Chiram Movie Review | അവസാനിക്കാത്ത പ്രണയം, ബാവുൽ ഗാനം പോലെ ഒഴുകിപ്പടരുന്ന സിനിമാനുഭവം

മലയാളസിനിമയ്ക്ക് ഒരു ഇരട്ട സംവിധായകരെക്കൂടി ലഭിച്ചിരിക്കുന്നു. അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും മുഖ്യവേഷങ്ങളിലെത്തിയ ചിരം എന്ന ചിത്രത്തിലൂടെ. സിന്ധു പരടയിൽ, എൻ. സുധീർ എന്നിവർ ചേർന്നൊരുക്കിയ ചിത്രം പറയുന്നത് പ്രണയത്തേക്കുറിച്ചും യാത്രകളെക്കുറിച്ചും സർവോപരി ബാവുൾ സംഗീതത്തെക്കുറിച്ചുമാണ്. കേരളത്തിന്റെയും കൊൽക്കത്തയുടേയും പശ്ചാത്തലത്തിലൊരുക്കിയ ചിത്രം സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായരാണ് നിർമിച്ചിരിക്കുന്നത്.
ആദിവാസി മേഖലയിൽനിന്ന് ബാവുൾസംഗീതത്തിൽ ഡോക്ടറേറ്റ് ലഭിച്ച ചാന്ദ് എന്ന പെൺകുട്ടിയെക്കുറിച്ചും അവർ ടീച്ചറമ്മ എന്നുവിളിക്കുന്ന സീതാലക്ഷ്മിയേയും തേടി ഒരു മാധ്യമപ്രവർത്തക നടത്തുന്ന അന്വേഷണത്തിലൂടെയാണ് 'ചിരം' ആരംഭിക്കുന്നത്. അതുപിന്നെ സീതയേയും അവരുടെ കൊൽക്കത്ത ജീവിതത്തേയും ബാവുൾ സംഗീതത്തേയും അവരുടെ പ്രണയിതാവായ സാം അലക്സിലേക്കും എത്തുന്നു. ചിരം എന്ന പേരുതന്നെയാണ് ചിത്രത്തിന്റെ കഥയെന്നും പറയാം.
ബാവുൾ സംഗീതത്തേയും കാടിനേയും സംയോജിപ്പിക്കുന്ന ആഖ്യാനശൈലിയാണ് ചിത്രത്തിന്റേത്. ബാവുൾ കലാകാരന്മാർ സംഗീതത്തെ എങ്ങനെയാണ് ജീവനായി കരുതുന്നതെന്നും അവർ എങ്ങനെയാണ് സംഗീതത്തിൽ അലിയുകയും മണ്ണോടടിയുകയും ചെയ്യുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു. കാടിനെ അടുത്തറിയുന്ന, കാട്ടിൽ ജീവിക്കുന്ന മനുഷ്യരും ഇങ്ങനെതന്നെയാണെന്നും ചിരം വ്യക്തമാക്കുന്നു. കാടിന്റെ വന്യതയിലെ സംഗീതവും പ്രേക്ഷകർ അടുത്തറിയുന്നുണ്ട്.
ബംഗാളിലെ ബാവുൾ സംഗീതമാണ് ചിരം എന്ന ചിത്രത്തിന്റെ ആത്മാവ്. ബാവുൾ സംഗീതമെന്ന ഘടകമില്ലാതെ ഒരു ഫ്രെയിം പോലും ചിത്രത്തിലില്ല. യഥാർത്ഥ ബാവുൾ കലാകാരന്മാർ ഉൾപ്പെടുന്ന രംഗങ്ങളും സ്ക്രീനിലെത്തുന്നുണ്ട്. കഥയുടെ സിംഹഭാഗവും നടക്കുന്നത് കൊൽക്കത്തയിലായതിനാൽ വിശ്വഭാരതി സർവകലാശാലയും രബീന്ദ്രനാഥ ടാഗോറുമെല്ലാം കഥാഗതിയിൽ കടന്നുവരുന്നുണ്ട്. പ്രണയം, സംഗീതം എന്നിവയ്ക്കാണ് പ്രാധാന്യമെങ്കിലും ആദിവാസി മേഖലയിൽ നടക്കുന്ന ചൂഷണങ്ങളേക്കുറിച്ചും ചിത്രം കാട്ടിത്തരുന്നുണ്ട്.
ഐശ്വര്യ മിഥുൻ കോറോത്ത് അവതരിപ്പിക്കുന്ന സീതാലക്ഷ്മിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. സീതാലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങൾ ഐശ്വര്യ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സീതാലക്ഷ്മി എന്ന കൊൽക്കത്തയിലെ റിസർച്ച് സ്കോളറിൽനിന്ന് ആദിവാസി മേഖലയിലെ ടീച്ചറമ്മയിലേക്കുള്ള കൂടുമാറ്റം ഐശ്വര്യ ഭംഗിയാക്കിയിട്ടുണ്ട്. പ്രണയവും നിരാശയും കാത്തിരിപ്പുമെല്ലാം നിറഞ്ഞതാണ് ഈ കഥാപാത്രം. സാം എന്ന ഫോട്ടോഗ്രാഫറായെത്തുന്നത് അനൂപ് മേനോനാണ്. നാടോടിയെപ്പോലുള്ള ഈ കഥാപാത്രം അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിച്ചു. ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
എം.ജയചന്ദ്രൻ, ഗിരീഷ് നാരായണൻ എന്നിവരൊരുക്കിയ ഗാനങ്ങൾ കാതിന് ഇമ്പമേകുന്നവയായിരുന്നു. ആനന്ദ് ബാലകൃഷ്ണന്റെ ക്യാമറയും സിനിമയ്ക്ക് മുതൽക്കൂട്ടാണ്. ചിരമെന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണർത്ഥമാക്കുന്നത്. പ്രകൃതിയും കാടും സംഗീതവും പ്രണയവുമെല്ലാം എക്കാലവും ഈ ഭൂമിയിൽനിലനിൽക്കുമെന്നാണ് സംവിധായകർ ചിത്രത്തിലൂടെ അർത്ഥമാക്കുന്നത്. നല്ല ഗാനങ്ങളുള്ള, ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളുള്ള, ശാന്തമായി കാണാവുന്ന മികച്ച ചിത്രമാണ് ചിരം.
Content Highlights: Chiram delivers a soulful cinematic experience blending deep romance, waiting, and tribal reality with the ethereal touch of Bengal's traditional Baul music, driven by earnest performances from Aishwarya Mithun Koroth and Anoop Menon.