'നഗ്നരംഗംപോലും കോപ്പിയടിച്ചു, പക്ഷേ പരാജയപ്പെട്ടു'; ടോക്സിക്കിനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

#മൂവി ഡെസ്ക്
ടോക്സിക് എന്ന ചിത്രത്തിൽനിന്നുള്ള രം​ഗങ്ങൾ | സ്ക്രീൻ​ഗ്രാബ്, X
ടോക്സിക് എന്ന ചിത്രത്തിൽനിന്നുള്ള രം​ഗങ്ങൾ | സ്ക്രീൻ​ഗ്രാബ്, X

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയിലറിനെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ട്രെയിലറിലെ ചില രംഗങ്ങൾക്ക് രൺബീർ കപൂർ നായകനായ അനിമൽ എന്ന ചിത്രത്തിലെ രംഗങ്ങളുമായി സാദൃശ്യമുണ്ടെന്നാണ് ഇവർ വാദിക്കുന്നത്. രണ്ട് നടന്മാരുടെയും ലുക്കും ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും തമ്മിൽ സാദൃശ്യമുണ്ടെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ചിലർ യഷിന്റെ സ്ക്രീൻ പ്രസൻസിനെയും ട്രെയ്‌ലറിന്റെ ദൃശ്യഭംഗിയെയും പ്രശംഭിച്ചപ്പോൾ, മറ്റുചിലർ രണ്ട് ചിത്രങ്ങളും തമ്മിലുള്ള സമാനതകളെ ചോദ്യം ചെയ്തു. ടോക്സിക്കിന്റെ ട്രെയിലറിൽ ഒരിടത്ത് യഷിനെ നഗ്നനായി കാണിക്കുന്ന രംഗമുണ്ട്. ഇത് 'അനിമൽ' സിനിമയിൽനിന്ന് കോപ്പിയടിച്ചതാണെന്നാണ് വിമർശകർ പറയുന്നത്.

രൺബീറിൽ നിന്ന് കോപ്പി അടിക്കുന്നതിലും പ്രചോദനം ഉൾക്കൊള്ളുന്നതിലും യഷ് പിഎച്ച്ഡി എടുത്തിട്ടുണ്ട് എന്നാണ് ഒരാൾ എക്സിൽ പ്രതികരിച്ചത്. ഈ ചിത്രം കാണുമ്പോൾ രൺബീർ കപൂറിന്റെ ആനിമലിലെ രംഗമാണ് ഓർമ്മ വരുന്നത് എന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. കൂടാതെ, 'ടോക്സിക്' ട്രെയിലർ ആനിമൽ സിനിമയുടെ ഒരു വിലകുറഞ്ഞ കോപ്പി മാത്രമാണെന്നും, 'അനിമലി'ലെ രൺബീർ കപൂറിന്റെ രംഗം അനുകരിക്കാൻ യഷ് ശ്രമിച്ചെങ്കിലും അത് ദയനീയമായി പരാജയപ്പെട്ടുവെന്നും വിമർശിച്ചുകൊണ്ട് എക്സിൽ പോസ്റ്റുകൾ വന്നിട്ടുണ്ട്.

എങ്കിലും ഈ താരതമ്യങ്ങളെയെല്ലാം തികച്ചും പോസിറ്റീവായി കാണുന്ന ആരാധകരും കുറവല്ല. വിമർശകർക്ക് മറുപടിയെന്നോണം ഒരു എക്സ് ഉപയോക്താവ് കുറിച്ചത്, "യഥാർത്ഥ 'ആനിമൽ' എന്താണെന്ന് യഷ് രൺബീറിന് കാണിച്ചു കൊടുക്കാൻ പോവുകയാണ്" എന്നാണ്.

രണ്ട് ചിത്രങ്ങളുടെയും പ്രമേയങ്ങൾ തമ്മിലും ചില സാദൃശ്യങ്ങൾ ഉണ്ടെന്നും വിലയിരുത്തലുകളുണ്ട്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമൽ എന്ന ചിത്രം രൺബീർ കപൂർ അവതരിപ്പിച്ച രൺവിജയ് സിംഗും അദ്ദേഹത്തിന്റെ അച്ഛൻ ബൽബീർ സിംഗും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ചാണ് സംസാരിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ഫാന്റസി ഗ്യാങ്സ്റ്റർ ഡ്രാമയും അച്ഛനും മകനും തമ്മിലുള്ള പ്രശ്നഭരിതമായ ബന്ധത്തെ കേന്ദ്രീകരിച്ചുള്ളതാണെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഇതിൽ യഷ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞദിവസമാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Following the launch of the Toxic: A Fairytale for Grown-Ups trailer, social media erupted in debate as moviegoers drew sharp comparisons between Yash's intense gangster persona and Ranbir Kapoor's look in Sandeep Reddy Vanga's 2023 blockbuster Animal.