ഒരു വീടിനുള്ളിൽ ഒതുങ്ങുന്ന ഏഴ് പതിറ്റാണ്ടിന്റെ ജർമൻ ചരിത്രം; 'Visitation' Review

വിസിറ്റേഷൻ എന്ന ചിത്രത്തിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
വിസിറ്റേഷൻ എന്ന ചിത്രത്തിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

പ്രശസ്ത ജർമൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി പാം ഡി ഓർ ജേതാവായ മുതിർന്ന സംവിധായകൻ ഫോൾക്കർ ഷ്ലോണ്ടോർഫ് ഒരുക്കിയ ജർമ്മൻ ചിത്രമാണ് ‘വിസിറ്റേഷൻ’. 2026-ലെ കാൻ ചലച്ചിത്രമേളയിലെ ‘കാൻ പ്രീമിയർ’ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ബെർലിനടുത്തുള്ള ബ്രാൻഡൻബർഗിലെ ശാന്തമായ ഒരു തടാകക്കരയിലുള്ള വീടും ഏഴ് പതിറ്റാണ്ടുകളായി അവിടേക്ക് വന്നുപോകുന്ന മനുഷ്യരുടെ ജീവിതവുമാണ് സിനിമയുടെ ഹൃദയം.

വെയ്മർ റിപ്പബ്ലിക് കാലഘട്ടം മുതൽ നാസി ഭരണം, രണ്ടാം ലോകമഹായുദ്ധം, സോവിയറ്റ് അധിനിവേശം, ജർമ്മൻ ഏകീകരണം വരെയുള്ള എഴുപത് വർഷത്തെ ജർമ്മൻ ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ വീട്. ആ സ്ഥലവും അതിലെ വീടും നിശ്ചലമായി നിൽക്കുമ്പോൾ കാലത്തിനും രാഷ്ട്രീയ മാറ്റങ്ങൾക്കും അനുസരിച്ച് അവിടുത്തെ താമസക്കാർ മാത്രം മാറിക്കൊണ്ടിരിക്കുന്നു.

ഒരു വാസ്തുശില്പിയും (ലാർസ് എയ്ഡിംഗർ) ഭാര്യയും (സൂസൻ വോൾഫ്), അയൽക്കാരായ ജൂത കുടുംബവും, സോവിയറ്റ് പ്രവാസത്തിന് ശേഷം തിരിച്ചെത്തുന്ന എഴുത്തുകാരിയും (മാർട്ടിന ഗെഡെക്ക്) ഭർത്താവും (മൈക്കൽ മെയർട്ടൻസ്) പിന്നീട് അവിടെ വരുന്ന അവരുടെ കൊച്ചുമകളും എന്നിങ്ങനെ പന്ത്രണ്ടോളം മനുഷ്യരുടെ സ്വപ്നങ്ങളും നഷ്ടങ്ങളും ഈ വീടിന്റെ ചുവരുകൾക്കുള്ളിൽ സംവിധായകൻ അടയാളപ്പെടുകയാണ്. തങ്ങൾ സ്വന്തമാക്കിയെന്ന് മനുഷ്യർ കരുതുന്ന ഒരിടം കാലം പോകുന്തോറും എത്രത്തോളം ക്ഷണികമാണെന്ന് ചിത്രം പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നു.

ജർമൻ സിനിമയിലെ പ്രമുഖ താരനിരയാണ് ‘വിസിറ്റേഷനിൽ’ അണിനിരന്നത്. ലാർസ് എയ്ഡിംഗർ, മാർട്ടിന ഗെഡെക്ക്, ഉൾറിച്ച് മാത്തസ്, സൂസൻ വോൾഫ്, ആഞ്ചല വിങ്ക്ലർ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളുടെ നിസ്സഹായതയും അതിജീവനവും അങ്ങേയറ്റം സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. കാലഘട്ടങ്ങൾ മാറുമ്പോഴും യാതൊരു മാറ്റവുമില്ലാതെ ആ ഭൂമിയിൽ തുടരുന്ന തോട്ടക്കാരനായി വിഗാൻഡ് വിറ്റിംഗ് എന്ന നടൻ ശ്രദ്ധേയമായ സാന്നിധ്യമായി.

ആക്സൽ ഷ്നെപ്പാറ്റിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. തടാകക്കരയിലെ പ്രകൃതിഭംഗിയും വീടിനുള്ളിലെ മാറുന്ന അന്തരീക്ഷവും കാവ്യാത്മകമായി ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ നാസി ഭരണകാലത്ത് ഉപേക്ഷിച്ചുപോയ വേനൽക്കാല വസതിയാണ് സിനിമയിൽ വീടായി ചിത്രീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.‌

‘ദി ടിൻ ഡ്രം’ പോലുള്ള ക്ലാസിക്കുകൾ സമ്മാനിച്ച ഫോൾക്കർ ഷ്ലോണ്ടോർഫിന്റെ പക്വതയാർന്ന മേക്കിങ്ങാണ് ‘വിസിറ്റേഷന്റെ’ കരുത്ത്. ഒരു വീടിനെ കേന്ദ്രീകരിച്ച് ഒരു രാജ്യത്തിന്റെ മുഴുവൻ ചരിത്രവും പറയുന്ന രീതി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. അധികാരവും ചരിത്രവും സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്ന മികച്ചൊരു ചലച്ചിത്രാനുഭവമാണ് ‘വിസിറ്റേഷൻ’.

Content Highlights: Adapted from Jenny Erpenbeck's acclaimed novel and directed by Palme d'Or winner Volker Schlöndorff, the 2026 Cannes Premiere selection Visitation—starring Lars Eidinger and Martina Gedeck—chronicles 70 years of tumultuous German history through the changing residents of a Brandenburg lakeside house, famously filmed at Albert Einstein's former summer residence.