കോവിഡിന്റെ പൊള്ളുന്ന ഓർമകൾ, 32 അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കി രാജേഷിന്റെ 'മെയ്ഡ് ഇൻ'

കൊച്ചി: “വാക്കുകൾക്ക് അദൃശ്യമായൊരു ആത്മാവുണ്ട്, അതിനെയാണ് നാം മൗനമെന്ന് വിളിക്കുന്നത്. ചില മൗനങ്ങളുണ്ട്, ആയിരം വാക്കുകളേക്കാൾ ആഴമുള്ളവ...” മൗനത്തെക്കുറിച്ച് എഴുതിയ മനോഹരമായ വരികൾക്കപ്പുറത്താണ് ആ ടൈറ്റിൽ തെളിഞ്ഞത്...’മെയ്ഡ് ഇൻ’. കോവിഡിന്റെ പൊള്ളുന്ന ഓർമ്മകളുമായി 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു നിശ്ശബ്ദ ഹ്രസ്വചിത്രം. ദാദാ സാഹേബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ വൈഡ് സ്‌ക്രീൻ ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യു.എസ്.എ. ഇൻഡിഫെസ്റ്റ് എന്നിവയടക്കം 32 അന്താരാഷ്ട്ര പുരസ്കാരങ്ങളിൽ ‘മെയ്ഡ് ഇൻ’ തിളങ്ങുമ്പോൾ സംവിധായകൻ രാജേഷ് പുത്തൻപുരയിൽ എന്ന കൊച്ചിക്കാരൻ പറയുന്നത് ഒന്നുമാത്രം...”മൗനഭാഷയിലെ ഈ ചിത്രം തരുന്ന അനുഭവങ്ങളുടെ ‘വർത്തമാനങ്ങൾ’ പറഞ്ഞാൽ തീരില്ല.”
ബിസിനസ് ടു ഷോർട്ട് ഫിലിം
തിരക്കുപിടിച്ച ബിസിനസ് ലോകത്തുനിന്ന് കലയുടെ സർഗാത്മക അനുഭവങ്ങളിലേക്ക് കൂടുമാറിയ മനുഷ്യനാണ് രാജേഷ്. തന്നെ താനാക്കിമാറ്റുന്ന നിയോഗം എന്നാണ് രാജേഷ് അതിനെ വിശേഷിപ്പിക്കുന്നത്. “സിനിമ എന്ന മോഹം എന്നും എന്റെ മനസ്സിലുണ്ടായിരുന്നു. പഠനശേഷം ബിസിനസ്സിലേക്ക് എത്തിയപ്പോഴും ആ മോഹം ഉള്ളിൽ കെടാതെ കിടന്നിരുന്നു. അടൂർ ഗോപാലകൃഷ്ണനും സിബി മലയിലും കമലും ഉൾപ്പെടെയുള്ള മലയാളത്തിലെ അതുല്യ സംവിധായകരെ പങ്കെടുപ്പിച്ച് ഞാൻ കൊച്ചിയിൽ എൽ.കെ. ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന് പിന്നിലും മറ്റൊരു കാരണമുണ്ടായിരുന്നില്ല. ഫിലിം ഫെസ്റ്റിവൽ ശ്രദ്ധ പിടിച്ചുപറ്റിയതോടെ എനിക്ക് ആത്മവിശ്വാസമേറി. കേരളത്തിന് പുറത്തുനിന്ന് കർണാടകയിലെയും മണിപ്പൂരിലെയും സിങ്കപ്പൂരിലെയുമൊക്കെ സംവിധായകരെ ജൂറിയിൽ കൊണ്ടുവന്നായിരുന്നു വിധിനിർണയം. ആദ്യ എഡിഷനിൽ 440 എൻട്രികൾ വന്നപ്പോൾ രണ്ടാം എഡിഷനിൽ അത് 1200 കടന്നു. കേരളത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകൾക്ക് ഇത്രമേൽ വലിയ സാധ്യതകളുണ്ടോയെന്ന് അദ്ഭുതപ്പെടുത്തുന്നതായിരുന്നു ഈ എൻട്രികളെല്ലാം. ഇതിൽ നിന്നെല്ലാം കിട്ടിയ ആത്മവിശ്വാസത്തിലാണ് ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.” രാജേഷ് പറഞ്ഞു.
