നീതിക്കായുള്ള പോരാട്ടവും കോടതിമുറിയിലെ രസക്കാഴ്ചകളും; കുറ്റാന്വേഷണം മാത്രമല്ല 'കുറുക്കൻ'

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിലൂടെയാണ് നമ്മുടെ ഓരോ ദിവസവും കടന്നുപോകുന്നത്. അതിൽ പലതും വലിയ വാർത്താ പ്രാധാന്യം നേടുകയും ഇപ്പോഴും അതിന്റെ അലയൊലികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ കേസുകളിലും യഥാർത്ഥ കുറ്റവാളികളാണോ പിടിക്കപ്പെടാറ്? യഥാർത്ഥ കുറ്റവാളി തിരശ്ശീലയ്ക്കുപിന്നിൽ ഒളിഞ്ഞിരുന്ന് ചിരിക്കുകയും ആശ്വസിക്കുകയും ചെയ്യുമ്പോൾ പിടിക്കപ്പെടുന്ന നിരപരാധികൾക്ക് ആര് നീതി നേടിക്കൊടുക്കും? ഇത്തരം ചോദ്യങ്ങളാണ് നവാഗതനായ മനോജ് രാംസിംഗ് തിരക്കഥയെഴുതി ജയലാൽ ദിവാകരൻ സംവിധാനം ചെയ്ത കുറുക്കൻ എന്ന ചിത്രം ഉയർത്തുന്നത്.
ഒരു സംവിധാനത്തിന്റെ ഭാഗമായ മൂന്ന് വ്യക്തികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ദിനേഷ് എന്ന പോലീസ് ഉദ്യോഗസ്ഥൻ, ഒരു കേസിൽ പ്രതിയായി പോലീസ് കോടതിയിൽ ഹാജരാക്കുന്ന പത്രവിതരണക്കാരനായ യുവാവ്, കോടതിയിൽ കള്ളസാക്ഷി പറയുന്ന കൃഷ്ണൻ എന്നിവരാണ് ഈ കഥാപാത്രങ്ങൾ. മൂന്ന് രീതിയിൽ പോയിക്കൊണ്ടിരുന്ന ഇവർക്ക് ഒരു കേസുമായി ബന്ധപ്പെട്ട കണ്ണികളാകേണ്ടി വരികയാണ്. ഇതിന്റെ അന്തിഫലമെന്താണ് എന്ന ആകാംക്ഷയാണ് പ്രേക്ഷകർക്ക് സ്ക്രീനിൽ അനുഭവിക്കാനാവുക.
ഒന്നിലേറെ യഥാർത്ഥ സംഭവങ്ങളാണ് സ്ക്രീനിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. ഇതിന് പുറമേ കഥാപാത്രങ്ങളുടെ ചില സംഭാഷണങ്ങളിലും കേരളത്തിൽ വൻഭൂകമ്പം സൃഷ്ടിച്ച കേസുകളുടെ സൂചനകൾ കാണാൻ കഴിയും. പ്രത്യേകം ഒരു ജോണറിൽ ഒതുക്കിനിർത്താനാവുന്നതല്ല കുറുക്കൻ എന്ന ചിത്രം. കുറ്റാന്വേഷണവും ആക്ഷേപഹാസ്യവും സംഘർഷഭരിതമായ മുഹൂർത്തങ്ങളും എല്ലാം സമാസമം വിളക്കിച്ചേർത്ത എന്റർടെയ്നറായി ചിത്രത്തെ കാണാം. അതേസമയം തന്നെ രസകരമായ ഒരു കോർട്ട് റൂം ഡ്രാമകൂടിയാണ് കുറുക്കൻ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം അതീവരസാവഹമായ കോടതിരംഗങ്ങളുള്ള സിനിമ എന്ന നിലയിലും കുറുക്കനെ സമീപിക്കാം.
