‘വാമിഖയും അർഹിക്കുന്നു; ജസ്റ്റിസ്‍ ഫോർ ചന്ദ്ര’; നായകനും സംവിധായകനും BMW സമ്മാനം, നായികയെ തഴഞ്ഞതിൽ വിമർശനം

#Movies Desk
ലോകേഷ് കനകരാജിന് കലാനിധി മാരന്‍ ബി.എം.ഡബ്ല്യു. കാറിന്റെ താക്കോല്‍ കൈമാറുന്നു, വാമിഖ ഗബ്ബി | Photo: Screen grab/ X: Sun Pictures, PTI
ലോകേഷ് കനകരാജിന് കലാനിധി മാരന്‍ ബി.എം.ഡബ്ല്യു. കാറിന്റെ താക്കോല്‍ കൈമാറുന്നു, വാമിഖ ഗബ്ബി | Photo: Screen grab/ X: Sun Pictures, PTI

സംവിധായകൻ ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡി.സി' ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. 100 കോടി കളക്ഷൻ പിന്നിട്ട ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ഇതിന് പിന്നാലെ ചിത്രത്തിന്റെ നായകനും സംവിധായകനും സംഗീത സംവിധായകനും നിർമാതാവ് ബി.എം.ഡബ്ല്യു. കാർ സമ്മാനിച്ചിരുന്നു. എന്നാൽ, സമ്മാനം നൽകിയതിലെ വേർതിരിവും അവഗണനയും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ ആരാധകർ.

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്യുവി പതിപ്പായ iX1 വാഹനങ്ങളാണ് ലോകേഷ് കനകരാജിനും, അനിരുദ്ധിനും അരുൺ മാതേശ്വരനും സമ്മാനിച്ചിരിക്കുന്നത്. 'ഡി.സി'യുടെ നിർമാതാക്കളായ സൺ പിക്‌ചേഴ്‌സിന്റെ മേധാവി കലാനിധി മാരനാണ് ആഡംബര വാഹനം സമ്മാനമായി നൽകിയത്. ഇതിന്റെ വീഡിയോ സൺ പിക്‌ചേഴ്‌സ് തങ്ങളുടെ സാമൂഹികമാധ്യമങ്ങൾ വഴി പുറത്തുവിട്ടു.

ഇതിനിടെയാണ് ചിത്രത്തിൽ നായികാവേഷത്തിലെത്തിയ വാമിഖ ഗബ്ബിയെ തഴഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് ആരാധകർ എത്തിയത്. ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രമായി വാമിഖയുടെ മികച്ച പ്രകടനം ആരാധകർ ചൂണ്ടിക്കാട്ടി. സിനിമയുടെ ജീവൻ തന്നെ വാമിഖയുടെ കഥാപാത്രമാണെന്നിരിക്കെ എന്തുകൊണ്ട് സമ്മാനം നൽകിയില്ലെന്നാണ് ചോദ്യം. നടി സാനിയ അയ്യപ്പൻ ഉൾപ്പെടെ വീഡിയോയിൽ കമന്റുമായി എത്തിയിട്ടുണ്ട്.

ALSO READ | ആദ്യ നായകവേഷം സൂപ്പർഹിറ്റ്; ലോകേഷ് കനകരാജ് ഉൾപ്പെടെ മൂന്നുപേർക്ക് BMW സമ്മാനിച്ച് DC നിർമാതാവ്

തിയേറ്ററുകളിൽ വൻ ഹിറ്റായ 'ഡി.സി., സെപ്റ്റംബർ നാലിന് സൺ എൻഎക്‌സ്ടിയിലാണ് സ്ട്രീമിങ് ആരംഭിച്ചത്. ലോകേഷിനും വാമിഖയ്ക്കും പുറമേ, സഞ്ജന എ.കെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശരത് ചന്ദ്ര ചഠോപാധ്യായയുടെ പ്രശസ്തമായ 'ദേവദാസ്' എന്ന നോവലിന്റെ ആധുനിക പശ്ചാത്തലത്തിലുള്ള ആവിഷ്കാരമാണ് ചിത്രം.

Content Highlights: Producer Kalanithi Maran gifted BMW iX1 electric SUVs to Lokesh Kanagaraj, Arun Matheswaran, and Anirudh for the success of 'DC'. Fans and film fraternity members expressed strong backlash over excluding lead actress Wamiqa Gabbi from the rewards. Actress Saniya Iyappan among others reacted to the promotional video released by Sun Pictures. Wamiqa's portrayal of the character 'Chandra' received widespread critical acclaim as the emotional core of the film. 'DC' achieved over 100 crores at the box office and recently started streaming on Sun NXT.