'ടോക്സിക് ധീരമായ പരീക്ഷണം'; യഷിന് പിന്തുണയുമായി ഋഷഭ് ഷെട്ടി, ചിത്രത്തിന് പ്രശംസ

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് പ്രധാന വേഷത്തിലെത്തിയ 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺഅപ്സ്' എന്ന ചിത്രത്തെ പ്രശംസിച്ച് നടൻ ഋഷഭ് ഷെട്ടി. വിമർശനങ്ങൾക്കിടെ ചിത്രത്തിലെ നായകൻ യഷിനെ പിന്തുണച്ചാണ് ഋഷഭിന്റെ സാമൂഹികമാധ്യമ പോസ്റ്റ്. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തിയതിന് ഋഷഭ് യഷിനെ പ്രശംസിച്ചു. ചിത്രത്തെ 'ധീരമായ പരീക്ഷണം' എന്നാണ് ഋഷഭ് വിശേഷിപ്പിച്ചത്.
'ഒരു കലാകാരൻ എന്ന നിലയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അതിലേക്ക് പൂർണമായും മനസ്സ് അർപ്പിക്കാൻ ശ്രമിക്കും. കരുത്തനായ മനുഷ്യന്റെ പോരാട്ടങ്ങൾ എത്രത്തോളം അർപ്പണബോധത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നത് എന്നെ ഏറെ ആകർഷിച്ചു. സാധാരണ സിനിമകൾ സഞ്ചരിക്കുന്ന പാതയിലായിരിക്കില്ല ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളും നീങ്ങുന്നത്. എന്നാൽ അതിനർഥം ചിത്രം സഞ്ചരിക്കുന്ന വഴി തെറ്റാണെന്നല്ല. ഒരു ആശയം സിനിമയായി വെള്ളിത്തിരയിൽ എത്തുന്നത് വരെയുള്ള ശ്രമവും യാത്രയും വളരെ വലുതാണ്,' ഋഷഭ് കുറിച്ചു.
സിനിമ ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രകടനത്തിന് കഥാപാത്രത്തിന് പൂർണമായി വഴങ്ങിക്കൊടുത്ത യഷിനെ ഋഷഭ് അഭിനന്ദിച്ചു. കുറ്റബോധവും ജീവിതത്തിലെ വിഷാദാവസ്ഥയും പ്രേക്ഷകർക്ക് അനുഭവിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും നടൻ കൂട്ടിച്ചേർത്തു. ഇത്തരമൊരു ധീരമായ പരീക്ഷണത്തിന് മുതിർന്ന യഷിനെ താൻ പിന്തുണയ്ക്കുന്നതായും ഋഷഭ് വ്യക്തമാക്കി. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആദരവോടെ കാണുന്നുവെന്നും ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ 'ടോക്സിക്' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഉപേന്ദ്ര, കിച്ച സുദീപ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പിന്നാലെയാണ് ഋഷഭ് ഷെട്ടിയും ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
Content Highlights: Actor Rishab Shetty publicly praised Yash and the movie 'Toxic: A Fairy Tale for Grown-ups' directed by Geethu Mohandas. Describing the film as a bold experiment, Shetty lauded Yash for his dedication and effort in raising Kannada cinema to a global standard. He emphasized that portraying complex emotions like guilt and depression on screen is no easy feat and respected Yash's creative choices. Despite facing mixed reviews since its release on August 26, the star-studded movie continues its theatrical run with an ensemble cast including Nayanthara and Kiara Advani. Rishab Shetty joins other prominent Kannada cinema figures like Upendra and Kiccha Sudeep who have previously extended their support to the film.