വിസ്മയത്തുടക്കത്തിന്റെ സന്തോഷം; ജൂഡിന് മൂന്നര ലക്ഷത്തോളം വിലവരുന്ന വാച്ച് സമ്മാനിച്ച് സുചിത്ര

#Movies Desk
വിസ്മയ മോഹൻലാലും സുചിത്ര മോഹൻലാലും ജൂഡ് ആന്തണി ജോസഫും, സുചിത്ര ജൂഡിന് സമ്മാനിച്ച വാച്ച് | Photo: Facebook/ Jude Anthany Joseph
വിസ്മയ മോഹൻലാലും സുചിത്ര മോഹൻലാലും ജൂഡ് ആന്തണി ജോസഫും, സുചിത്ര ജൂഡിന് സമ്മാനിച്ച വാച്ച് | Photo: Facebook/ Jude Anthany Joseph

സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സ്‌നേഹസമ്മാനവുമായി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് സുചിത്രയുടെ സമ്മാനം. സംവിധായകൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിനൊപ്പമാണ് വാച്ച് സമ്മാനമായി ലഭിച്ച കാര്യം വെളിപ്പെടുത്തിയത്.

'അവർ മറ്റുള്ളവർക്ക് അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്കെന്നും ചേച്ചിയും അനിയത്തിയുമായിരിക്കും. രണ്ടാമത്തെ ഫോട്ടോ, തുടക്കം കണ്ട സുചിച്ചേച്ചി എനിക്ക് സമ്മാനിച്ചതാണ്. ഞാനെന്നും ഇത് നിധിയായി കൊണ്ടുനടക്കും. സ്‌നേഹത്തിനും പ്രോത്സാഹനത്തിനും അവിസ്മരണീയമായ ഓർമയ്ക്കും പ്രിയപ്പെട്ട ചേച്ചിക്ക് നന്ദി', ജൂഡ് കുറിച്ചു.

സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ജൂഡിന്റെ കുറിപ്പ്. തുടക്കം സെറ്റിൽനിന്നുള്ള ചിത്രമാണ് സംവിധായകൻ പങ്കുവെച്ചത്. ഒപ്പം സുചിത്ര തനിക്ക് സമ്മാനിച്ച വാച്ചിന്റെ ചിത്രവും ജൂഡ് പങ്കുവെച്ചിട്ടുണ്ട്.

സ്വിസ് വാച്ച് നിർമാണക്കമ്പനിയായ ബൗം ആൻഡ് മേഴ്‌സിയറിന്റെ ഓട്ടോമാറ്റിക് വാച്ചിന്റെ ചിത്രമാണ് ജൂഡ് പങ്കുവെച്ചത്. റിവേര മോഡലിലുള്ളതാണ് വാച്ച്. ഈ മോഡലിന് ഇന്ത്യൻ രൂപയിൽ മൂന്നര ലക്ഷത്തോളം വിലവരും.

വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' വെള്ളിയാഴ്ച തീയേറ്ററിലെത്തും. ബുക്കിങ് ബുധനാഴ്ച ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണി ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ജോമോൻ ടി. ജോണും അഖിൽ ജോർജുമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു. ചമൻ ചാക്കോ ആണ് എഡിറ്റിങ്. സായ് കുമാറും മനോജ് കെ. ജയനും ടി.ജി. രവിയുമുൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മോഹൻലാലും അതിഥിവേഷത്തിലുണ്ട്.

Content Highlights: Producer and Mohanlal's wife Suchitra Mohanlal gifted a premium watch to director Jude Anthany Joseph to celebrate her daughter Vismaya's acting debut. Jude expressed his deep gratitude on social media by sharing photos with Suchitra and Vismaya from the set of their upcoming movie 'Thudakkam'. The gifted timepiece is a Baume & Mercier Riviera automatic Swiss watch, estimated to be worth around ₹3.5 lakh. Directed by Jude Anthany Joseph and produced by Antony Perumbavoor under Aashirvad Cinemas, 'Thudakkam' also features Antony's son Ashish Joe Antony in a key role. Featuring cinematography by Jomon T. John and Akhil George alongside music by Jakes Bejoy, the film hits theaters this Friday with special cameo appearances, including one by Mohanlal