ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്, സംഘർഷം, യുവതി പിടിയിൽ

തിരുപ്പുർ: പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പെറിഞ്ഞ് യുവതി. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. ഇവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു. നഗരത്തിൽ കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു.
തിരുപ്പുർ കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിന് സ്വീകരണം നൽകിയിരുന്നു. ഇതിനിടെയായിരുന്നു ചെരിപ്പെറിഞ്ഞ സംഭവം.
കളക്ടറേറ്റിൽ പരാതി നൽകാനെത്തിയതായിരുന്നു ജയ. താൻ നേരത്തെ നൽകിയ പരാതികളിൽ നടപടിയില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നിൽ ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടയിലാണ് വൈരമുത്തുവും ഇദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘമാളുകളും എത്തിയത്. ഇവർക്കുനേരെ ജയ ചെരിപ്പെറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ചെരിപ്പ് വൈരമുത്തുവിന്റെ ദേഹത്തു തട്ടിയില്ലെങ്കിലും സ്ഥലത്തു നേരിയ സംഘർഷത്തിനു കാരണമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ വിവിധ തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
Content Highlights: woman throws slipper at lyricist vairamuthu