സിനിമയെന്ന മോഹത്തിലേയ്ക്കുള്ളൊരു സൗഹൃദയാത്ര, ഒരു വിനീത് ചിത്രം | വർഷങ്ങൾക്ക് ശേഷം | Review

#അജ്മൽ എൻ. എസ്
Varshangalkku Shesham Poster
Varshangalkku Shesham Poster

സൗഹൃദവും സ്നേഹവും സിനിമയും ഇഴച്ചേർന്നൊരു വിനീത് ശ്രീനിവാസൻ മാജിക്, ഒറ്റവാചകത്തിൽ ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രതീക്ഷയുടെയും ഒറ്റപ്പെടലിന്റെയും സഹനത്തിന്റെയും കഥകൂടി പറഞ്ഞുവെക്കുന്നുണ്ട്. കല്യാണി പ്രിയദർശനും നീത പിള്ളയുമാണ് നായികമാർ. 

സിനിമ സ്വപ്നം കണ്ട് കോടമ്പാക്കത്തേക്ക് ട്രെയിൻ കയറിയ മുരളി, വേണു എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതയാത്രയാണ് ചിത്രം. ഇരുവരുടെയും പല കാലഘട്ടത്തിലുള്ള ജീവിതം നർമത്തിന്റെയും സംഗീതത്തിന്റെയും മേമ്പൊടിയോടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. മുരളിയായി പ്രണവും വേണുവായി ധ്യാനും വേഷമിട്ടിരിക്കുന്നു.

നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിച്ച മുരളിക്കും വേണുവിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സിനിമ സ്വപ്നം കണ്ട് ജീവിതം തള്ളിനീക്കിയ ഒരുപാട് പേർക്കിടയിൽ അവരും എത്തിച്ചേർന്നു, കഷ്ടതകൾ സഹിച്ചു, ലക്ഷത്തിലേയ്ക്കായി പ്രയത്നിച്ചു. തുടർന്ന് ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്. 

നർമത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങൾക്കും വിനീത് ശ്രീനിവാസൻ ഇടം നൽകിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിൽ പ്രണയവും നിർണായകമായ കഥാപാത്രമാകുന്നുണ്ട്. അമൃത് രാംനാഥിന്റെ സംഗീതമാണ് ചിത്രത്തിന്റെ ആത്മാവ്. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ചിത്രത്തിലേയ്ക്ക് കൂടുതൽ ചേർത്ത് നിർത്തുന്നുണ്ട്. വ്യത്യസ്ത കാലഘത്തിലെ കഥപറച്ചിലിനോട് നീതിപുലർത്തുന്ന പ്രകടനങ്ങൾ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. 

നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ഇവർക്ക് പുറമെ ചില സർപ്രൈസുകളും സംവിധായകൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 

ധ്യാനിനും പ്രണവിനും പുറമെ നിവിൻ പോളി, അജുവർഗീസ്, ബേസിൽ എന്നിവരുടെ കഥാപാത്രങ്ങളും കൈയടി നേടുന്നുണ്ട്. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലെത്തുന്ന നിവിൻ പോളി ചിത്രത്തിന്റെ മൂഡ് തന്നെ മാറ്റിമറിക്കുന്നുണ്ട്. നിധിൻ മോളി എന്ന കഥാപാത്രമായെത്തുന്ന നിവിൻ പോളിയെന്ന എന്റെർടെയിനറെ വിനീത് ശ്രീനിവാസൻ ആടിത്തകർക്കാൻ അഴിച്ചുവിടുകയായിരുന്നുവെന്ന് പറയാം. താരം സ്‌ക്രീനിൽ എത്തുമ്പോഴെല്ലാം പ്രേക്ഷകർക്ക് ആഘോഷമാക്കാനുള്ളതെല്ലാം സംവിധായകൻ ഒരുക്കിവെച്ചിരുന്നു. 

വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രണവ് മോഹൻലാൽ നായകനായ ‘ഹൃദയം’ നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പിടിച്ചിരുത്തുന്ന വിനീത് ശ്രീനിവാസൻ വിജയഫോർമുല ഒരിക്കൽക്കൂടി ‘വർഷങ്ങൾക്ക് ശേഷ’ത്തിലൂടെ കൈയടി നേടുന്നുണ്ട്. തിയേറ്ററിൽ നിന്നും കണ്ട് ആസ്വദിക്കാനാകുന്ന ഒരു ഫൺ ഫാമിലി എന്റർടെയിനർ തന്നെയാണ് ചിത്രം.

Content Highlights: vineeth sreenivasan movie varshangalkku shesham review