Prakambanam Review | 'ഷോ സ്റ്റീലർ' സാഗർ സൂര്യ, യുവതാരങ്ങളുടെ അഴിഞ്ഞാട്ടം; പവർഫുളാണ് പ്രകമ്പനം

പ്രകമ്പനം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
പ്രകമ്പനം എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

മെൻസ് ഹോസ്റ്റൽ-ഹൊറർ-കോമഡി... വല്ലാത്ത വൈബ് തരുന്നൊരു കോമ്പിനേഷനാണ്. രോമാഞ്ചവും അടി കപ്യാരേ കൂട്ടമണിയുമൊക്കെ വെട്ടിത്തെളിച്ചിട്ട പാതയിലേക്ക് വിജേഷ് പാണത്തൂർ സംഭാവന ചെയ്ത എന്റർടെയ്നറാണ് പ്രകമ്പനം. ഹൊററും കോമഡിയും സമാസമം ചേർത്ത് തയ്യാറാക്കിയ ആഘോഷചിത്രമെന്ന് പ്രകമ്പനത്തെ വിളിക്കാം. സാഗർ സൂര്യ, ഗണപതി, അമീൻ, മല്ലിക സുകുമാരൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ശ്രീഹരി വടക്കനാണ് തിരക്കഥ. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

കൊച്ചിയിലെ ഒരു കോളേജിനോട് ചേർന്നുള്ള ആൺകുട്ടികളുടെ ഹോസ്റ്റലും അവിടത്തെ ആഘോഷങ്ങളുമൊക്കെയായാണ് ചിത്രം തുടങ്ങുന്നത്. ഇതിന് സമാന്തരമായി കോളേജ് തിരഞ്ഞെടുപ്പും പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ ജെന്റ്സ് ഹോസ്റ്റലിൽ സിദ്ധു, പുണ്യാളൻ, ശങ്കരൻ എന്നിവർ താമസിക്കുന്ന മുറിയിൽ ഒരു പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. അതിനുപിന്നിലെ കാരണം തേടി മൂവർ സംഘം ഇറങ്ങിത്തിരിക്കുന്നതാണ് ഹൊററും അതിലേറെ ചിരിയും കലർത്തി വിജേഷ് പാണത്തൂരും സംഘവും അവതരിപ്പിക്കുന്നത്.

കഥയ്ക്ക് ചെറിയൊരു കണ്ണൂർ കണക്ഷൻ ഉണ്ടെന്നതിനാൽ പ്രധാന കഥാപാത്രങ്ങൾ സംസാരിക്കുന്നത് ആ ശൈലിയിലാണെന്നത് ശ്രദ്ധേയമാണ്. സാധാരണ ഒരു ഹൊറർ ചിത്രമെന്ന് കേട്ടാൽ മനസിലേക്ക് വരുന്നത് ഭയം നിറഞ്ഞ രംഗങ്ങളായിരിക്കും. അതിനിടയിൽ തമാശയോ, മിസ്റ്ററിയോ വന്നുപോകും. എന്നാൽ പ്രകമ്പനം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. പേടിപ്പിക്കുന്ന പ്രേതമല്ല ഇവിടെ. പ്രേതസാന്നിധ്യം അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ഭയമാണ് സിനിമയിൽ ചിരി വീഴാൻ കാരണമാകുന്നത്. കഥാപാത്രങ്ങൾ എങ്ങനെയൊക്കെ പേടിക്കുന്നോ അത്രത്തോളം ചിരി ആസ്വാദകരിൽ ഉണ്ടാകുന്നുവെന്ന് അർത്ഥം.

പുണ്യാളൻ (സാഗർ സൂര്യ), സിദ്ധു (ഗണപതി), ശങ്കരൻ (അമീൻ) എന്നിവരാണ് ചിത്രത്തെ നയിക്കുന്ന മൂവർ സംഘം. കൂട്ടത്തിലെ ഷോ സ്റ്റീലർ സാഗർ സൂര്യയാണ്. കുരുതിയിലേയും പണിയിലേയും വില്ലൻ വേഷങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായി ഉടനീളം തമാശനിറഞ്ഞ കഥാപാത്രമായി തകർക്കുകയാണ് സാഗർ സൂര്യ. ചിലയിടങ്ങളിൽ ചിത്രത്തെ ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട് . സാഗറിനൊപ്പം തന്നെ നിൽക്കുന്നുണ്ട് ഗണപതിയും അമീനും. കോമഡി രംഗങ്ങളിൽ സ്വന്തം ശൈലി അടയാളപ്പെടുത്തുന്നുണ്ട് ഇരുവരും. ഇവരെക്കൂടാതെ മറ്റൊരു പ്രധാനകഥാപാത്രമായെത്തുന്നത് മല്ലിക സുകുമാരനാണ്. മല്ലിക സുകുമാരൻ ഇങ്ങനെയൊരു കഥാപാത്രമായെത്തുന്നത് ഇതാദ്യമാണ്.

രാജേഷ് മാധവൻ അവതരിപ്പിക്കുന്ന സ്റ്റാൻസിലാവോസ്കി എന്ന കഥാപാത്രവും അതീവ രസകരമാണ്. വേണമെങ്കിൽ ഈ കഥാപാത്രത്തെ നായകനാക്കി പുതിയൊരു ചിത്രം സംവിധായകൻ പ്ലാൻ ചെയ്താൽ അതിശയപ്പെടാനില്ല. പി.പി. കുഞ്ഞിക്കൃഷ്ണൻ, കലാഭവൻ നവാസ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്സാണ്ടർ, ശീതൾ ജോസഫ് എന്നിവരും തിയേറ്ററിൽ പൊട്ടിച്ചിരി തീർക്കാൻ തങ്ങളുടേതായ സംഭാവന നൽകുന്നുണ്ട്.

ചിരിപ്പിക്കാൻ സംഭാഷണത്തിൽ അശ്ലീലം വേണമെന്ന സങ്കല്പം തിരുത്തിയെഴുതിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്രീഹരി വടക്കൻ. കഥാപാത്രങ്ങൾക്കുള്ളിലുണ്ടാകുന്ന ഭയത്തെയാണ് അദ്ദേഹം ഇവിടെ തമാശയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഡബിൾ മീനിങ് ഉള്ള ഒരു തമാശപോലും ചിത്രത്തിൽ കാണാനാവില്ല. സദാചാര പോലീസിങ്, ഭക്തി, കമ്യൂണിസം എന്നിവയെല്ലാം ആക്ഷേപഹാസ്യരൂപത്തിൽ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ബിബിൻ അശോകിന്റെ പാട്ടുകളും ശങ്കർ ശർമയുടെ പശ്ചാത്തലസംഗീതവും കഥാഗതിയോട് ചേർന്നുനിന്നു.

എല്ലാം മറന്ന് കയ്യടിച്ചും ആർപ്പുവിളിച്ചും പൊട്ടിച്ചിരിച്ചും കാണാവുന്ന ഒരു ചിത്രമാണ് നിങ്ങളുടെ മനസിലുള്ളതെങ്കിൽ നിങ്ങൾക്കുള്ളതാണ് 'പ്രകമ്പനം'. സിംപിളും പവർഫുളുമായ ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.

Content Highlights: Review of `Prakambanam`, a unique Malayalam horror-comedy starring Sagar Surya. Find out if this film delivers laughs and chills!