പുതിയ 'തുടക്കം'; അനുഗ്രഹം തേടി വിസ്മയയും സുചിത്രയും മൂകാംബിക ക്ഷേത്രത്തില്‍

വെള്ളിത്തരയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'തുടക്കം' ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിസ്മയ മോഹന്‍ലാല്‍. അമ്മ സുചിത്രയ്‌ക്കൊപ്പമാണ് വിസ്മയ ക്ഷേത്രദര്‍ശനം നടത്തിയത്. പുതിയ തുടക്കത്തില്‍ കൊല്ലൂര്‍ മൂകാംബികയുടെ അനുഗ്രഹം തേടിയാണ് ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയത്. ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകളിലും ഇരുവരും പങ്കെടുത്തു.
2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി ജോസഫ് ആണ് വിസ്മയയുടെ അരങ്ങേറ്റച്ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞമാസം കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടന്നിരുന്നു. സുചിത്രയായിരുന്നു സ്വിച്ച് ഓണ്‍ നിര്‍വഹിച്ചത്. സഹോദരന്‍ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചു. മോഹന്‍ലാലും ദിലീപും ജോഷിയുമുള്‍പ്പെടെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കും.
Content Highlights: Vismaya Mohanlal and Suchitra seek blessings at Kollur Mookambika temple for the upcoming film `Thudakkam`