സിനിമയ്ക്കുള്ളിലെ സിനിമ, കൺകെട്ടും കലഹവുമായി 'ബ്ലാക്ക് റാബിറ്റ്, വെെറ്റ് റാബിറ്റ്' | Review

സിനിമയ്ക്കുള്ളിലെ സിനിമ, പ്രേക്ഷകന് പിടിതരാത്ത ഒരുകൂട്ടം കഥാപാത്രങ്ങൾ. ഫിക്ഷനെ കൂട്ടുപിടിച്ച് സംവിധാകൻ ഷഹ്രം മോക്രി ഒരുക്കിയ 'ബ്ലാക്ക് റാബിറ്റ്, വെെറ്റ് റാബിറ്റ്' പതിവ് ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ ഒരു ദൃശ്യാനുഭവമാണ്. ഐഎഫ്എഫ്കെയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ഈ താജിക്കിസ്ഥാൻ ചിത്രം പ്രദർശനത്തിനെത്തിയത്.
താജിക്കിസ്ഥാനിൽ ഒരു ക്ലാസിക് ഇറാനിയൻ ചിത്രം റീമേക്ക് ചെയ്യുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ കാതൽ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ ചില ആശയക്കുഴപ്പങ്ങൾ ഷൂട്ടിങ് സെറ്റിലുണ്ടാകുന്നു. ചിത്രത്തിലുപയോഗിക്കുന്ന ഒരു തോക്കിനെച്ചൊല്ലിയാണ് ആശയക്കുഴപ്പങ്ങളുടെ തുടക്കം. ആ തോക്കിനും പറയാനുണ്ട് ഒട്ടേറെ കഥകൾ.
ഒന്നിലേറെ കഥകളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. പലയിടത്തും പ്രേക്ഷകനെ ചിത്രം കുഴപ്പിക്കുന്നുണ്ട്. പ്രേക്ഷകന് ചിന്തിച്ച് മനസ്സിലാക്കാൻ ഏറെയുണ്ട് ചിത്രത്തിൽ. ഓരോ സീനിലും പറയാതെ പറയുന്നുണ്ട് സംവിധായകൻ ഒരുപാട് കാര്യങ്ങൾ. സംസാരിക്കുന്ന കപ്പും തനിയെ തുറക്കുന്ന വാതിലും കേൾവി ശക്തിയുള്ള കത്രികയുമെല്ലാം ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നുണ്ട്.
ഒരു കാറപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സാറയാണ് 'ബ്ലാക്ക് റാബിറ്റ്, വെെറ്റ് റാബിറ്റി'ലെ പ്രധാന കഥാപാത്രം. ഭർത്താവിൽ നിന്നും ധാരാളം യാതനകൾ ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്ന സാറയ്ക്ക് അപകടത്തിന് ശേഷം ചില കഴിവുകൾ ലഭിക്കുകയാണ്. സാധനങ്ങളോട് സംസാരിക്കാനും അനുസരിപ്പിക്കാനുമൊക്കെ അവൾക്ക് കഴിയുന്നു. തൻ്റെ അപകടത്തിന്റെ കാരണം തിരഞ്ഞുതിരഞ്ഞ് സാറയെത്തുന്നത് അവളുടെ ജീവിതത്തിൻ്റെ നിർണായക ഘട്ടത്തിലാണ്. തനിക്ക് ചുറ്റും നടക്കുന്നതിൻ്റെ സത്യാവസ്ഥ അറിയുന്ന അവൾ ചില കടുത്ത തീരുമാനത്തിലേയ്ക്കും എത്തുകയാണ്.
ബാബാക്ക് കരീമി എന്ന പ്രോപ്പർട്ടി മാസ്റ്ററാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രമായെത്തുന്നത്. തൻ്റെ ആശാന് സംഭവിച്ചത് പോലെയൊരു ശാപം തനിക്കും 40-ാം ചിത്രത്തിൽ സംഭവിക്കുമെന്ന തോന്നലിൽ പ്രയാസപ്പെടുന്നയാളാണ് ബാബാക്ക്. ചുറ്റും സംഭവിക്കുന്ന ഓരോ അനിഷ്ട സംഭവത്തിലും അദ്ദേഹം പകച്ചുപോകുന്നുണ്ട്, പ്രശ്നങ്ങൾ തീരാൻ പ്രയത്നിക്കുന്നുണ്ട്.
കഥയിലുടനീളം ബാബാക്കിൻ്റെ വാക്കുകൾ വിലയ്ക്കെടുക്കാൻ ആരും തയാറാകുന്നില്ല. അദ്ദേഹത്തിൻ്റെ കാഴ്ചകളുടെ പൊരുൾ മനസ്സിലാക്കാനും ആരും തയാറാകുന്നില്ല. ആരും ഒപ്പമില്ലെങ്കിലും ഒറ്റയ്ക്ക് പൊരുതുന്ന ബാബാക്ക് തൻ്റെ കാഴ്ചകളുടെ ചുരുൾ സ്വയം അഴിക്കുന്നുമുണ്ട്.
ചിത്രത്തിൻ്റെ യാത്രയിൽ സംവിധായകൻ്റെ കൺകെട്ടുവിദ്യയിൽ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അലയുന്നുണ്ട്. യാഥാർഥ്യവും മിഥ്യയും തിരിച്ചറിയാനാകാത്ത അവസ്ഥയിലാകുന്നുണ്ട് കഥാപാത്രങ്ങൾ. ധാരാളം പരീക്ഷണങ്ങൾ നിറഞ്ഞ കഥപറച്ചിലാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.
Content Highlights: 'Black Rabbit, White Rabbit': A Cinematic Labyrinth of Illusion and Reality