2021-ലെ തൃണമൂൽ വിജയത്തിന് പിന്നാലെ പോസ്റ്റ്; ബംഗാളിൽ സിനിമാ താരങ്ങൾക്കെതിരേ കേസ്

#Movies Desk
പരംബ്രത ചാറ്റർജി, സ്വാസ്തിക മുഖർജി | Photo: Instagram/ Parambrata Chattopadhyay, PTI
പരംബ്രത ചാറ്റർജി, സ്വാസ്തിക മുഖർജി | Photo: Instagram/ Parambrata Chattopadhyay, PTI

2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അഭിനേതാക്കളായ പരംബ്രത ചാറ്റർജി, സ്വാസ്തിക മുഖർജി എന്നിവർക്കെതിരെ കേസെടുത്തു. സാമൂഹികമാധ്യമങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇവരുടെ കുറിപ്പുകൾ കാരണമായെന്ന് ആരോപിച്ച് അഭിഭാഷകനായ ജോയ്ദീപ് സെൻ ആണ് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പരമ്പ്രത പങ്കുവെച്ച ഒരു പോസ്റ്റും അതിന് സ്വസ്തിക നൽകിയ മറുപടിയുമാണ് നിയമക്കുരുക്കിൽപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് താരങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

2021 മേയ് 2-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, തൃണമൂൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയതിന് പിന്നാലെ പരംബ്രത എക്‌സിൽ 'ഇന്ന് ലോക മർദന ദിനമായി പ്രഖ്യാപിക്കട്ടെ' എന്ന് കുറിച്ചിരുന്നു. ഇതിന് മറുപടിയായി 'ഹാഹാഹ, അങ്ങനെയാകട്ടെ' എന്ന് സ്വാസ്തിക പ്രതികരിക്കുകയും ചെയ്തു.

താരങ്ങളുടെ പരാമർശങ്ങൾ രാഷ്ട്രീയ അക്രമങ്ങൾക്ക് പ്രേരണ നൽകുന്നതാണെന്ന് അഡ്വ. ജോയ്ദീപ് സെൻ നൽകിയ പരാതിയിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ ശത്രുതയ്ക്കും അക്രമങ്ങൾക്കും ഇത്തരം കമന്റുകൾ കാരണമായെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

പോസ്റ്റുകൾ വന്ന് മണിക്കൂറുകൾക്കുള്ളിൽ ബെലിയാഘട്ടയിൽ ബിജെപി പ്രവർത്തകനായ അഭിജിത് സർക്കാർ കൊല്ലപ്പെട്ട സംഭവം പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം അഭിപ്രായപ്രകടനങ്ങൾ രാഷ്ട്രീയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന വിവിധ ആക്രമണങ്ങളും പരാതിയിൽ ഉദ്ധരിക്കുന്നുണ്ട്. വിഷയത്തിൽ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 107 പ്രകാരമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊൽക്കത്തയിലെ ഗരിയഹട്ട് പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Content Highlights: Actors Parambrata Chatterjee and Swastika Mukherjee booked by Kolkata Police. Legal action stems from social media posts made after the 2021 West Bengal election results. Advocate Joydeep Sen filed the complaint alleging incitement to political violence. The case includes sections of the Indian Penal Code related to abetment. Authorities have initiated an investigation into the controversial exchange on X