കുഞ്ഞു പ്യാലിയുടെ വലിയ ലോകം | Pyali Review

Pyali Review,
Pyali Review,

പ്യാലി, പേര് കേള്‍ക്കുമ്പോള്‍ നാടോടികഥകളില്‍ കേട്ട് മറന്ന ഏതോ കഥാപാത്രമാണെന്ന തോന്നുന്നില്ലേ. നവാഗതരും ദമ്പതികളുമായ ബബിത-റിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്യാലി കണ്ടാലും സ്ഥിതി വ്യത്യസ്തമാകില്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'പ്യാലി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ വര്‍ണ വിശാല ലോകം രണ്ടു മണിക്കൂര്‍ സ്‌ക്രീന്‍ നിറയ്ക്കുന്നുണ്ട്. സഹോദര സ്നേഹമാണ് പ്രധാന പ്ലോട്ട്. പ്യാലി എന്ന അഞ്ചു വയസ്സുകാരിയുടെ ഭാവനാലോകവും അവള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന മാന്ത്രികവചവുമാകും രണ്ടു മണിക്കൂര്‍ മണിക്കൂര്‍ ഉടനീളം.

സഹോദരന്‍ സിയായുമുണ്ട് പ്യാലിക്ക് കൂട്ടായി. കൊച്ചിയിലെ നഗര തിരക്കുകളില്‍ കളിപ്പാട്ടങ്ങളും മറ്റും വില്‍ക്കുന്ന നാടോടി പയ്യന്മാരെ കാണാറില്ലേ, സിയായ്ക്കും അതാണ് ജോലി. കശ്മീര്‍ സ്വദേശികളാണ് ഇരുവരുടെയും മാതാപിതാക്കള്‍. പ്യാലിയും സിയായും ജനിച്ചതാകട്ടെ കേരളത്തിലും. സിയാ നല്ല പച്ച വെള്ളം പോലെ മലയാളം സംസാരിക്കും. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ നഗരം വിടുമ്പോഴുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് തുടര്‍ക്കഥ.

കുട്ടികള്‍ക്കുള്ള റോളര്‍ കോസ്റ്റര്‍ റൈഡ് എന്ന് വേണമെങ്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. രണ്ടു മണിക്കൂറില്‍ ആസ്വദിക്കാന്‍ ഒട്ടേറെയുണ്ട്, കുട്ടികള്‍ക്കും കുട്ടിത്തം ഇഷ്ടപ്പെടുന്നവര്‍ക്കും. പ്യാലിയുടെ ചുറ്റും ഒരു നന്മയുടെ വലയമുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ പ്യാലിക്ക് ഇഷ്ടമുള്ളവരെ പോലും ഈ വലയം സംരക്ഷിക്കുകയും ചെയ്യുന്നു. മൊത്തത്തില്‍ ഒരു നാടോടികഥയുടെ ഫീല്‍ തരുന്ന കഥയും കഥാപശ്ചാത്തലവും.  എത്ര ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ക്കും കഥ നല്‍കുന്ന സന്ദേശം വേഗത്തില്‍ ക്ലിക്കാകും. 

സസ്പെന്‍സ് ഇഷ്ടപ്പെടുന്നവരാണല്ലോ കുട്ടികള്‍. ഇവര്‍ക്കും ഇടയ്ക്കിടെയുള്ള സര്‍പ്രൈസുകള്‍ ചിത്രം സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു. കുട്ടികളിലെ കലയും കഴിവും എത്രത്തോളം പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടി ചിത്രം നല്‍കുന്നുണ്ട്.തുടക്കം മുതല്‍ കുട്ടികളുണ്ടാവുന്ന അമ്പരപ്പ് അവസാനം വരെ നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് ചിത്രത്തിന്റെ വിജയം തന്നെയാണ്.  ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു വേഷം കൈകാര്യം ചെയ്യുന്നു. അനശ്വര നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച എന്‍.എഫ് വര്‍ഗീസ് പിക്ചേഴ്സുമായി സഹകരിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടിത്തവും കുട്ടികളെയും ഇഷ്ടമാണെങ്കില്‍ ധൈര്യമായി ടിക്കെറ്റെടുക്കാം പ്യാലിക്ക്.

Content Highlights: pyali malayalam movie review;barbiee sharma, sreenivasan, mamukoya