ഓടിയടുത്ത ആരാധകനെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥൻ, ചേർത്തുനിർത്തി സെൽഫിയെടുത്ത് യഷ്; വീഡിയോ വൈറൽ

കന്നഡ സിനിമയിൽനിന്നു പാൻ-ഇന്ത്യൻ തലത്തിലേക്ക് വളർന്ന് ആരാധകരുടെ ഹൃദയം കവർന്ന താരമാണ് യഷ്. തന്റെ അഭിനയമികവ് കൊണ്ട് മാത്രമല്ല, ആരാധകരോടുള്ള സ്നേഹവും കരുണയും നിറഞ്ഞ പെരുമാറ്റംകൊണ്ടും അദ്ദേഹം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഏറ്റവും ഒടുവിലായി ഹൈദരാബാദിൽ നടന്ന തന്റെ പുതിയ ചിത്രമായ 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ ആരാധകരോട് അദ്ദേഹം കാണിച്ച സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
ഹൈദരാബാദിൽ നടന്ന ചടങ്ങിനിടെ ഒരു യുവ ആരാധകൻ യഷിനൊപ്പം സെൽഫി എടുക്കാനായി അദ്ദേഹത്തിന് അടുത്തേക്ക് ഓടിയെത്തി. ഈ സമയം താരത്തിന്റെ സുരക്ഷാ ജീവനക്കാരൻ (ബോഡിഗാർഡ്) ആരാധകനെ തടയാനും പിടിച്ചുമാറ്റാനും ശ്രമിച്ചു. എന്നാൽ, യഷ് ഉടനടി ഇടപെടുകയും സുരക്ഷാ ജീവനക്കാരനോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ആരാധകനെ ചേർത്തുനിർത്തി അദ്ദേഹം സന്തോഷത്തോടെ സെൽഫിക്ക് പോസ് ചെയ്തു. ഈ ഹൃദ്യമായ നിമിഷം കണ്ടുകൊണ്ട് കൂടെയുണ്ടായിരുന്ന സഹനടി ഹുമ ഖുറേഷി പുഞ്ചിരിക്കുന്നത് വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ തരംഗമായ ഈ വീഡിയോക്ക് താഴെ യഷിനെ "തങ്കപ്പെട്ട മനുഷ്യൻ" എന്നും "യഥാർത്ഥ ഹീറോ" എന്നും വിശേഷിപ്പിച്ചു കൊണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.
ഇതേ ചടങ്ങിൽ യഷിന്റെ മറ്റൊരു പെരുമാറ്റവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. യഷിനെ കാണാനായി മാത്രം ഒഡീഷയിൽനിന്നു യാത്ര ചെയ്ത് ഹൈദരാബാദിൽ എത്തിയ ഒരു ആരാധകൻ താൻ വരച്ച യഷിന്റെ ചിത്രം ഉയർത്തിക്കാട്ടി ദൂരെ നിന്ന് കൈവീശുന്നുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാർ ഇയാളെ യഷിന് അടുത്തേക്ക് വരാൻ അനുവദിച്ചിരുന്നില്ല. ഇതുകണ്ട യഷ് ആ ആരാധകനെ അരികിലേക്ക് വിളിച്ചുവരുത്തുകയും ചിത്രത്തിൽ ഒപ്പിട്ടു നൽകി ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. തന്നെ കാണാൻ അത്രയും ദൂരം സഞ്ചരിച്ചെത്തിയ ആ ആരാധകനെ അദ്ദേഹം നിരാശനാക്കിയില്ല.
ആരാധകരുടെ സ്നേഹത്തെ മാനിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയ്ക്കും യഷ് വലിയ പ്രാധാന്യമാണ് നൽകുന്നത്. ചടങ്ങിനിടെ സ്റ്റേജിലെ ചില ഉപകരണങ്ങൾ തകർന്നു വീഴുകയും രണ്ട് ആരാധകർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ അദ്ദേഹം തന്റെ പ്രസംഗം താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ, കൂടുതൽ കാഴ്ച ലഭിക്കുന്നതിനായി സ്പീക്കർ സ്റ്റാൻഡുകളിൽ കയറി നിന്ന മറ്റ് ആരാധകരോട് ഉടൻതന്നെ താഴെയിറങ്ങാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ് എന്ന ചിത്രത്തിലൂടെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് യഷ് വീണ്ടും സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നത്. ഇരട്ട വേഷത്തിൽ യഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 26-നാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാവണനായി യഷ് പ്രേക്ഷകർക്ക് മുന്നിലെത്തും.
Content Highlights: During the Toxic pre-release event in Hyderabad, actor Yash won over fans online after stopping his bodyguard from pulling a fan away and posing for a selfie, further demonstrating his fan-first attitude throughout the crowded promotional event.