ബഹിഷ്‌കരണ ആഹ്വാനങ്ങളും മണ്ടന്‍ പ്രസ്താവനകളും 'പഠാനെ' തുണച്ചു- വിവേക് അഗ്നിഹോത്രി

പഠാന്‍ പോസ്റ്റര്‍, വിവേക് അഗ്നിഹോത്രി | photo: facebook/ shahrukh khan, vivek agnihothri
പഠാന്‍ പോസ്റ്റര്‍, വിവേക് അഗ്നിഹോത്രി | photo: facebook/ shahrukh khan, vivek agnihothri

ഷാരൂഖ് ഖാന്‍ നായകനായെത്തിയ 'പഠാന്‍' ബോക്‌സോഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. അധികം വൈകാതെ ചിത്രം ആയിരം കോടി ക്ലബ്ബിലേയ്ക്ക് എത്തുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനൊപ്പം മറ്റ് ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്ത പതിപ്പും മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. 

ഇപ്പോഴിതാ, പഠാന്റെ വിജയത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കശ്മീർ ഫയൽസിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പഠാന്റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെ ആരാധക വൃന്ദത്തിന് വലിയ പങ്കുണ്ടെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. 

'പഠാനെ'തിരെ മണ്ടന്‍ പ്രസ്താവന നടത്തിയവരും  അനാവശ്യമായ പ്രതിഷേധങ്ങള്‍ നടത്തിയവരും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തവരും ചിത്രം വിജയിച്ചതിന്റെ കുറച്ച് ക്രെഡിറ്റ് അര്‍ഹിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ഇവര്‍ 'ബോയ്‌കോട്ട് ബോളിവുഡ് ഗ്യാങ്ങി'ന്റെ ആളുകളാണെന്നും ബോളിവുഡ് ബഹിഷ്‌കരിക്കണമെന്ന് ഇവര്‍ വര്‍ഷങ്ങളായി പറയുകയാണെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.   

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍  സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ഒരു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പഠാന് പിന്നാലെ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

Content Highlights: Vivek Agnihotri about shahrukh khan movie Pathaan and boycott bollywood gang