ഈ ചട്ടമ്പിയെ നിങ്ങൾ ഉപേക്ഷിക്കില്ല| Chattambi Review

#ലോക്നാഥ് മഹേഷ്
ചട്ടമ്പിയിൽ ശ്രീനാഥ് ഭാസി
ചട്ടമ്പിയിൽ ശ്രീനാഥ് ഭാസി

താഴേതിൽ അവിര മകൻ സക്കറിയ എന്ന കറിയ നാട്ടിലെ ചട്ടമ്പിയാണ്. പക്ഷെ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഈ ചട്ടമ്പിയെ നിങ്ങൾ ഉപേക്ഷിക്കില്ല. കൂടെക്കൂട്ടും. തിരക്കാഥാകൃത്ത്, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഏറ്റവും എളുപ്പത്തിൽ ഉപമിക്കാവുന്നത് തമിഴിൽ ഇറങ്ങിയ സുബ്രഹ്മണ്യപുരം, പരുത്തിവീരൻ തുടങ്ങിയ സിനിമകളുമായിട്ടാണ്. 

ശ്രീനാഥ് ഭാസി എന്ന താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രകടനം, അതും വളരെ പരുക്കനായ ഒരു കഥാപാത്രമായി. ആദ്യ കൈയ്യടി സിനിമയുടെ സംവിധായകന് തന്നെയാണ്. ആഷിഖ് അബുവിന്റെ അസോസിയേറ്റ് ഡയറക്ടർ സ്വതന്ത്ര സംവിധായകനാകുമ്പോൾ തന്റെ മുൻഗാമികളായ ദിലീഷ് പോത്തന്റേയും മധു സി നാരായണന്റേയും പാതയിൽ തന്നെയാണ്. കലാമൂല്യമുള്ള ഹിറ്റ് ചിത്രം എന്ന ഫോർമുല സംവിധായകൻ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

ചെറുപ്പത്തിലെ സ്വന്തം അപ്പനെ തല്ലിയാണ് കറിയ തുടങ്ങുന്നത്. അമ്മച്ചിയോട് സ്നേഹമുണ്ടെങ്കിലും അതൊന്നും കറിയ പ്രകടിപ്പിക്കുകയില്ല. മൂട്ടാട്ടിൽ ജോൺ എന്ന സ്ഥലത്തെ പലശിക്കരാന്റെ ഗുണ്ടയാണ് കറിയ. എന്നാൽ ജോൺ തന്നെ അന്യനായി കാണുന്നു എന്ന വികാരവും കറിയ പ്രകടിപ്പിക്കുന്നുണ്ട്. മാനസികമായി അകലുന്ന ഇവർ ഒരുഘട്ടത്തിൽ ശത്രുക്കളായി മാറുന്നു. ഇവിടെ ജോണിനെ രക്ഷിക്കാൻ മറ്റൊരാൾ അയാളറിയാതെ കളത്തിലിറങ്ങുന്നു. ഇങ്ങിനെയാണ് ചട്ടമ്പി പുരോഗമിക്കുന്നത്.

സിസിലി എന്ന കഥാപാത്രമായി ഗ്രേസ് ആന്റണി അത്യുജ്ജ്വല പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ഗുരു സോമസുന്ദരത്തിന്റെ മുനിയാണ്ടി എന്ന കഥാപാത്രവും ചെമ്പന്റെ ജോണും ബിനു പപ്പുവിന്റെ ബേബിയും എടുത്തുപറയേണ്ട കഥാപാത്രങ്ങളാണ്. ചെമ്പന്റെ പിതാവ് കോര എന്ന കഥാപാത്രമായി വന്ന ചിലമ്പൻ എന്ന നടന് മലയാള സിനിമയിൽ ഇനിയും അവസരങ്ങൾ ഉറപ്പാണ്.

തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചത് അലക്സ് ജോസഫാണ്. എഴുത്തിൽ നി​ഗൂഢത നിലനിർത്താനും അത് ക്യാമറയിലൂടെ നമ്മളിലേക്ക് പകർന്നു നൽകാനും അദേഹത്തിന് സാധിച്ചിട്ടുണ്ട്. ഡോൺ പാലത്തറയുടെ കഥക്ക് ആത്മാവ് ചോരാതെയുള്ള തിരക്കഥ ഒരുക്കാൻ അലക്സിനായി.

അഭിലാഷ് എസ് കുമാറിന്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്. പോപ്പുലർ സിനിമയുടെ ചട്ടക്കൂടിലേക്ക് എടുത്തുവെക്കാൻ എളുപ്പത്തിൽ സാധിക്കാവുന്ന ഒരു ചിത്രത്തെ ട്രീറ്റ്മെന്റുകൊണ്ട് മറ്റൊരു തലത്തിലെത്തിക്കാൻ അദേഹത്തിന് സാധിച്ചു. പതിയെ കത്തിക്കയറുന്ന വെടിക്കാട്ടാണ് ചട്ടമ്പി എന്ന് നിസംശ്ശയം പറയാം.

Content Highlights: chattambi review, sreenath bhasi new movie, chemban vinod, guru somasundaram