Rajasaab Movie Review | പ്രഭാസിന്റെ വൺമാൻ ഷോ,ഞെട്ടിച്ച് സഞ്ജയ് ദത്ത്;ആരാധകരെ കയ്യിലെടുത്ത് രാജാസാബ്

ഇന്ത്യൻ ബോക്സ് ഓഫീസിനെ മാറ്റിമറിച്ച ‘ബാഹുബലി’യുടെ റിലീസോടെയാണ് പ്രഭാസ് മലയാളികൾക്കും പ്രിയപ്പെട്ട ‘റെബൽ സ്റ്റാർ’ ആകുന്നത്. അതിനും ഏറെ മുമ്പ് തന്നെ പ്രഭാസ് ഒരു താരമായിരുന്നെങ്കിലും, ഒരു തെലുങ്ക് നടനിൽനിന്ന് പാൻ ഇന്ത്യൻ മുഖമായി അദ്ദേഹം മാറുന്നത് ഈ ചിത്രത്തിനുശേഷമാണ്. തുടർന്ന് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ആദ്യദിനം തന്നെ വൻ കളക്ഷൻ സ്വന്തമാക്കി. ‘സലാറും’ ‘കൽക്കി’യും ഈ ജനപ്രീതി ഇരട്ടിയാക്കി. ഇപ്പോൾ, ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ജോണറുമായി വീണ്ടും എത്തുകയാണ് പ്രഭാസ്. മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം ‘രാജാസാബ്’ പ്രഖ്യാപിച്ചതുമുതൽ പ്രേക്ഷകർ വലിയ പ്രതീക്ഷയിലായിരുന്നു.
സമ്പന്നകുടുംബത്തിൽ ജനിച്ച് എല്ലാം നഷ്ടപ്പെട്ട രാജാസാബ്, തന്റെ കുടുംബത്തിന് ലഭിക്കേണ്ട സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നർമരംഗങ്ങളിലും പ്രണയനായകനായും പ്രഭാസ് തിളങ്ങുന്നു. തന്റെ സേഫ് സോണിൽ ആരാധകരെ കയ്യിലെടുക്കാൻ സഹായിക്കുന്ന ഘടകങ്ങളെല്ലാം ഈ ചിത്രത്തിലുമുണ്ട്. സെക്കൻഡ് ഹാഫിലേക്കെത്തുമ്പോൾ കഥാപാത്രം മറ്റൊരു ട്രാക്കിലേക്കു കടക്കുന്ന അവസരത്തിലും തന്റെ ഭാഗം കൃത്യമായി അവതരിപ്പിക്കുന്നുണ്ട് പ്രഭാസ്. ആക്ഷൻ രംഗങ്ങളിലെ സ്ക്രീൻ പ്രെസൻസും എടുത്തുപറയേണ്ടതാണ്. താരത്തിന്റെ ആരാധകർക്ക് ആവശ്യമുള്ള എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്ന ചിത്രമായാണ് രാജാസാബ് എത്തുന്നത്.
അൽഷിമേഴ്സ് രോഗബാധിതയായ തന്റെ മുത്തശ്ശിയോടൊപ്പം ലളിതമായ ജീവിതം നയിക്കുകയായിരുന്നു രാജാസാബ്. എന്നാൽ, അവന്റെ ജീവിതം പതുക്കെ മറ്റൊരു ലക്ഷ്യത്തിലേക്ക് വഴിമാറുന്നു. ചെറുപ്പത്തിൽ തനിക്ക് വാക്ക് നൽകി അകന്നുപോയ ഭർത്താവിനെ ഇപ്പോഴും കാത്തിരിക്കുന്നതാണ് രാജാ സാബിന്റെ മുത്തശ്ശി. ഈ മുത്തശ്ശനെത്തേടിയുള്ള യാത്രയും പിന്നീട് നടക്കുന്ന ട്വിസ്റ്റും ടേണും ചേർന്നതാണ് ചിത്രത്തിന്റെ പ്രമേയം.
