'ഞാനെന്നും ഞാനായിരിക്കും'; രശ്മികയുടെ 'മിസ്റ്റർ ഷോഓഫ്' പരാമർശത്തിന് യഷിന്റെ മറുപടി

#മൂവി ഡെസ്ക്
യഷ്, രശ്മിക മന്ദാന | ഫോട്ടോ: AFP, Instagram
യഷ്, രശ്മിക മന്ദാന | ഫോട്ടോ: AFP, Instagram

വർഷങ്ങൾക്കുമുൻപ് നടി രശ്മിക മന്ദാന തനിക്കെതിരെ നടത്തിയ പരാമർശത്തിന് മറുപടിയുമായി നടൻ യഷ്. 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ രജത് ശർമ്മയോട് സംസാരിക്കവേയാണ് യഷ് ഈ പഴയ വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് താരം ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റൊരാളുടെ അഭിപ്രായത്തിന് തന്നെ നിർവചിക്കാൻ കഴിയില്ലെന്നും താൻ ആരാണെന്ന് തനിക്കറിയാമെന്നും യഷ് ഈ അഭിമുഖത്തിൽ വ്യക്തമാക്കി. മറ്റൊരു നടനെ അനാദരിക്കുന്നത് തന്നോടുള്ള പിന്തുണയുടെ ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ടെലിവിഷൻ ഷോകളുടെ രീതികൾ അതിഥികളെ ചിന്തിക്കാതെ പെട്ടെന്ന് ഉത്തരം നൽകാൻ പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. അവർ ഏത് അർത്ഥത്തിലാണ് അത് പറഞ്ഞതെന്ന് തനിക്കറിയില്ല. അന്ന് അവർ പുതിയ ആളായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്നും യഷ് വ്യക്തമാക്കി. "പല സംവിധായകരും വിഷമിച്ചു. എനിക്ക് വ്യക്തിപരമായി തോന്നുന്നത് അത് സാരമില്ല എന്നാണ്. അത് ആരുടെയെങ്കിലും അഭിപ്രായമാണ്. ആർക്കും നിങ്ങളെക്കുറിച്ച് അഭിപ്രായം പറയാം. എന്നാൽ ആരുടെയെങ്കിലും അഭിപ്രായം എന്റെ വ്യക്തിത്വമായിരിക്കില്ല. ഞാൻ ആരാണ് എന്നത് ആരുടെയും കാഴ്ചപ്പാടിനെ ആശ്രയിച്ച് മാറുന്നില്ല." യഷിന്റെ വാക്കുകൾ.
 

യഷ്-രശ്മിക വിവാദം ഇങ്ങനെ

2017-ലാണ് ഈ വിവാദങ്ങൾക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു കന്നഡ ടെലിവിഷൻ പരിപാടിയുടെ റാപ്പിഡ് ഫയർ റൗണ്ടിൽ കന്നഡ സിനിമയിലെ 'മിസ്റ്റർ ഷോഓഫ്' ആരാണെന്ന ചോദ്യത്തിന് രശ്മിക യഷിന്റെ പേര് പറയുകയായിരുന്നു. ഈ പരാമർശം യഷിന്റെ ആരാധകരെ ചൊടിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ രശ്മികയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരാൻ കാരണമാകുകയും ചെയ്തു. ഇതേ തുടർന്ന് രശ്മികയ്ക്ക് ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നു.

പരിപാടിയുടെ എഡിറ്റിംഗിലൂടെ സംഭാഷണത്തിന്റെ സന്ദർഭം നഷ്ടപ്പെട്ടതാണ് വിവാദത്തിന് കാരണമായതെന്നാണ് അന്ന് രശ്മിക വ്യക്തമാക്കിയത്. ഒരു ഗെയിം എന്ന രീതിയിലാണ് താൻ ആ പേര് പറഞ്ഞതെന്നും യഷിനോട് തനിക്ക് യാതൊരുവിധ ബഹുമാനക്കുറവും ഇല്ലെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു. യഷിന്റെ കഴിവിനെയും അദ്ദേഹം തന്നെയടക്കം പലരെയും എങ്ങനെ പ്രചോദിപ്പിച്ചു എന്നതിനെയും താൻ എപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ താൻ ഏറെ അസ്വസ്ഥയാണെന്നും രശ്മിക അന്ന് വ്യക്തമാക്കിയിരുന്നു.

‘ടോക്സിക്’ ഈ മാസം തിയേറ്ററുകളിലേക്ക്

ഏതാനും ദിവസങ്ങൾക്കുമുൻപാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Addressing a 2017 controversy on Aap Ki Adalat, actor Yash stated that another person's opinion cannot alter who he is, while firmly advising his fans never to disrespect fellow actors like Rashmika Mandanna in his name.