‘ഹിന്ദു വിരുദ്ധവും തമിഴ് വിരുദ്ധവും, ചരിത്രം വളച്ചൊടിച്ചു’;പരാശക്തി നിരോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്

ചെന്നൈ: ശിവകാർത്തികേയൻ നായകനായ സിനിമ ‘പരാശക്തി’ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് യൂത്ത് കോൺഗ്രസ് രംഗത്ത്. സിനിമയിൽ കോൺഗ്രസ് ഉൾപ്പെട്ട ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചിരിക്കുന്നതായും ഹിന്ദു വിരുദ്ധതയും തമിഴ് വിരുദ്ധതയും മുന്നോട്ടുവെയ്ക്കുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
സിനിമയിലെ കെട്ടിച്ചമച്ച രംഗങ്ങൾ നീക്കണമെന്നും നിർമാതാക്കൾ പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരുൺ ഭാസ്കർ സാമൂഹിക മാധ്യമത്തിലാണ് പ്രസ്താവന പുറത്തുവിട്ടത്. പാർട്ടി വക്താവ് എം. കുമാരമംഗലം ഇതുപങ്കുവെച്ചു.
പോസ്റ്റ് ഓഫീസ് ഫോമുകളിൽ ഹിന്ദി മാത്രമേ പാടുള്ളൂ എന്ന് സിനിമയിൽ പറയുന്ന കാര്യം കെട്ടിച്ചമച്ചതാണ്. 1965-ൽ അന്നത്തെ കോൺഗ്രസ് സർക്കാർ പോസ്റ്റ് ഓഫീസ് ഫോമുകൾ ഹിന്ദിയിൽ മാത്രമേ പൂരിപ്പിക്കാവൂ എന്ന് ഔദ്യോഗിക ഉത്തരവിറക്കിയിരുന്നില്ല. ഈ രംഗം കെട്ടിച്ചമച്ചതും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ വേണ്ടിയുമാണ്. ശിവകാർത്തികേയന്റെ കഥാപാത്രം ഇന്ദിരാഗാന്ധിയെ കണ്ട് സംസാരിക്കുന്ന രംഗവും അപകീർത്തികരമാണ്. ഇന്ദിരാഗാന്ധി മോശമായി സംസാരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.
ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മരിച്ച നേതാക്കളെക്കുറിച്ച് കഥകൾ മെനയുന്നത് നിയമവിരുദ്ധമാണ്. അതിനാൽ ചരിത്രവസ്തുതകളെ വളച്ചൊടിക്കുന്ന ഈ ചിത്രത്തിന് വിലക്കേർപ്പെടുത്തണം. ഇത്തരം രംഗങ്ങൾ ഉടനടി ഒഴിവാക്കണം, നിർമാതാക്കൾ പൊതുസമൂഹത്തോട് മാപ്പ് പറയണം. പരാശക്തിക്കെതിരേ പ്രതിഷേധിക്കാനും കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനംചെയ്തിട്ടുണ്ട്. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ചയാണ് സുധാ കൊങ്കര സംവിധാനംചെയ്ത ‘പരാശക്തി’ പ്രദർശനത്തിനെത്തിയത്.
Content Highlights: 'Ban Parasakthi,' Demands Tamil Nadu Youth Congress Over 'Distortion Of History'