Jailer 2 Review | അടിമുടി രജനിഷോ, സ്ക്രീൻ പ്രസൻസുകൊണ്ട് നിറഞ്ഞാടി മോഹൻലാലും ശിവരാജ്കുമാറും

ജയിലർ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ജയിലർ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന ഐക്കോണിക് കഥാപാത്രമായി രജനീകാന്തിന്റെ രണ്ടാംവരവ്, കൂടെ മാത്യൂസായി മോഹൻലാൽ, നരസിംഹനായി ശിവ രാജ്കുമാർ. ഒരു ശരാശരി സിനിമാപ്രേമിക്ക് ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങൾ ഇത്രയൊക്കെ മതിയായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. ആദ്യഭാഗത്തിൽ ഉള്ളവർക്കൊപ്പം പുതിയ ചിലർകൂടി രംഗപ്രവേശം ചെയ്തതോടെ അക്ഷരാർത്ഥത്തിൽ അത്യുഗ്രൻ തമിഴ്നാട് സ്റ്റൈൽ സദ്യ കഴിച്ച പ്രതീതിയാണ് ജയിലർ 2 സമ്മാനിച്ചത്.

ജയിലർ അവസാനിച്ചിടത്തു തന്നെയാണ് ജയിലർ 2 ആരംഭിക്കുന്നത്. വർമ്മന്റെ കൊലപാതകിയെ തേടി ഒരു സംഘം ആളുകൾ മുത്തുവേൽ പാണ്ട്യനെ അന്വേഷിച്ച് എത്തുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാനപരമായ പ്രമേയം. വലിയ മാസ് രംഗങ്ങൾക്ക് മുതിരാതെ തമാശ നിറഞ്ഞ രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി പുരോഗമിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിൽ സംവിധായകൻ നെൽസൺ അവലംബിച്ച ഡാർക്ക് ഹ്യൂമർ എന്ന അതേ രീതിയിൽ തന്നെയാണ് ജയിലർ രണ്ടാം ഭാഗത്തിന്റെയും ആദ്യപകുതി മുന്നേറുന്നത്. വളരെ പെട്ടന്ന് മാസിലേക്ക് പോകാതെ ഘട്ടം ഘട്ടമായി, ഒരു തീപ്പൊരി ഊതിയൂതി ആളിക്കത്തിക്കുന്ന ശൈലിയിലാണ് നെൽസണും സംഘവും ജയിലർ 2 ഒരുക്കിയിരിക്കുന്നത്.

ജയിലർ എന്ന ആദ്യചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യനോട് വില്ലനായ വർമൻ പറയുന്ന ഒരു ഡയലോഗുണ്ട്, തനിക്കും മുകളിൽ വലിയൊരു നെറ്റ്​വർക്കുമുണ്ട്. അതാണ് രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയായി നെൽസൺ ഒരുക്കിയിരിക്കുന്നത്.

ആദ്യഭാഗത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രം കൊല്ലപ്പെട്ടതിനുശേഷം മുത്തുവേൽ പാണ്ഡ്യന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം സംസാരിക്കുന്നത്. പോലീസ് ഓഫീസറായ മകൻ കൊല്ലപ്പെട്ടതിന്റെ മാനസികസംഘർഷം ഇന്നും മുത്തുവേലിനേയും കുടുംബത്തിനേയും വിട്ടൊഴിയുന്നില്ല. ജയിലർ നിർത്തിയിടത്തുനിന്ന് പെട്ടന്ന് കഥയിലേക്ക് കയറിവരാതെ, ചെറിയ ചെറിയ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടാണ് പ്രധാന പ്രശ്നത്തിലേക്കും വില്ലനിലേക്കും മുത്തുവേൽ പാണ്ഡ്യൻ എത്തിച്ചേരുന്നത്. അവിടെ അയാൾക്ക് നേരിടേണ്ടിവരുന്നത് വർമനേക്കാളും വലിയ സംഘത്തോടാണ്.

രജനീകാന്ത് എന്ന സൂപ്പർതാരത്തെ പലസംവിധായകരും മാസിന്റെ പല തലങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിടെയാണ് നെൽസൺ വ്യത്യസ്തനാകുന്നത്. വിജയിച്ച്, ഇതിനകംതന്നെ കൾട്ട് സ്റ്റാറ്റസ് കിട്ടിയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അതേ കഥാപാത്രത്തെ തീവ്രത ചോരാതെ വീണ്ടും പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നതിൽ സംവിധായകൻ നെൽസൺ വിജയിച്ചിട്ടുണ്ട്. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ആഗ്രഹിച്ചതിനൊപ്പമോ അതിനുമുകളിലോ നിൽക്കുംപോലെയാണ് രജനീകാന്തിനെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണന്റെ ക്യാമറയും അനിരുദ്ധിന്റെ പശ്ചാത്തലസംഗീതവും രജനീകാന്തിന്റെ മാസ് അപ്പീലിന് ബലമേകുന്നു.

ആദ്യഭാഗത്തിലുള്ള മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവരെ അസാമാന്യ സ്വാഗിലും സ്റ്റൈലിലുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച്, മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരുടെ സെക്കൻഡ് ഇൻട്രോ സീനുകൾ കാണേണ്ട കാഴ്ചതന്നെയായിരുന്നു.

വില്ലന്മാരാണ് ജയിലർ രണ്ടാംഭാഗത്തിലെ പുതിയ താരങ്ങൾ. സുരാജ് വെഞ്ഞാറമ്മൂട്, എസ്.ജെ. സൂര്യ എന്നിവരാണ് പ്രധാന പ്രതിനായകന്മാർ. ഇന്നേവരെ കാണാത്ത ലുക്കിലാണ് സുരാജ്. ഇതുപോലൊരു വില്ലൻ വേഷം അദ്ദേഹം മുൻപ് അഭിനയിച്ചിട്ടുണ്ടാവില്ല. മിഥുൻ ചക്രബർത്തി, വിദ്യാ ബാലൻ എന്നിവരുടെ വേഷങ്ങളും കയ്യടി അർഹിക്കുന്നതാണ്. നമോ നാരായണ അവതരിപ്പിച്ച മൂർത്തി എന്ന കഥാപാത്രം തിയേറ്ററിൽ കയ്യടിയും ചിരിയും നിറയ്ക്കുന്നുണ്ട്. ഹക്കീം ഷാ, കോട്ടയം നസീർ എന്നിവരും ചെയ്തത് കരിയർ ബെസ്റ്റ് വേഷങ്ങൾതന്നെ. ജാഫർ സാദിഖ്, യോഗി ബാബു, രമ്യാ കൃഷ്ണൻ, മിർണ മേനോൻ, അന്ന രേഷ്മ രാജൻ എന്നിവരും മികച്ചതായി. ഷംനാ കാസിമും രാജേഷ് മാധവനും ഒരുമിച്ച അല്ല ബൊലേലോ എന്ന ഗാനം തിയേറ്ററിൽ ആഘോഷമുണ്ടാക്കുന്നതാണ്.

ആർപ്പുവിളിച്ചും വിസിലടിച്ചും നൃത്തംചെയ്തും കയ്യടിച്ചും ഒരു സമ്പൂർണ തിയേറ്റർ അനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കുള്ളതാണ് ജയിലർ 2.

Content Highlights: Directed by Nelson Dilipkumar, Jailer 2 delivers an ultimate theatrical mass experience, reuniting Rajinikanth's iconic Muthuvel Pandian with Mohanlal's Mathew and Shiva Rajkumar's Narasimha to expand upon the high-stakes network teased in the blockbuster original.