കിട്ടിയ 150 കോടി വേണ്ടെന്നുവെച്ചു, ഇപ്പോൾ 30 കോടി; OTTക്കും വേണ്ടാതെ ടോക്സിക്, റീ-എഡിറ്റിന് ശ്രമം

തിയേറ്ററുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഓടിടി അവകാശത്തിന്റെ കാര്യത്തിലും മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ട് യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ടോക്സിക്. ചിത്രത്തിന്റെ ബോക്സോഫീസ് പരാജയം ഓടിടി ഡീലിനെയും ബാധിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായിരുന്നില്ല. വലിയ തോതിൽ നെഗറ്റീവ് റിവ്യൂ ലഭിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസിൽ 337 കോടി രൂപയാണ് കളക്ഷൻ നേടാനായത്.
ടോക്സിക്കിന്റെ അണിയറപ്രവർത്തകർക്ക് ഒരു ഓടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് 150 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നുവെന്നാണ് ഹംഗാമ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ബോക്സ് ഓഫീസിലെ പരാജയത്തിന് ശേഷം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ യഷ് ചിത്രത്തിന് ഓഫർ ചെയ്തിരിക്കുന്നത് 30 കോടി രൂപ മാത്രമാണ്. ഒരു മുൻനിര പ്ലാറ്റ്‌ഫോമിൽ നിന്ന് ടോക്സിക് ടീമിന് 150 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നു. എന്നാൽ ടീമിന്റെ ആവശ്യം 200 കോടി രൂപയിൽ കൂടുതലായിരുന്നു. ചിത്രം തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടുമെന്നും, അതുവഴി തിയേറ്റർ റിലീസിനുശേഷമുള്ള ഒടിടി വില 200 കോടി രൂപയിൽ അധികമായി ഉയരുമെന്നും യഷിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ഫലം തികച്ചും വിപരീതമായാണ് വന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇതേത്തുടർന്ന് ടോക്സിക്കിന്റെ റീ-എഡിറ്റിന് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നെന്നും റിപ്പോർട്ടുണ്ട്. നിലവിലുള്ള തുകയേക്കാൾ വലിയ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രതീക്ഷയിൽ നിർമ്മാതാക്കൾ ഇപ്പോൾ ഡിജിറ്റൽ പതിപ്പിനായി പൂർണ്ണമായും പുതിയൊരു എഡിറ്റിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. നഷ്ടം കുറയ്ക്കാനുള്ള വഴി കണ്ടെത്താൻ ചർച്ചകൾ നടക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
18 പ്ലസ് അഡൽറ്റ് റേറ്റിങ്ങിൽ 'എ' സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ദിനത്തിൽ ഇന്ത്യയിൽ നിന്ന് മാത്രം 101.10 കോടി രൂപ കലക്‌ഷൻ നേടി മികച്ച തുടക്കം കുറിച്ചിരുന്നു. എന്നാൽ നെഗറ്റീവ് റിവ്യൂകളെ തുടർന്ന് പിന്നീടുള്ള ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഇടിയുകയായിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുഗ്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽഎൽപിയുടെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോർച്ചുഗീസ് കൊളോണിയൽ കാലഘട്ടത്തിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. മാറുന്ന ലോകത്തിൽ ഒരു ഗ്യാങ്സ്റ്ററുടെ വളർച്ചയും തളർച്ചയുമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്.
Content Highlights: Following the disappointing box office performance of Yash’s Toxic: A Fairy Tale For Grown-Ups, OTT platforms have reportedly slashed their streaming rights offers for the film from ₹150 crore down to ₹30 crore, prompting makers to consider a fresh re-edited cut for digital release.