കല്യാണം‘പാളിയാലും’ ചിരി പാളില്ല; ‘ധൂമകേതു’ ഒരു കിടിലൻ ചിരിപ്പടം|Review

ആറ്റുനോറ്റിരുന്ന് മുപ്പത്തിയാറാം വയസിൽ ഒരു കല്യാണം ശരിയായപ്പോൾ കെട്ടിന്റെ അന്ന് രാവിലെ മുതലേ ദു:ശകുനങ്ങൾ കാണാൻ തുടങ്ങിയാൽ എങ്ങനെയിരിക്കും ? കെട്ടിക്കഴിഞ്ഞ് കാത്തിരുന്ന ആദ്യരാത്രി എത്തിയപ്പോൾ അതിലും വലിയ ദുരന്തം കാത്തിരുന്നാലോ ? ഒന്ന് ഉറങ്ങിയെണീറ്റപ്പോൾ സ്വപ്നമെന്ന് കരുതി ആശ്വസിച്ച ഇതേ പ്രശ്നങ്ങൾ സത്യത്തിൽ വീണ്ടും വീണ്ടും സംഭവിച്ചാലോ? ലതിൻകുമാറിന്റെ ചിരകാലസ്വപ്നമായിരുന്ന കല്യാണത്തിന് ഇപ്പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് സംഭവിക്കുന്നിടത്താണ് ധൂമകേതുവിന്റെ കഥ വരുന്നത്.

മലയാള സിനിമയ്ക്ക് അത്ര സുപരിചിതമായ പ്രമേയമല്ല ടൈം ലൂപ് എന്നത്. അതിൽ കോമഡി കൊണ്ട് വരിക എന്നത് ശ്രമകരവുമാണ്. ഒന്ന് പാളിപ്പോയാൽ മൊത്തത്തിൽ കയ്യിൽ നിന്ന് പോകുമായിരുന്ന ഈ പ്രമേയത്തെ കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിച്ചിടത്താണ് സുധി മാഡിസൺ എന്ന സംവിധായകന്റെ വിജയം.

കല്യാണത്തിന്റെയന്ന് പേടിസ്വപ്നം കണ്ടാണ് ലതിൻകുമാർ ഉറക്കമെണീക്കുന്നത്. സ്വപ്നമെന്ന് കരുതി ആശ്വസിച്ച കാര്യങ്ങളാണ് പിന്നീടങ്ങോട്ട് അയാൾക്ക് അനുഭവിക്കേണ്ടി വരുന്നത്. ദേജാവു എന്നൊക്കെ പറയില്ലേ അതിങ്ങനെ അയാൾ ജീവിതത്തിൽ റിപ്പീറ്റടിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ലൂപ്പിലിങ്ങനെ പെട്ടുപോയാൽ കുറച്ച് കഴിഞ്ഞാൽ നമ്മുടെ കയ്യിൽ നിന്ന് പോകില്ലേ. വരുന്നിടത്ത് വച്ച് കാണാമെന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടാകില്ലേ, ആ ഫീൽ ലതിൻകുമാറിനൊപ്പം പ്രേക്ഷകനും കിട്ടിയിടത്താണ് ധൂമകേതു വർക്ക് ആവുന്നത്.

