സംസ്ഥാന ചലച്ചിത്ര നയം: എന്ത് മാനദണ്ഡത്തിലാണ് അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ഡബ്ല്യു.സി.സി.

പ്രതീകാത്മകചിത്രം | ഫോട്ടോ: www.facebook.com/WomeninCinemaCollective
പ്രതീകാത്മകചിത്രം | ഫോട്ടോ: www.facebook.com/WomeninCinemaCollective

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രനയമുണ്ടാക്കാനായി സർക്കാർ രൂപവത്കരിച്ച കമ്മിറ്റിക്കെതിരെ ഡബ്ല്യൂ.സി.സി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ട് കമ്മിറ്റിയുണ്ടാക്കിയതിൽ സന്തോഷമുണ്ട്. എന്നാൽ അത് നടപ്പാക്കിയ രീതി നിരാശപ്പെടുത്തുന്നതാണെന്ന് ഡബ്ല്യു.സി.സി. വ്യക്തമാക്കി. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക് തങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അവർ ചൂണ്ടിക്കാട്ടുന്നു.

സംവിധായകൻ ഷാജി എൻ. കരുണിന്റെ നേതൃത്വത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര നയം രൂപവത്കരിക്കാൻ പുതിയ കമ്മിറ്റിയുണ്ടാക്കിയത്. ഇതിൽ അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഡബ്ലിയു.സി.സി പറയുന്നത്. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മയിൽ ഉത്കണ്ഠയുണ്ട്. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നുവെന്നും അവർ ആരോപിക്കുന്നു.

അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മിറ്റി റിപ്പോർട്ടിലേതുപോലെ അതിന്റെ ശുപാർശകളും അർത്ഥവത്തായ നിർദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതു സംബന്ധിച്ചു ഞങ്ങൾ ആവർത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളൂ.

ഏകപക്ഷീയമായി രൂപവത്കരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക് ഞങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്ന, അതിനു തക്കതായ യോഗ്യതയുള്ള, താൽപര്യമുള്ള അംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നതുവഴി പ്രശ്നങ്ങളിൽ ഗുണപരമായ പരിവർത്തനം കൊണ്ടുവരാൻ സാധിക്കുമെന്ന് ഞങ്ങൾ വീണ്ടും ഓർമ്മിപ്പിക്കട്ടെ!

സിനിമാരംഗത്ത് എല്ലാവർക്കും തുല്യമായ ഇടം വളർത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതിൽ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തുല്യമായ തൊഴിലിടം സൃഷ്‌ടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും ഡബ്ല്യു.സി.സി കൂട്ടിച്ചേർക്കുന്നു.

സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് സമിതി കൺവീനർ. എം.എൽ.എ.യും നടനുമായ എം. മുകേഷ്, നടി മഞ്ജുവാര്യർ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടി പത്മപ്രിയ, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി, നടി നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. രണ്ടുമാസത്തിനകം നയത്തിന്റെ കരട് സർക്കാരിന് നൽകും.

Content Highlights: wcc facebook post against ten member committee malayalam movies, shaji n karun mukesh