ഒപ്പം അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് യോഗി ബാബു, ഏത് ടൈപ്പ് പടത്തിലായാലും റെഡിയെന്ന് ദുൽഖർ

ദുൽഖർ സൽമാൻ, യോ​ഗി ബാബു | ഫോട്ടോ: www.facebook.com/DQSalmaan, twitter.com/AVinthehousee
ദുൽഖർ സൽമാൻ, യോ​ഗി ബാബു | ഫോട്ടോ: www.facebook.com/DQSalmaan, twitter.com/AVinthehousee

ണം റിലീസായെത്തുന്ന കിം​ഗ് ഓഫ് കൊത്തയുടെ പ്രചാരണത്തിരക്കുകളിലാണ് ദുൽഖർ സൽമാൻ. പ്രചാരണത്തിന്റെ ഭാ​ഗമായി തമിഴ് മാധ്യമമായ വികടൻ നൽകിയ അഭിമുഖത്തിൽ താരം ഒരു നടനേക്കുറിച്ചുപറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. ഇഷ്ടപ്പെട്ട തമിഴ് കൊമേഡിയൻ ആരെന്ന അവതാരകയുടെ ചോദ്യത്തിന് ദുൽഖർ നൽകിയ മറുപടി യോ​ഗി ബാബു എന്നായിരുന്നു. അഭിമുഖത്തിന്റെ ഈ ഭാ​ഗം യോ​ഗി ബാബു തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

നല്ലൊരു മനുഷ്യനാണ് യോ​ഗി ബാബുവെന്നാണ് അവതാരകയ്ക്ക് ദുൽഖർ സൽമാൻ നൽകിയ മറുപടി. കളങ്കമില്ലാത്ത മനുഷ്യനാണ്. ഇടയ്ക്ക് സുഖവിവരങ്ങൾ തിരക്കി തനിക്ക് മേസെജ് അയയ്ക്കും. താൻ ചെയ്യുന്നതിന്റെ ഒരു പങ്ക് മറ്റുള്ളവരിലേക്കും എത്തിക്കും. വളരെ കുറച്ചുപേരേ അങ്ങനെയുള്ളൂ. സന്തോഷവാനായ ഒരാളാണ്. അഭിനയത്തിന്റെ ഇടവേളയിൽ ക്രിക്കറ്റ് കളിക്കാനും പോകും. ചെയ്യുന്നതെല്ലാം നന്നായി ആസ്വദിക്കുകയും ചെയ്യും എന്നാണ് ദുൽഖർ യോ​ഗി ബാബുവിനേക്കുറിച്ച് പറഞ്ഞത്.

ദുൽഖറിനൊപ്പം സിനിമ ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ദുൽഖറിന്റെ വാക്കുകൾ ട്വീറ്റ് ചെയ്തുകൊണ്ട് യോ​ഗി ബാബു കുറിച്ചത്. ദുൽഖറിനൊപ്പം കോമഡി രം​ഗങ്ങൾ ചെയ്യാനാ​ഗ്രഹമുണ്ടെന്നും യോ​ഗി ബാബു എഴുതി. ഇതിന് മറുപടിയുമായി ദുൽഖറും രം​ഗത്തെത്തി. കാത്തിരിക്കുന്നു. കോമഡി മാത്രമല്ല, നിങ്ങൾ ഏതുവേഷവും ചെയ്യും. ഏത് ജോണറിൽപ്പെട്ട ചിത്രമായാലും നിങ്ങൾക്കൊപ്പം ഞാനഭിനയിക്കും. എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് നിങ്ങൾ. ദുൽഖർ എഴുതി.

ഈ മാസം 24-നാണ് ഓണച്ചിത്രമായ ദുൽഖർ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പം ഷബീർ കല്ലറക്കൽ, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. 

Content Highlights: yogi babu and dulquer salmaan tweet and reply, king of kotha jailer movie