സജിൻ ഗോപുവാണ് ചിത്രത്തിൽ ലതിൻ കുമാറെന്ന കുട്ടനായി എത്തുന്നത്. അമ്പാനെന്ന ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകന്റെ ഇഷ്ടം നേടിയ നടനാണ് സജിൻ. പിന്നീട് വന്ന പൈങ്കിളിയിലെ സുകുവും പൊന്മാനിലെ മരിയാനോയും സജിനിലെ നടനെ പ്രേക്ഷകന് കാണിച്ചു തന്നു. എന്നാൽ ഇപ്പറഞ്ഞ കഥാപാത്രങ്ങളുടെയൊന്നും ഒരു ഛായ പോലും ഇല്ലാത്തവനാണ് ധൂമകേതുവിലെ കുട്ടൻ..കോമഡിക്ക് കോമഡി മാസിന് മാസ് പ്രകടനത്തിന് പ്രകടനം സജിന്റെ കയ്യിൽ ഭദ്രമാണെന്ന് ഇനി പ്രേക്ഷകർ പറയും. കുട്ടന്റെ സ്വന്തം ശർമിളയായി എത്തുന്നത് നിഖില വിമൽ ആണ്. നിഖില തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത് പോലെ കുലീനത്വമുള്ള കെട്ടാൻ തോന്നുന്ന പെങ്കൊച്ച് എന്ന ഇമേജ് നിഖിലയ്ക്കുണ്ട്. പക്ഷേ അതിലുമപ്പുറം ശർമിളയ്ക്ക് ചെയ്യാനുണ്ട് എന്നതുകൊണ്ട് തന്നെ ഈ കഥാപാത്രം നിഖിലയുടെ കരിയറിൽ പ്രധാനപ്പെട്ടത് തന്നെയായി മാറുമെന്നതിൽ സംശയമില്ല.

കുട്ടന്റെ ആത്മമിത്രം ആന്റികുഞ്ഞാണ് കഥയിലെ മറ്റൊരു പ്രധാന കഥാപാത്രം. കുട്ടനൊപ്പം ഒരർത്ഥത്തിൽ ഈ ലൂപ്പിൽ പെടുകയും അതേ ലൂപ്പിൽ നിന്ന് കുട്ടനെ പുറത്തുകൊണ്ടുവരാൻ കൂടെ നിൽക്കുകയും ചെയ്യുന്ന ആത്മമിത്രം. ഇന്നേവരെ കാണാത്ത മെയ്ക്കോവറിലാണ് ആന്റിക്കുഞ്ഞായി ഗണപതിയെത്തുന്നത്. ആ മെയ്ക്കോവറും കഥാപാത്രവും ഗണപതിയുടെ കയ്യിൽ സെയ്ഫായിരുന്നു.

മഞ്ജു പിള്ള, നിയാസ് ബക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതിഥി വേഷത്തിൽ ഷൈൻ ടോം ചാക്കോയും സിദ്ദാർഥ് ഭരതനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പ്രകടനം കൊണ്ട് ഇവരും കയ്യടി നേടുന്നുണ്ട്. പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. കോടിക്കിലുക്കം കൊണ്ട് ബോക്സോഫീസിൽ തരംഗം സൃഷ്ടിച്ച ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന റിലീസ് വിതരണത്തിന് എത്തിക്കുന്ന ചിത്രമെന്നത് റിലീസിന് മുമ്പേ തന്നെ പ്രേക്ഷകന് പ്രതീക്ഷ നൽകിയിരുന്നു, അതുപോലെ തന്നെ നിർമാണത്തിന് പിന്നിലുള്ള പേരുകളും. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ആകാംക്ഷ നിലനിർത്തിക്കൊണ്ട് പ്രേക്ഷകനെ ചിരിപ്പിക്കുന്നതാണ് ധൂമകേതുവിന്റെ ഏറ്റവും വലിയ നേട്ടം. സജിൻ ഗോപുവിന്റെ കുട്ടനും നിഖില വിമലിന്റെ ശർമിളയും ഗണപതിയുടെ ആന്റിക്കുഞ്ഞും ചേർന്നെത്തിക്കുന്ന രസകരമായ മുഹൂർത്തങ്ങൾക്കൊപ്പം, കൃത്യമായ സംവിധാനവും മികച്ച പ്രകടനങ്ങളും ചേരുമ്പോൾ ധൂമകേതു ഒരു മുഴുനീള എന്റർടെയ്നറായി മാറുന്നു.

Content Highlights: malayalam movie dhoomakethu review starring sajin gopu,nikhilka vimal and shine tom chacko, directed by sudhi maddison