കോവിഡിലെ ബയോ വാർ
കോവിഡിന്റെ പൊള്ളുന്ന ഓർമ്മകളിലാണ് രാജേഷ് മെയ്ഡ് ഇൻ എന്ന പേരിൽ ഷോർട്ട് ഫിലിം ഒരുക്കിയത്. “നമ്മളെല്ലാം എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിൽ മായാതെ പൊള്ളിക്കിടക്കുന്ന ഒരു കാലമാണ് കോവിഡ്. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻപോലും കഴിയാതെ ജനങ്ങൾ വീടുകൾക്കുള്ളിൽ ശ്വാസംമുട്ടിപ്പോയ ഒരു കാലം. സത്യത്തിൽ കോവിഡ് ലോകത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു ബയോ വാർ ആയിരുന്നു. ഇതിനു പിന്നിലെ രാഷ്ട്രീയമാണ് ഞാൻ ഷോർട്ട് ഫിലിമിലൂടെ പറയാൻ ശ്രമിച്ചത്. ബയോ വാറിന് മുന്നിൽ നിശ്ശബ്ദമായി പോരാടേണ്ടിവന്ന ഒരു സാധാരണ മനുഷ്യന്റെ കഥയാണ് ഞാൻ പറഞ്ഞത്. വാക്കുകളേക്കാൾ ഉറക്കെ സംസാരിക്കുന്നത് ദൃശ്യങ്ങളും അതിനുപിന്നിലെ ശൂന്യതയുമാണെന്ന തിരിച്ചറിവിൽ തന്നെയാണ് നിശ്ശബ്ദ ഭാഷയിൽ ഈ ചിത്രമൊരുക്കിയത്.” രാജേഷ് പറഞ്ഞു.
മെയ്ഡ് ഇൻ-കൊച്ചി
അമേരിക്കയും ബ്രിട്ടനും ജർമനിയും സ്‌പെയിനും യു.എ.ഇ.യുമടക്കം ഒട്ടേറെ രാജ്യങ്ങളിലെ ചലിച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 32 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘മെയ്ഡ് ഇൻ’ ഷോർട്ട് ഫിലിം ‘മെയ്ഡ്’ ആയത് ഫോർട്ട്കൊച്ചിയിലാണ്. “മെയ്ഡ് ഇൻ ഫിലിമിന്റെ ലൊക്കേഷനായി ഫോർട്ട്കൊച്ചി തിരഞ്ഞെടുത്തത് അതിന്റെ സാധ്യതകളും ആഴങ്ങളും അറിഞ്ഞുതന്നെയാണ്. ഇന്തോ-ചൈനീസ് യുദ്ധത്തിൽ പങ്കെടുത്ത് അതിന്റെ ആഘാതങ്ങളിൽനിന്ന് വിമുക്തനാകാതെ ഫോർട്ട്കൊച്ചിയിൽ ഏകാന്തജീവിതം നയിക്കുന്ന ഒരു വിമുക്തഭടന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഇയാളുടെ വീടിന്റെ ജനാലയ്ക്ക് അപ്പുറത്ത് കോവിഡിൽ ജീവനുകൾ പൊലിയുമ്പോൾ കേൾക്കുന്ന പള്ളിമണിനാദത്തിന് കാതോർത്തിരിക്കുന്ന ഒരു ശവപ്പെട്ടി വ്യാപാരിയുണ്ട്. ജനാലയിലൂടെ നോക്കുമ്പോൾ വൃദ്ധനായ വിമുക്തഭടൻ കാണുന്നത് കടയിൽ ശവപ്പെട്ടികൾ അടുക്കിവെയ്ക്കുന്ന വ്യാപാരിയെയും കടയുടെ മറുവശത്തുള്ള ശ്മശാനത്തെയുമാണ്. ഉള്ളുപൊള്ളുന്ന ഈ രംഗം തന്നെയാണ് ‘മെയ്ഡ് ഇൻ’ എന്ന ഷോർട്ട് ഫിലിമിന്റെ ആകെത്തുക എന്നുതന്നെ പറയാം. സംഭാഷണങ്ങളില്ലാതെ, ദൃശ്യങ്ങളിലൂടെയും പശ്ചാത്തല ശബ്ദങ്ങളിലൂടെയും ഈ ഫിലിം കാണികളുടെ മനസ്സിലേക്ക് തുളഞ്ഞ് കയറിക്കൊണ്ടിരിക്കും..” രാജേഷ് പറഞ്ഞു.
Content Highlights: Directed by Kochi-based businessman turned filmmaker Rajesh Puthenpurayil, the 12-minute silent short film Made In, set in Fort Kochi against the backdrop of the COVID-19 pandemic, has won 32 prestigious international film festival awards.