ഷെഫീക്കിനൊപ്പം സന്തോഷം പങ്കിടാം, നിറഞ്ഞു ചിരിക്കാം | Shefeekkinte Santhosham Review

മനസ്സു തുറന്ന് ചിരിക്കാന്‍, പിരിമുറുക്കങ്ങള്‍ തെല്ലു നേരത്തേക്കെങ്കിലും മറന്നു കളയാന്‍, പലപ്പോഴും നമ്മള്‍ സിനിമകളെ കൂട്ടു പിടിക്കുന്നത് ഇതിനൊക്കെയാകും. ഉദ്വേഗത്തിന്റേയോ സംഭ്രമത്തിന്റെയോ ഒന്നും അങ്കലാപ്പില്ലാതെ നിറഞ്ഞാസ്വദിക്കാന്‍ പറ്റിയ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍. അതാണ് അനൂപ് പന്തളത്തിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനെ നായകനായി പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം.
മറ്റുള്ളവരുടെ സന്തോഷത്തെ സ്വന്തം സന്തോഷമായി കാണുന്ന, തന്റെ ചുറ്റുമുള്ളവരുടെ നന്മയാഗ്രഹിക്കുന്ന, ഒരു കുന്നോളം സ്വപ്‌നങ്ങള്‍ കൂട്ടി വെച്ച ഒരു ചെറുപ്പക്കാരന്‍. ഷെഫീക്ക്. എന്നാല്‍ മറ്റുള്ളവരുടെ സന്തോഷം തേടിയുള്ള ഷെഫീക്കിന്റെ യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി ഒരു തിരിച്ചടി അയാള്‍ക്കു നേരിടേണ്ടി വരുന്നു. ഒടുവില്‍ അയാളുടെ ജീവിതം ഗതി മാറി ഒഴുകുന്നു. തോളൊപ്പം ചേര്‍ക്കുമെന്ന് കരുതിയവര്‍ കൈ ഒഴിയുമ്പോള്‍ അപ്രതീക്ഷിത അതിഥികള്‍ അയാളുടെ ജീവിതത്തിലേക്കെത്തുന്നു.
മാറിമറിയുന്ന ട്വിസ്റ്റുകളോ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ ഒന്നും അവകാശപ്പെടാനില്ലാതെ ലളിതമായ എന്നാല്‍ പ്രസക്തമായ കഥ പറയുന്ന പക്കാ കുടുംബചിത്രം. ഗൗരവമുള്ള കഥാപശ്ചാത്തലത്തിലും നര്‍മ്മം കലര്‍ത്തി പ്രേക്ഷകരെ രസിപ്പിക്കാന്‍ അനൂപ് പന്തളത്തിന്റെ ആദ്യ സംവിധാന സംരംഭത്തിനായി. നാട്ടിന്‍പുറത്തെ നന്മയുള്ള ചെറുപ്പക്കാരനായി മാറാനുള്ള ഉണ്ണി മുകുന്ദന്റെ തനത് പാടവം ഷെഫീക്ക് എന്ന കഥാപാത്രത്തിലും കാണാം. ഉണ്ണിയുടെ പ്രകടനം ഷെഫീക്കുമായി പ്രേക്ഷകരെ ചേര്‍ത്തു നിര്‍ത്തും. അമീറെന്ന മറ്റൊരു പ്രധാന വേഷത്തിലെത്തിയ ബാലയുടെ പ്രകടനം പ്രത്യേക കൈയ്യടി അര്‍ഹിക്കുന്നു. നര്‍മ്മ മൂഹൂര്‍ത്തങ്ങളെ കയ്യൊതുക്കത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരെ രസിപ്പിക്കാന്‍ ബാലയ്ക്കായി. നായികാ വേഷത്തിലെത്തിയ ദിവ്യ പിള്ള, ഷെഫീക്കിന്റെ അച്ഛനായെത്തിയ കൃഷ്ണപ്രസാദ്, സ്മിനു സിജോ, മനോജ് കെ ജയന്‍ എന്നിവരുടെ പ്രകടനങ്ങളും മികച്ചു നിന്നു. മറ്റു കഥാപാത്രങ്ങളായെത്തിയവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.
ഷാന്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിന്റെ മാറ്റു കൂട്ടി. എല്‍ദോ ഐസകിന്റെ ഫ്രെയിമുകള്‍ മികച്ചു നിന്നു.അങ്ങനെ നര്‍മ്മത്തില്‍ ചാലിച്ച സന്ദര്‍ഭങ്ങളോടെ പ്രേക്ഷകര്‍ക്കും സന്തോഷം പങ്കിട്ടു നല്‍കാന്‍ ഷെഫീക്കിന്റെ സന്തോഷത്തിനായി എന്ന് പറയാം.
Content Highlights: shefeekkinte santhosham, starring unnimukundan, malayalam movie review