നർമ്മത്തിനും ഗാനങ്ങൾക്കും പ്രാധാന്യം നൽകി കുടുംബപ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ്. ആദ്യപകുതിയുടെ അവസാനത്തോടെ സംഭവിക്കുന്ന ജോണർ ഷിഫ്റ്റ് ചിത്രത്തെ കൂടുതൽ ത്രില്ലിങ്ങാക്കുന്നുണ്ട്.
രാജാസാബിന്റെ മുത്തശ്ശിയായി എത്തുന്ന സെറീന വഹാബ് കഥാപാത്രത്തെ മികച്ചതാക്കി. അത്ര പ്രാധാന്യമില്ലാത്ത വേഷങ്ങളാണെങ്കിലും മാളവിക മോഹനും നിധി അഗർവാളും തങ്ങളുടെ ഭാഗം മികവുറ്റതാക്കി. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെങ്കിലും, പതിവുപോലെ സമുദ്രക്കനിയുടെ റോൾ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ സർപ്രൈസ് എലമെന്റ്. സ്ക്രീനിലെത്തുന്ന നിമിഷങ്ങളിൽ പ്രേക്ഷകർക്കിടയിൽ ഒരു ഭയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
രണ്ടാം പകുതിയിലാണ് ചിത്രം വേഗം കൈവരിക്കുന്നത്. നർമമുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. എന്നാൽ, ബോമൻ ഇറാനിയുടെ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെ ചിത്രം പൂർണമായും ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു. ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അവസാന 40 മിനിറ്റ് അക്ഷരാർഥത്തിൽ ‘സീറ്റ് എഡ്ജ്’ ത്രില്ലറായി മാറുന്നു. അതിശയകരമായ ദൃശ്യങ്ങളോടൊപ്പം ഇമോഷണൽ ഘടകങ്ങളും ചേർത്തു അവതരിപ്പിക്കുന്ന ഈ കഥ കുടുംബപ്രേക്ഷകരെ ആകർഷിക്കുമെന്നത് തീർച്ചയാണ്.
സാങ്കേതിക മികവിനെക്കുറിച്ച് പരാമർശിക്കാതെ പൂർത്തിയാക്കാനാവില്ല. ചിത്രത്തിന് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കുന്നതിൽ കാർത്തിക് പളനിയുടെ ക്യാമറ നിർണായക പങ്കുവഹിക്കുന്നു. ആർട്ട് വിഭാഗവും സിജിയും നിലവാരമുള്ളതാണ്. തമൻ ഒരുക്കിയ ഗാനങ്ങളും ആസ്വാദ്യകരമായിരുന്നു. പശ്ചാത്തസംഗീതവും ചിത്രത്തിനോടൊപ്പം ചേർന്നുനിൽക്കുന്നു.
ഹൊറർ ആക്ഷൻ രംഗങ്ങളെ എലവേറ്റ് ചെയ്യുന്നതിൽ ബിജിഎമ്മിന് വലിയ പങ്കുണ്ട്. പ്രഭാസിന്റെയും സഞ്ജയ് ദത്തിന്റെയും സ്വാഗ് പ്രേക്ഷകരിലേക്കെത്തിക്കുന്നതിലും പശ്ചാത്തല സംഗീതം നിർണായകമാണ്. പതിവുപോലെ സംഘട്ടന രംഗങ്ങൾ മികച്ച രീതിയിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ലാഗ് ഇല്ലാതെ കാണാനാകുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ എഡിറ്റിങ്ങും കയ്യടി അർഹിക്കുന്നു.
നീണ്ടുനിൽക്കുന്ന ക്ലൈമാക്സ് രംഗങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്. ഈ രംഗങ്ങളാണ് ദ രാജാസാബിന്റെ പ്രധാന ഹൈലൈറ്റ്. നർമവും ഗാനവുമെല്ലാം കോർത്തിണക്കി കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനാകുന്ന തരത്തിൽ ഒരു മാസ് ആക്ഷൻ ചിത്രം ഒരുക്കാൻ സാധിച്ചുവെന്നത് സംവിധായകന്റെ വിജയമാണ്.
Content Highlights: The Raja Saab is a blend of romance, drama, and mass entertainment presented with a stylish narrative.