ആഘോഷമല്ല, ഉള്ളുപിടയ്ക്കുന്ന നോവാണ് മാതൃത്വം | Hiedra Review

മാതൃത്വത്തെ ആഘോഷിക്കുന്ന പതിവ് സിനിമാഭാഷയിൽനിന്ന് മാറി, അതിന്റെ വേദനയും അപൂർണ്ണതയും അന്വേഷിക്കുന്ന ചിത്രമാണ് അന ക്രിസ്റ്റീന ബാരാഗാൻ സംവിധാനംചെയ്ത ഹെയ്ഡ്ര. ഒരമ്മയുടെ ഉള്ളിലെ മൗനങ്ങളുടെയും കുറ്റബോധങ്ങളുടെയും ദൃശ്യാവിഷ്‌കാരം കൂടിയാണ് ചിത്രം.
അസുസേന (സിമോൺ ബൂസിയോ) എന്ന സ്ത്രീയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കൗമാരത്തിന്റെ തുടക്കത്തിൽ അമ്മയായ അവൾക്ക് സാമൂഹികാവസ്ഥകൾ കാരണം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്നു. അതിനുശേഷമുള്ള ജീവിതം പുറമേ സാധാരണമായി തോന്നുമെങ്കിലും, അവളുടെ മനസ്സ് ഒരിക്കലും ആ വേർപാടിൽനിന്ന് മോചിതമാകുന്നില്ല. അസുസേനയുടെ മനോവ്യാപരമാണ് ഹെയ്ഡ്ര.
ജീവിതം മുന്നോട്ടുപോകുന്നത് പോലെ തോന്നുമ്പോഴും അസുസേനയുടെ മനസ് പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ഒരു അനാഥാലയത്തിലേക്കുള്ള യാത്ര അവളുടെ ജീവിതം മാറ്റിമറിക്കുന്നു. അവിടെ അവൾ കണ്ടുമുട്ടുന്ന കുട്ടികളും ജൂലിയോ എന്ന കൗമാരക്കാരനും അവളുടെ ഉള്ളിലെ അമ്മയെ വീണ്ടും ഉണർത്തുന്നു.
അസുസേനയും ജൂലിയോയും തമ്മിലുള്ള ബന്ധത്തെ സിനിമ ഏതെങ്കിലും കള്ളികളിൽ ഒതുക്കുന്നില്ല. അത് പ്രേക്ഷകനെ അസ്വസ്ഥനാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ചോദ്യം ചെയ്യാനും പ്രേരിപ്പിക്കും. മാതൃത്വം രക്തബന്ധത്താലോ നിയമപരമായ അവകാശത്തിലോ ഒതുങ്ങുന്നതാണോ, അതോ ഒരിക്കലും മാഞ്ഞുപോകാത്ത മാനസികബന്ധമാണോ എന്ന ചോദ്യം ചിത്രം നിരന്തരം ഉയർത്തുന്നു.
സിമോൺ ബൂസിയോയുടെ പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മയാക്കേണ്ടി വന്ന പെൺകുട്ടിയുടെ ഭീതിയും ആശങ്കയും നിസ്സഹായതയും വ്യക്തമായും ശക്തമായും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിമോണിന് സാധിച്ചിട്ടുണ്ട്.
നിശബ്ദതകൾക്കും നിശ്വാസങ്ങൾക്കും വലിയ പ്രാധാന്യമുള്ളതാണ് ചിത്രം. പശ്ചാത്തല സംഗീതം വിരളമായതിനാൽ, ഓരോ ശ്വാസവും ഓരോ നോട്ടവും പ്രധാനപെട്ടതാകുന്നു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ അതിന്റെ ഏറ്റവും സങ്കീർണമായ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഹെയ്ഡ്ര. ബന്ധങ്ങളുടെ സങ്കീർണതയും, മാതൃത്വത്തിന്റെ മായാത്ത ഓർമകളും, ഉത്തരം കിട്ടാത്ത സമസ്യകളുമായി ചിത്രം ദീർഘകാലം പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കും.
Content Highlights: Hiedra movie review explores the raw, painful, and incomplete realities of motherhood, moving beyond typical celebratory portrayals. A must-watch for its emotional depth