നിലവിലെ സാമൂഹിക കലാ രാഷ്ട്രീയ സാഹചര്യങ്ങളാണ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങൾ അതിലെ ഒരു പ്രതിപാദ്യവിഷയമാകുന്നുവെന്നുമാത്രം. കേരളത്തിനെ ഞെട്ടിച്ച കൊലപാതക കേസുകൾ, ഏതുവിധേനയും കേസ് തെളിയിച്ച് മുകളിൽ നിന്നുള്ള സമ്മർദം ഒഴിവാക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ, പൊടുന്നനെ പൊട്ടിമുളയ്ക്കുന്ന സോഷ്യൽ മീഡിയാ താരങ്ങൾ, ഇൻഫ്ളുവൻസർമാർ എന്നറിയപ്പെടുന്നവർ, വെബ്സീരീസുകൾക്ക് അടിപ്പെട്ട യുവജനങ്ങൾ, ഇതിനിടയിൽ കോടതിയിൽപ്പോലും വിശ്വാസം നഷ്ടപ്പെടുന്ന സാധാരണക്കാർ എല്ലാം ചിത്രത്തിൽ പലയിടങ്ങളിലായി വന്നുപോകുന്നു.
ദിനേഷ് എന്ന പോലീസ് ഉദ്യോഗസ്ഥനായി വിനീത് ശ്രീനിവാസനും പത്രവിതരണക്കാരനായി ഷൈൻ ടോം ചാക്കോയും കൃഷ്ണനായി ശ്രീനിവാസനും എത്തുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ വക്കീൽ വേഷത്തിന് ശേഷം വിനീത് ശ്രീനിവാസൻ അഴിഞ്ഞാടിയിട്ടുണ്ട് കുറുക്കനിൽ. ഞാൻ മുന്നിൽ നിറഞ്ഞുനിൽക്കണം, ബാക്കിയുള്ളവരൊക്കെ എന്റെ പിന്നിൽ എന്നുകരുതുന്ന സൂത്രശാലിയായ പോലീസുകാരനായി വിനീത് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. അടുത്തകാലത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്ത് കയ്യടി വാങ്ങിയിട്ടുള്ള ഷൈൻ ടോം ചാക്കോ ഇത്തവണ പോസിറ്റീവ് ആയെത്തിയാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ജഡ്ജിയെപ്പോലും അമ്പരപ്പിക്കുന്നരീതിയിൽ ഒറ്റ വാക്കിൽ കേസിന്റെ ഗതി തിരിക്കുന്ന സാക്ഷിയായ കൃഷ്ണനായി ശ്രീനിവാസനും നിറഞ്ഞുനിൽക്കുന്നുണ്ട്. രസികനായ എന്നാൽ ന്നാ താൻ കേസ് കൊട്-ൽ നിന്ന് വ്യത്യസ്തനായ ജഡ്ജിയായുള്ള ശ്രീകാന്ത് മുരളിയുടെ പ്രകടനവും എടുത്ത്പറയേണ്ടതാണ്. ശ്രുതി ജയൻ, ഗൗരി നന്ദ, മാളവിക മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, സുധീർ കരമന, മെറീന മൈക്കിൾ, അൻസിബ എന്നിവരും കഥാപാത്രത്തോട് നീതിപുലർത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ക്രമസമാധാനപാലനം ഉറപ്പുവരുത്തേണ്ടവർ അതു ചെയ്യാതിരുന്നാൽ, നീതിലഭിക്കാൻ ഓരോ പൗരനും അത് സ്വയം പോരാടി നേടണമെന്ന തത്വമാണ് കുറുക്കൻ മുന്നോട്ടുവെയ്ക്കുന്ന ആശയം. അവനവന് ലഭിക്കേണ്ട നീതിയ്ക്കായി ഒരാൾ ഇറങ്ങിപ്പുറപ്പെട്ടാൽ മുന്നിൽ കാണുന്ന പലവിഗ്രഹങ്ങളും ഉടഞ്ഞുവീഴുകതന്നെ ചെയ്യുമെന്നും ചിത്രം അരക്കിട്ടുറപ്പിക്കുന്നു.
Content Highlights: kurukkan movie review, vineeth sreenivasan and shine tom chacko movie, sreenivasan new movie