Hail Mary Review | വേട്ടയാടുന്ന സിസ്റ്റം, നിരപരാധിത്വം തെളിയിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാകുന്ന സാധാരണക്കാരൻ

ഹെയിൽ മേരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ | ഫോട്ടോ: Facebook
ഹെയിൽ മേരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ | ഫോട്ടോ: Facebook

വർഷങ്ങളായി തെളിയാതെ കിടക്കുന്ന ഒരു കേസ്. ആ കേസ് ആരുടെയെങ്കിലും, അത് നിരപരാധിയാണെങ്കിൽപ്പോലും തലയിൽ കുറ്റം ചുമത്തി കൈ കഴുകുന്ന പോലീസ് സംവിധാനം. സിസ്റ്റത്തിന്റെ ക്രൂരതയിൽ നിസ്സഹായരായി നിൽക്കേണ്ടിവരുന്ന സാധാരണക്കാർ. ഈയൊരു പ്രമേയത്തിൽ തെന്നിന്ത്യൻ സിനിമയിൽ ധാരാളം ചിത്രങ്ങൾ വന്നിരിക്കുന്നു. അക്കൂട്ടത്തിലേക്കാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം നിർവഹിച്ച ഹെയിൽ മേരി എത്തുന്നത്. ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് തിരക്കഥ. ജി.ആർ. ഇന്ദുഗോപന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട നോവലാണ് ചിത്രത്തിന് ആധാരം.

മധു എന്ന സ്കൂൾ ബസ് ഡ്രൈവറെ തേടി ഒരു സുപ്രഭാത്തിൽ പോലീസ് സംഘമെത്തുകയാണ്. വർഷങ്ങൾക്കുമുൻപ് മധുവിനെ സംശയമുനയിൽ നിർത്തിയ ഒരു കേസിന്റെ പുനരന്വേഷണമാണ് സംഗതി. 45 ദിവസത്തിനുള്ളിൽ പോലീസിന് കേസ് തെളിയിച്ച് നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം. എന്നാൽ തന്നെ പ്രതിയാക്കി കേസവസാനിപ്പിക്കാനാണ് പോലീസ് നീക്കമെന്ന് മധു മനസ്സിലാക്കുന്നു. ഇതോടെ സ്വന്തം നിരപരാധിത്വം തെളിയിക്കുക എന്നത് തന്റെമാത്രം അനിവാര്യതയാണെന്ന് തിരിച്ചറിയുന്ന ഇയാൾ തന്നെ പൂട്ടാൻ നോക്കുന്ന പോലീസിനൊപ്പം ചേർന്ന് കേസ് അന്വേഷിക്കുകയാണ്. പ്രതിയും കുറ്റാന്വേഷകനും ഒരാളാകുന്ന അവസ്ഥ. ഹെയിൽ മേരിയുടെ യാത്ര ഇങ്ങനെയാണ്.

പ്രതികരിക്കില്ല എന്നുറപ്പുള്ള സാധാരണക്കാരനോട് പോലീസ് ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങൾ വെച്ചുപുലർത്തുന്ന നീതികേടാണ് അടിസ്ഥാനപരമായി ചിത്രത്തിന്റെ പ്രമേയം.  തുടങ്ങി വലിയ താമസമില്ലാതെ പറയാനുദ്ദേശിക്കുന്ന പ്രധാന പോയിന്റിലേക്ക് ചിത്രം എത്തുന്നുണ്ട്. അതേസമയം ചില കഥാപാത്രങ്ങളുടെ കാരക്റ്റർ ഡെവലപ്മെന്റ് പരിശോധിച്ചാൽ ഇങ്ങനെയൊക്കെ ചുരുങ്ങിയ സമയംകൊണ്ട് നടക്കുമോയെന്ന സംശയവും ഉണ്ടാകുന്നുണ്ട്.

മധുവിന് പോലീസുകാരിൽനിന്ന് നേരിടേണ്ടിവരുന്ന തുറിച്ചുനോട്ടങ്ങളിലൂടെയും മാനസികപീഡനങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. ഒരുഘട്ടത്തിൽ മധു ചെറുത്തുനിൽക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. താൻ തെറ്റുകാരനല്ലെന്ന് തെളിയിക്കാൻ മധു നടത്തുന്ന അന്വേഷണവും അതിലൂടെ അയാൾ എത്തിച്ചേരുന്ന നിഗമനങ്ങളുമാണ് പിന്നീട് പ്രേക്ഷകർ കാണുക. ഇതിനിടയിൽ പുതിയ ചില കഥാപാത്രങ്ങൾകൂടി രംഗപ്രവേശം ചെയ്യുന്നതോടെ ചിത്രം അപ്രവചനീയമായി മാറുന്നു.

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. ഒരേസമയം പ്രതിയും കുറ്റാന്വേഷകനുമായ കഥാപാത്രം കുഞ്ചാക്കോ ബോബനിൽ ഭദ്രമായിരുന്നു. സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും സിബി എന്ന കഥാപാത്രം സുരാജ് വെഞ്ഞാറമ്മൂട് കയ്യടക്കത്തോടെ അവതരിപ്പിച്ചു. അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്‌നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തുന്ന പ്രകടനം കാഴ്ചവെച്ചു.

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് ടീം എന്നുകേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ചിത്രം നായാട്ട് ആണ്. പോലീസ് നായാട്ട് തന്നെയാണ് ഹെയിൽ മേരിയിലെയും വിഷയം. എന്നാൽ നായാട്ടിൽനിന്ന് വ്യത്യസ്തമായി തന്നെ കുരുക്കാൻ നോക്കുന്ന സിസ്റ്റത്തോട് കലഹിച്ച്, പൊരുതുന്ന നായകനെയാണ് ഇവിടെ കാണാനാവുക. 

Content Highlights: Based on G.R. Indugopan's acclaimed novel, directed by debutant Vishnu Ravikumar, and co-written by Martin Prakkat, Hail Mary is an investigative thriller starring Kunchacko Boban as Madhu—a school bus driver who turns investigator alongside the police to prove his innocence in a reopened case, featuring strong supporting performances from Suraj Venjaramoodu, Anu Sithara, and Jagadish.