രാവണന്റെ പത്ത് തലകൾ കൊത്തിയ കസ്റ്റം ഗോൾഡ് ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധാകേന്ദ്രമായി യഷ്

നിതേഷ് തിവാരിയുടെ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിൻ്റെ പ്രീമിയർ ലോസ് ഏഞ്ചൽസിൽ നടന്നു. ലോസ് ആഞ്ജലിസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിലെ ഡേവിഡ് ഗെഫൻ തിയേറ്ററിൽ നടന്ന പ്രീമിയർ താരസാന്നിധ്യത്താൽ സമ്പന്നമായിരുന്നു. കൂട്ടത്തിൽ രാവണനായി ചിത്രത്തിലെത്തുന്ന യഷാണ് ശ്രദ്ധാകേന്ദ്രമായത്. അതിന് കാരണമാകട്ടെ അദ്ദേഹം ധരിച്ചിരുന്ന സ്വർണ ബ്രൂച്ചും.
രാവണന്റെ പത്ത് തലകൾ ഉൾക്കൊള്ളുന്ന കസ്റ്റം ഗോൾഡ് ബ്രൂച്ചാണ് യഷ് ധരിച്ചിരുന്നത്. പൂർണ്ണമായും കറുത്ത വസ്ത്രം ധരിച്ചിരുന്ന അദ്ദേഹത്തിന്റെ രൂപത്തിന് ഈ ആഭരണം കൂടുതൽ തിളക്കം നൽകി. മനോഹരമായ കൊത്തുപണികളും നേർത്ത സ്വർണ്ണ ചങ്ങലകളും ചേർന്നതായിരുന്നു ബ്രൂച്ച്. സൺഗ്ലാസ്, സ്വർണ്ണ കമ്മലുകളും ചേർന്നപ്പോൾ പ്രീമിയറിനോടനുബന്ധിച്ചുള്ള റെഡ് കാർപ്പറ്റിൽ യഷിന്റെ സാന്നിധ്യം കൂടുതൽ ആകർഷകമായി മാറി.
രാവണന്റെ പത്ത് തലകൾ അഥവാ 'ദശമുഖൻ' എന്നത് അദ്ദേഹത്തിന്റെ അപാരമായ പണ്ഡിത്യത്തെയും അറിവിനെയുമാണ് സൂചിപ്പിക്കുന്നത്. നാല് വേദങ്ങളിലും ആറ് വേദാംഗങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പ്രവീണ്യത്തെയും ഒപ്പം അദ്ദേഹത്തിന്റെ പതനത്തിന് കാരണമായ അഹങ്കാരത്തെയും ഈ പത്ത് തലകൾ അടയാളപ്പെടുത്തുന്നു. കേവലം ഒരു വില്ലൻ എന്നതിനപ്പുറം, രാവണനെ ഒരു വിദ്വാനും യോദ്ധാവുമായ കഥാപാത്രമായി അവതരിപ്പിക്കുന്നതിന്റെ പ്രതീകമായാണ് യാഷ് ഈ ബ്രൂച്ച് ധരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രീമിയർ ചടങ്ങിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപുർ, സീതയായി എത്തുന്ന സായ് പല്ലവി എന്നിവരും യഷിനൊപ്പം പങ്കെടുത്തു. സംവിധായകൻ നിതീഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര, യഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് എന്നിവരും റെഡ് കാർപ്പറ്റിൽ അണിയറപ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി (DNEG), മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Also Read: അവതാറും ഗ്ലാഡിയേറ്ററും ലോർഡ് ഓഫ് ദ റിംഗ്സിന്റെ ലോകത്ത് ഒന്നിക്കുംപോലെ; രാമായണയെക്കുറിച്ച് നിർമാതാവ്
2026 നവംബർ 5-നാണ് 'രാമായണ: പാർട്ട് 1' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിൽ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നുണ്ട്. ഭാരതീയ ഇതിഹാസത്തെ ആഗോളതലത്തിൽ എത്തിക്കുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.
Content Highlights: Nitesh Tiwari's film 'Ramayana: Rise of a Legend' premiered at the David Geffen Theatre in Los Angeles, featuring a star-studded event. Yash, portraying Ravana, drew attention with a custom gold brooch depicting Ravana's ten heads, symbolizing wisdom and arrogance.