‘കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ മെല്ലെപ്പോക്ക്, അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നു’; വിമർശനവുമായി WCC

#Movies Desk
ഡബ്ല്യുസിസി ലോഗോ, പി.ടി. കുഞ്ഞുമുഹമ്മദ്‌ | Photo: Mathrubhumi
ഡബ്ല്യുസിസി ലോഗോ, പി.ടി. കുഞ്ഞുമുഹമ്മദ്‌ | Photo: Mathrubhumi

ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയും ഇടതുസഹയാത്രികനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസില്‍ സര്‍ക്കാരിനെതിരേ വിമര്‍ശവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്യുസിസി). കേസില്‍ പോലീസിന്റെ മെല്ലപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡബ്ലുസിസി പ്രസ്താവനയില്‍ അറിയിച്ചു. അതിക്രമം നടത്തിയ മുതിര്‍ന്ന സംവിധായകനും രാഷ്ട്രീയമായി സ്വാധീനശക്തിയുമുള്ള മുന്‍ എംഎല്‍എയുമാ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കലാണ് കാത്തുനിര്‍ത്തലെന്ന് സംഘടന കുറ്റപ്പെടുത്തി.

'ഐഎഫ്എഫ്‌കെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായ കുഞ്ഞുമുഹമ്മദിന്റെ ഭാഗത്തുനിന്ന് ചലച്ചിത്ര പ്രവര്‍ത്തകക്കുനേരെയുണ്ടായ ലൈംഗികാതിക്രമം ഫെസ്റ്റിവല്‍ നടത്തിപ്പില്‍ വന്ന കടുത്ത അപഭ്രംശമാണ്. സര്‍ക്കാര്‍ സ്ഥാപനമായ തൊഴിലിടത്തില്‍വെച്ച് നടന്ന അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവര്‍ത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലെ മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇത് ഐഎഫ്എഫ്‌കെയുടെ ഖ്യാതിക്ക് ദോഷകരമാണ്', ഡബ്ലുസിസി വ്യക്തമാക്കി.

'കുറ്റാരോപിതനെ ഐഎഫ്എഫ്‌കെ വേദികളില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് ഉചിതമായ നിലപാടാണ്. പക്ഷേ, അക്കാദമി നിയമാനുസൃതമായ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരില്‍നിന്ന് അടിയന്തരമായി നീതിയുക്തമായ ഇടപെടല്‍ അത്യാവശ്യമായ നിമിഷമാണിത്. അതിക്രമം നടത്തിയ മുതിര്‍ന്ന സംവിധായകനും രാഷ്ട്രീയമായി സ്വാധീനശക്തിയുമുള്ള മുന്‍ എംഎല്‍എയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതുമാണ് ഈ കാത്തുനിര്‍ത്തല്‍. അവള്‍ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ലംഘിക്കപ്പെട്ടിരിക്കുന്നു. മാതൃകാപരമായ ശിക്ഷയുറപ്പാക്കുക എന്നാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി. ഐഎഫ്എഫ്‌കെ നടക്കുന്ന വേളയില്‍ തന്നെ ഇക്കാര്യത്തില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു', പ്രസ്താവനയില്‍ വ്യക്തമാക്കി.

കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്കെയുടെ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടല്‍മുറിയിലേക്ക് പി.ടി. കുഞ്ഞുമുഹമ്മദ് വിളിച്ചുവരുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഇവര്‍ ഇ-മെയിലിലൂടെ പരാതി നല്‍കിയത്. നവംബര്‍ 27-ന് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പോലീസിന് കൈമാറിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം ഡിസംബര്‍ എട്ടിന് മാത്രമാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കാന്‍ വൈകിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlights: WCC criticizes Kerala govt`s slow action in PT Kunju Muhammed sexual assault case, alleging it gives the accused time to escape. Demands swift justice