കാത്തിരിപ്പിന് വിരാമം, ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം' ഒ.ടി.ടിയിലേക്ക്; നവംബർ ആറുമുതൽ സ്ട്രീമിങ്

#മൂവീസ് ഡെസ്‌ക്
'ഐ ആം ​ഗെയിം' പോസ്റ്റർ | Photo: Facebook/ Wayfarer Films, JioHotstar Malayalam
'ഐ ആം ​ഗെയിം' പോസ്റ്റർ | Photo: Facebook/ Wayfarer Films, JioHotstar Malayalam

സെപ്റ്റംബറിൽ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഒ.ടി.ടിയിലേക്ക്. ചിത്രം നവംബർ ആറുമുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാവും.

ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഫാന്റസി- ആക്ഷൻ ത്രില്ലറാണ്. സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്ന് രചിച്ച തിരക്കഥയ്ക്ക് ആദർശ് സുകുമാരൻ, ഷാബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്നാണ് സംഭാഷണമെഴുതിയത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിച്ച ചിത്രം സെപ്റ്റംബർ മൂന്നിനാണ് തിയേറ്ററിലെത്തിയത്. ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രം നീട്ടിവെക്കുകയായിരുന്നു.

ദുൽഖറിന് പുറമെ ആന്റണി വർഗീസും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. മിഷ്‌കിൻ, കതിർ, വിനയ് ഫോർട്ട് എന്നിവരും അഭിനയിച്ച ചിത്രത്തിൽ കയാദു ലോഹറും സംയുക്ത വിശ്വനാഥുമാണ് നായികമാർ.

ALSO READ | മൂന്നുവർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ദുൽഖറിന്റെ സ്റ്റൈലിഷ് മടങ്ങിവരവ്

ബിസിനസുകാരനായ ഡാൻ ജോൺ എന്ന വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തിയത്. ചൂതാട്ടത്തിന് അടിമപ്പെട്ട ഡാൻ ജോണിന് റോഡ് ആക്‌സിഡന്റിൽ വലതുകൈ നഷ്ടമാവുന്നു. കൈ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ഡാനിന്റെ ജീവിതത്തിൽ സംഭവിക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ALSO READ | ദുൽഖറിന്റെ സ്റ്റൈലിഷ് സ്വാഗ്, ജേക്സിന്റെ കത്തിക്കൽ; നഹാസ് ഒരുക്കിയ പീക് അഡ്രിനാലിൻ റഷ്

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചമൻ ചാക്കോ എഡിറ്റിങ്ങും ജേക്‌സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

Content Highlights: Dulquer Salmaan's movie 'I Am Game' will start streaming on JioHotstar from November 6, 2026. The film will be available in Malayalam, Hindi, Tamil, Telugu, and Kannada languages. Directed by Nahas Hidhayath, the fantasy-action thriller was produced under the banner of Wayfarer Films. The star cast includes Antony Varghese, Mysskin, Kathir, Vinay Forrt, Kayadu Lohar, and Samyuktha Viswanathan. Dulquer plays Dan John, a businessman whose life changes after a hand transplant following a road accident.