കലയുടെയും സംഗീതത്തിന്റെയും ആഘോഷമൊരുക്കാൻ 'കൊച്ചില്ലൗട്ട്' വരുന്നു

കൊച്ചി: കലയുടെയും സംഗീതത്തിന്റെയും ആഘോഷമൊരുക്കി ആസ്വാദകർക്ക് പുത്തൻ അ‌നുഭവം പകരാൻ 'കൊച്ചില്ലൗട്ട്' (KoChillOut) വരുന്നു. 'വൺ കൊച്ചി' നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപം ഒരുക്കിയിരിക്കുന്ന ഗാലറി എ.ഡി. 1498 (Gallerie A.D. 1498) ലോഞ്ചിനോടനുബന്ധിച്ച് ഒക്ടോബർ 17, 18 തീയതികളിലാണ് കലാവിരുന്ന്.

17ന് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചിത്രകാരനും ശിൽപയും മ്യൂസിയം ഓഫ് ഗോവ സ്ഥാപകനുമായ സുബോധ് കെർകർ ഗാലറി ലോഞ്ച് ചെയ്യും. കൊച്ചില്ലൗട്ടിന്റെ ഭാഗമായി ജടായു, വിനോദ് വർമ ആൻഡ് ഫ്രണ്ട്സ്, രാജീവ് രാജ കമ്പയ്ൻ, ആര്യ ദയാൽ, ചള്ളി-ഇവെൻഫ്ലോ എന്നീ ബാൻഡുകളും കലാകാരൻമാരും സ്റ്റേജിലെത്തും.

'ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഡിസ്ട്രിക്സ് എന്ന ആശയമാണ് വൺ കൊച്ചിയിലൂടെ യാഥാർത്ഥ്യമാകുന്നത്. ഗാലറി എ.ഡി. 1498 വെറുമൊരു മ്യൂസിയമോ ഗാലറിയോ ഹോട്ടലോ അ‌ല്ല, കലാകാരൻമാരും ആസ്വാദകരും ഒന്നിക്കുന്നൊരു ആശ്രമമാണ്.' വൺ കൊച്ചിയുടെ അ‌ണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

എംഎഫ് ഹുസൈൻ, അ‌ഞ്ജലി ഇള മേനോൻ, സി.എൻ.കരുണാകരൻ, നമ്പൂതിരി, യൂസുഫ് അ‌റക്കൽ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ഗാലറിയുടെ ഭാഗമായുണ്ടാകും. പ്രീതി ചെല്ലപ്പൻ, സുബോധ് കെർകർ, ജോർജ് മാർട്ടിൻ, വനേസ മെയ്സ്റ്റർ, വൈശാഖ് മേനോൻ, രൂപേഷ് പ്രകാശ് തുടങ്ങിയ സമകാലിക കലാകാരൻമാരുടെ സൃഷ്ടികളും ഇതോടൊപ്പം പ്രദർശിപ്പിക്കും.

മഹാൻമാരായ കലാകാരൻമാർക്കുള്ള ആദരവും സമകാലിക കലാകാരൻമാർക്ക് അ‌വസരവും നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കേരളത്തിന്റെ കലാപാരമ്പര്യം പ്രദർശിപ്പിക്കാനും വളർത്താനുമുള്ള ഇടമാണ് ഗാലറി എ.ഡി. 1498 ഒരുക്കുന്നതെന്നും ഗാലറിയുടെ ക്യൂറേറ്റർ അ‌ഞ്ജലി പറഞ്ഞു.

യുവ കലാകാരൻമാർക്ക് അ‌വസരം നൽകുന്നതിനായി മൂന്നു മാസത്തിൽ മാറ്റം വരുത്തുന്ന 'മൂവിങ് ഗാലറി'യും ഇവിടെയുണ്ട്. എല്ലാ വർഷവും വിവിധ മേഖലകളിൽ നിന്നുളള 34 പേർക്ക് അ‌മ്പാസഡർഷിപ്പ് പ്രോഗ്രാമും വൺ കൊച്ചി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രരചയിതാക്കൾക്കും ശിൽപികൾക്കും പുറമേ നർത്തകർ, ഷെഫുമാർ, ആർക്കിടെക്ട്സ്, ഡിസൈനർമാർ, തോട്ട് ലീഡർമാർ തുടങ്ങിയവർ പ്രോഗ്രാമിന്റെ ഭാഗമാവും.