ചരിത്രത്തിലെ ഇരുണ്ട അധ്യായത്തിലേക്ക് തിരിഞ്ഞുനോട്ടം | 'പ്രേ ഫോർ അസ്' റിവ്യൂ

സ്പെയിനിലെ ഏകാധിപതി ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ഭരണകാലത്തെ ഇരുണ്ട ചരിത്രത്തെപ്പറ്റിയുള്ള നിരവധി സിനിമകൾ ലോകസിനിമയിൽ വന്നിട്ടുണ്ട്. ആ നിരയിലേക്ക് അധികമാരും ചർച്ചചെയ്യാത്ത കഥയുമായി എത്തുന്ന സ്പാനിഷ് ചിത്രമാണ് പ്രശസ്ത സംവിധായകൻ ഡാനിയൽ മോൺസോൺ ഒരുക്കിയ 'പ്രേ ഫോർ അസ്'. 1941 മുതൽ 1985 വരെ സ്പെയിനിൽ സർക്കാർ പിന്തുണയോടെ കത്തോലിക്കാ സഭ നടത്തിയിരുന്ന പെൺകുട്ടികളുടെ റിഫോം സ്കൂളുകളിൽ നടന്ന കൊടിയ പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
1974-ലെ ബാഴ്സലോണയാണ് സിനിമയുടെ കഥാപശ്ചാത്തലം. യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിലെ അംഗമായ 19-കാരിയായ അന മരിയ (സോയി ബോണഫോണ്ടെ) സാധാരണ കൗമാരക്കാരെപ്പോലെ തന്നെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. എന്നാൽ, രാത്രിയിൽ വീട്ടുകാരറിയാതെ പുറത്തുപോയതിന്റെ പേരിൽ അവളെ നന്നാക്കിയെടുക്കാനായി മാതാപിതാക്കൾ കന്യാസ്ത്രീകൾ നടത്തുന്ന തിരുത്തൽ കേന്ദ്രത്തിലേക്ക് അയക്കുന്നു. അന്നത്തെ സ്പാനിഷ് നിയമപ്രകാരം 21 വയസ്സായിരുന്നു പ്രായപൂർത്തിയാകാനുള്ള പ്രായം.
അവിടെ അവൾ സോൾ (മാനുവേല കാലെ) എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു. സദാചാര സംരക്ഷണത്തിന്റെ പേരിൽ കഠിനമായ ജോലികളും ശിക്ഷകളും നടപ്പാക്കുന്ന അവിടെ തങ്ങളുടെ വ്യക്തിത്വവും മാനസികനിലയും തകരാതെ പിടിച്ചുനിൽക്കാൻ പെൺകുട്ടികൾ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ കാതൽ.
അന മരിയയായി വേഷമിട്ട സോയി ബോണഫോണ്ടെയുടെയും കൂട്ടുകാരി സോളായി എത്തിയ മാനുവേല കാലെയുടെയും പ്രകടനങ്ങളാണ് സിനിമയുടെ നട്ടെല്ല്. വ്യവസ്ഥിതിയോട് കലഹിക്കുമ്പോഴും പരസ്പരം താങ്ങായി നിൽക്കുന്ന ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ മനസ്സിൽ തട്ടും. മദർ സുപ്പീരിയറായി എത്തിയ അഡെൽഫ കാൽവോയുടെ പ്രകടനവും ശ്രദ്ധേയമാണ്.
സംവിധായകൻ ഡാനിയൽ മോൺസോണും തിരക്കഥാകൃത്ത് ജോർജ് ഗ്വെറികാച്ചെവാരിയയും ചേർന്നാണ് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1970-കളിലെ സ്പെയിനിന്റെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്നതിൽ കാർലെസ് ഗുസിയുടെ ഛായാഗ്രഹണവും ബാൽറ്റർ ഗല്ലാർട്ടിന്റെ കലാസംവിധാനവും വിജയിച്ചിട്ടുണ്ട്.
തിരുത്തൽകേന്ദ്രത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന വീർപ്പുമുട്ടൽ പ്രേക്ഷകരിലേക്ക് എത്തിക്കാനും സംവിധായകന് സാധിക്കുന്നുണ്ട്. മതത്തിന്റെയും സദാചാരത്തിന്റെയും പേരിൽ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെയുള്ള ശക്തമായ നിലപാട് കൂടിയാണ് 'പ്രേ ഫോർ അസ്'.
Content Highlights: Daniel Monzon's Spanish film Pray For Us was screened in the international competition section at IFFI. Set in 1974 Barcelona, the film depicts human rights abuses inside Catholic-run girls' reform schools during Francisco Franco's regime. Zoe Bonafonte and Manuela Calle deliver standout performances as young inmates Ana Maria and Sol, supported by Adelfa Calvo as Mother Superior. Co-written by Monzon and Jorge Guerricaechevarria, the film effectively recreates 1970s Spain and highlights ongoing struggles against women's oppression.