത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നല്ല കളിമണ്ണിൽ നല്ല പശപശപ്പ് ഉണ്ടായിരിക്കും ഇത് ഉറപ്പുവരുത്തണം.
കോാബിൽ വൈക്കോലിന്റെ അളവ് കൂടിപ്പോകാൻ പാടില്ല. കൃത്യമായ അളവില്ലെങ്കിൽ ഒരുപാട് വൈക്കോലായാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. പൂർണമായും ഉണങ്ങിയ വൈക്കോൽ ഉപയോഗിക്കണം. പൂപ്പൽ പിടിച്ചതോ ചീഞ്ഞതോ നശിച്ചുപോയതോ ആയ വൈക്കോൽ ഉപയോഗിക്കരുത്.
ഗോതമ്പ്, അരി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളുടെ വൈക്കോൽ ഉപയോഗിക്കാം. കളിമണ്ണ് തലേ ദിവസം വെള്ളത്തിൽ കുതിർത്തുവയ്ക്കുന്നത് നന്നായിരിക്കും. പിന്നീട് ചവിട്ടിക്കുഴച്ച് വീടുനിർമ്മിക്കാം.
ചിതൽ വരില്ലേ..?
കോൺക്രീറ്റുവീടുകളിൽ പോലും ഇപ്പോൾ ചിതൽ പതിവാണ് അപ്പോൾ പിന്നെ മൺവീടിന്റെ കാര്യം പറയാനുണ്ടോ എന്നായിരിക്കും പലരുടെയും സംശയം. എന്നാൽ കോബ് വീടുകളിൽ ചിതൽ വരില്ല കാരണം. കളിമണ്ണിനെ ചിതലിന് ഇഷ്ടമല്ല. ചിതലുകൾക്ക് കളിമണ്ണിൽ ജീവിക്കാനാകില്ല എന്നതുകൊണ്ടുതന്നെ കോബ് വീടുകൾ സേഫ് ആണ്.
Content Highlights: Cob houses are built using a natural mixture of clay, sand, water, and straw without needing molds or frames., They offer natural climate control, keeping interiors cool in tropical weather., Extremely cost-effective, zero-waste construction that naturally deters termites., Environmentally sustainable as they eventually return to the earth without leaving heavy carbon footprints.