‘ഈ ഭീകരൻ ഒടുവിൽ എല്ലാവരേയും തിരിഞ്ഞുകൊത്തും’; ഗുരുതര ആരോപണവുമായി യാമി ഗൗതം, പിന്തുണയുമായി ഹൃതിക് റോഷൻ

#മൂവി ഡെസ്ക്
യാമി ​ഗൗതം | ഫോട്ടോ: AFP
യാമി ​ഗൗതം | ഫോട്ടോ: AFP

ബോളിവുഡിൽ സിനിമയുടെ റിലീസിന് തൊട്ടുമുമ്പ് വളർന്നുവരുന്ന ഹൈപ്പ് സംസ്കാരത്തെയും പണം നൽകി നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനേയും വിമർശിച്ചുകൊണ്ട് നടി യാമി ഗൗതം. ഇത് പിടിച്ചുപറിക്കുന്നതിന് തുല്യമാണെന്ന് അവർ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. വിപണന തന്ത്രങ്ങളിലൂടെ സിനിമകൾക്ക് കൃത്രിമമായി ഹൈപ്പ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കാൻ അവർ സിനിമാ വ്യവസായത്തിലെ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. തന്റെ ഭർത്താവ് ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ എന്ന ചിത്രം റദ്ദാക്കൽ സംസ്കാരത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു.

ഒരു സിനിമയ്ക്ക് നല്ല 'ഹൈപ്പ്' ഉറപ്പാക്കാൻ പണം നൽകുന്നതോ, അല്ലെങ്കിൽ പണം നൽകിയില്ലെങ്കിൽ റിലീസിന് മുമ്പുതന്നെ നെഗറ്റീവ് കാര്യങ്ങൾ തുടർച്ചയായി എഴുതുന്നതോ ആയ ഈ പ്രവണത പിടിച്ചുപറിക്കുന്നതിന് തുല്യമാണ് എന്ന് യാമി ഗൗതം തുറന്നെഴുതി. ഒരു സിനിമയെ 'ഹൈപ്പ്' ചെയ്യാനോ അല്ലെങ്കിൽ മറ്റൊരു നടനോ സിനിമയ്‌ക്കെതിരെ നെഗറ്റീവിറ്റി പ്രചരിപ്പിക്കാനോ ആർക്കും സാധ്യമാകുന്ന ഈ ക്രമീകരണം സിനിമാ വ്യവസായത്തിന്റെ ഭാവിയെ വലിയ രീതിയിൽ ബാധിക്കാൻ പോകുന്ന ഒരു പ്ലേഗ് ആണെന്നും അവർ അഭിപ്രായപ്പെട്ടു. തന്റെ ഭർത്താവ് ആദിത്യ ധർ ധുരന്ധർ എന്ന സിനിമയ്ക്കായി ചെയ്ത കഠിനാധ്വാനത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു അവർ.

ഈ പ്രവണത വ്യവസായത്തിലെ പുതിയ "നോർമൽ" ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിയെന്നും, ഈ "ട്രെൻഡ്" എന്ന രാക്ഷസൻ ഒടുവിൽ എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും യാമി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അഞ്ചു വർഷമായി യഥാർത്ഥ വിജയവും ഉപരിപ്ലവമായ വിജയവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിൽ ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ല. കാരണം അവിടുത്തെ വ്യവസായം നിരവധി കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ടെന്നും യാമി താരതമ്യം ചെയ്തുകൊണ്ട് പറഞ്ഞു.

"ഇതുവരെയായി ഞാൻ പങ്കുവെക്കാൻ ആഗ്രഹിച്ച കാര്യമുണ്ട്. ഇന്ന് അതിൻ്റെ ദിവസമാണെന്നും ഞാൻ അത് ചെയ്യണമെന്നും എനിക്ക് തോന്നുന്നു. ഒരു സിനിമയുടെ മാർക്കറ്റിങ് എന്ന വ്യാജേന, സിനിമയ്ക്ക് നല്ല 'പ്രചാരം' ഉണ്ടാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പണം നൽകുന്ന, അല്ലെങ്കിൽ പണം കൊടുത്തില്ലെങ്കിൽ ‘അവർ’ തുടർച്ചയായി നെഗറ്റീവ് കാര്യങ്ങൾ എഴുതുമെന്നുള്ള ഈ ‘പ്രവണത’ ഒരുതരം പിടിച്ചുപറിയല്ലാതെ മറ്റൊന്നുമല്ല. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ഇത് നടക്കും. ഇത് നമ്മുടെ വ്യവസായത്തിൻ്റെ ഭാവിയെ വലിയ തോതിൽ ബാധിക്കുന്ന ഒരു മഹാമാരിയാണ്.

ദക്ഷിണേന്ത്യയിൽ ആർക്കും അത്തരം കാര്യങ്ങൾ ചെയ്യാൻ ധൈര്യമില്ല. കാരണം ആ വ്യവസായം പല മേഖലകളിലും ഒരുമിച്ച് നിൽക്കുന്നു. നമ്മുടെ ബഹുമാനപ്പെട്ട നിർമാതാക്കളോടും സംവിധായകരോടും നടന്മാരോടും ഈ ഘട്ടത്തിൽ തന്നെ ഈ പുഴുത്ത സംസ്കാരത്തെ അവസാനിപ്പിക്കാനും അതിനെ നിരുത്സാഹപ്പെടുത്താനും ഒരുമിച്ച് വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സിനിമ നിർമ്മിക്കുന്നതിൻ്റെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൻ്റെയും സന്തോഷത്തെ നമുക്ക് കൊല്ലരുത്, പ്രേക്ഷകർക്ക് അവരുടെ തോന്നലുകൾ തീരുമാനിക്കാൻ അവസരം നൽകണം. നമ്മുടെ വ്യവസായ പരിസ്ഥിതിയെ നാം സംരക്ഷിക്കണം." യാമി കൂട്ടിച്ചേർത്തു.

യാമി ഗൗതമിന്റെ ആശങ്കകൾക്ക് പിന്തുണയുമായി നടൻ ഹൃത്വിക് റോഷൻ പ്രതികരിച്ചു. ഫീഡ്ബാക്കിലൂടെ നമ്മെ മെച്ചപ്പെടുത്താൻ യഥാർഥ അഭിപ്രായങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ. അഭിപ്രായസ്വാതന്ത്ര്യമില്ലാതെ സത്യമില്ലാതെ, അവർക്കോ നമ്മൾക്കോ എന്ത് സംതൃപ്തിയാണ് പ്രതീക്ഷിക്കാനാവുക?’ എന്ന് ഹൃത്വിക് റോഷൻ ചോദിച്ചു. പരമാർത്ഥം എന്നാണ് യാമി ഇതിനോട് പ്രതികരിച്ചത്. നടി ടിസ്ക ചോപ്രയും യാമിക്ക് പിന്തുണ നൽകിയിട്ടുണ്ട്.

Content Highlights: Yami Gautam's Plea: Ending Industry Hype Culture for Authentic Storytelling