അവരെന്നെ ഒന്നിനും കൊള്ളാത്തവനാക്കി, ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തിന് പിന്നിൽ ശക്തമായ ഒരു ലോബി -വിവേക് ഒബ്റോയ്

2004-ൽ സ്ത്രീകൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ ബോളിവുഡിലെ ഒരു ശക്തമായ ലോബി തന്നെ ശിക്ഷിക്കുകയും കരിയറിൽ വലിയ തിരിച്ചടികൾ നൽകുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി നടൻ വിവേക് ഒബ്റോയ്. 'റീലേൺ വിത്ത് കാഷ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. സൽമാൻ ഖാൻ, ഐശ്വര്യാ റായ് എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷമുണ്ടായ സംഭവങ്ങൾ കേവലം വാർത്തകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ലെന്നും വലിയ ആഘാതമാണ് അവ തന്നിൽ സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളോട് പെരുമാറുമ്പോൾ മറികടക്കാൻ പാടില്ലാത്ത ചില പരിധികളുണ്ടെന്ന വിശ്വാസത്തോടെയാണ് താൻ അന്ന് നിലപാടെടുത്തതെന്ന് വിവേക് ഓർത്തെടുത്തു. തെറ്റാണെന്ന് തോന്നിയ കാര്യങ്ങൾക്കെതിരെ പ്രതികരിച്ചതോടെ താൻ വലിയ രീതിയിലുള്ള ഭീഷണികൾക്കും മാറ്റിനിർത്തലുകൾക്കും ഇരയാക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ പ്രോജക്റ്റുകളിൽ നിന്ന് പിന്മാറി. തുടക്കത്തിൽ തന്നെ പിന്തുണച്ചിരുന്നവർ പോലും തന്നിൽ നിന്ന് അകന്നുപോയി. തന്റെ സിനിമകൾ നന്നായി വിജയിക്കുകയും അവാർഡുകൾ നേടുകയും ചെയ്തിരുന്ന സമയത്താണ് ഇതെല്ലാം സംഭവിച്ചത് എന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നരക തുല്യവും ദയനീയവുമായ ഒന്നെന്നാണ് ആ കാലഘട്ടത്തെ വിവേക് ഒബ്റോയ് വിശേഷിപ്പിച്ചത്. ആരുടെയും പേരുകൾ എടുത്തുപറയാതെ, തന്റെ കഴിവുമായോ ജോലിയുമായോ യാതൊരു ബന്ധവുമില്ലാത്ത കാരണങ്ങളാൽ കരിയർ തകർന്നപ്പോൾ ഈ അനുഭവം തന്നെ ദേഷ്യക്കാരനും ഒറ്റപ്പെട്ടവനുമാക്കി മാറ്റിയെന്നും താരം കൂട്ടിച്ചേർത്തു.
"എന്റെ ജീവിതത്തിലെ വളരെ ഇരുണ്ട ഒരു ഘട്ടമായിരുന്നു അത്. ഞാൻ എന്തിനുവേണ്ടിയോ നിലകൊള്ളാൻ ശ്രമിച്ചു. ഒരു പ്രത്യേക അതിർ വരമ്പ് ലംഘിക്കാൻ പാടില്ല എന്ന ചിന്താഗതിയായിരുന്നു എനിക്ക്. സ്ത്രീകളെ ബഹുമാനിക്കുകയും ഒരു പ്രത്യേക രീതിയിൽ പരിഗണിക്കുകയും വേണം. തെറ്റാണെന്ന് ഞാൻ കണ്ട ഒരു കാര്യത്തിനെതിരെ ഞാൻ പ്രതികരിച്ചു, അതോടെ എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. വിജയങ്ങളും ഹിറ്റുകളും നൽകുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടും, വളരെ ശക്തമായ ഒരു ലോബി എല്ലാം പിടിച്ചെടുത്തു. ഞാൻ ഒന്നിനും കൊള്ളാത്ത ഒരാളായി മാറി.
എനിക്കൊപ്പം പ്രവർത്തിക്കാനാവില്ലെന്ന് പലരും പറയുന്ന സാഹചര്യമുണ്ടായി. എന്റെ കൂടെ പ്രവർത്തിക്കരുതെന്നാവശ്യപ്പെട്ട് അവർക്ക് അധോലോകത്തുനിന്നും കോളുകൾ വന്നു. സ്വന്തം സുരക്ഷയെക്കരുതി അവർ പിന്മാറുകയായിരുന്നു. അങ്ങനെ, എനിക്ക് യഥാർത്ഥ നരകവും ദുരിതവും അനുഭവിക്കേണ്ടി വന്നു. എനിക്ക് ജോലി ലഭിക്കാതിരുന്നത് എനിക്ക് അത് ചെയ്യാൻ കഴിയാത്തതുകൊണ്ടല്ല. കാര്യങ്ങൾ മോശത്തിൽ നിന്ന് വളരെ മോശമായിക്കൊണ്ടിരുന്നു. ഇതിനിടയിൽ, ഞാൻ വീണ്ടും വിജയങ്ങൾ നൽകും. ഞാൻ അവാർഡുകൾ നേടും. ചിത്രം വലിയ വിജയമാകും, എന്നിട്ടും ഞാൻ എന്തെങ്കിലും സംഭവിക്കുന്നതും ജോലി കിട്ടുന്നതും കാത്ത് ഒരു വർഷത്തോളം വീട്ടിൽ വെറുതെയിരിക്കും. ഞാൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, ആ ആളുകൾ ഈ പ്രശ്നങ്ങൾക്കിടയിൽ എന്നെ ഏതാണ്ട് ഉപേക്ഷിക്കുകയും വഴിപിരിഞ്ഞുപോവുകയും ചെയ്തു. വൈകാരികമായും വ്യക്തിപരമായും അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു." അദ്ദേഹത്തിന്റെ വാക്കുകൾ.
തുടർച്ചയായി മാധ്യമ ആക്രമണങ്ങൾക്കും വ്യാജ വാർത്തകൾക്കും ഇരയായതോടെ കടുത്ത ദേഷ്യം, മദ്യപാനം, സ്വയം വെറുപ്പ് തുടങ്ങിയ കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് വിവേക് ഒബ്റോയ് പറഞ്ഞു.
Also Read: എന്റെ കരിയർ അവസാനിച്ചെന്ന് പലരും പറഞ്ഞു, മാനസികമായി ആകെ തകർന്നു -വിവേക് ഒബ്റോയി
നിതേഷ് തിവാരി ഒരുക്കിയ രാമായണ: റൈസ് ഓഫ് എ ലെജൻഡ്' (Ramayana: Rise of a Legend) എന്ന ചിത്രത്തിലാണ് വിവേക് ഒടുവിൽ വേഷമിട്ടത്. ശൂർപ്പണഖയുടെ ഭർത്താവായ വിദ്യുത്ജീവയായി ആണ് അദ്ദേഹമെത്തിയത്.
Content Highlights: Actor Vivek Oberoi opened up on the Relearn with Kash podcast about the severe personal and professional fallout following his 2003–2004 public spat involving Salman Khan and Aishwarya Rai, claiming a powerful Bollywood lobby sidelined him and filmmakers backed out of signed projects after receiving underworld threats, leaving him isolated despite delivering hits and winning awards.