‘ഒരാൾക്ക് അധികം സിനിമ ചെയ്യേണ്ട, ഒരാൾക്ക് ചെയ്യണം, എങ്ങനെയെങ്കിലും പിടിച്ചുനിൽക്കണമെന്ന് മറ്റൊരാൾ’

#Movies Desk
വിസ്മയ മോഹൻലാൽ, മോഹൻലാൽ | Photo: Screen grab/ YouTube: Mathrubhumi News
വിസ്മയ മോഹൻലാൽ, മോഹൻലാൽ | Photo: Screen grab/ YouTube: Mathrubhumi News

നായികയായെത്തുന്ന ആദ്യ സിനിമ 'തുടക്ക'ത്തിന് ശേഷവും സിനിമയിൽ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി വിസ്മയ മോഹൻലാൽ. 'തുടക്ക'ത്തിൽ അഭിനയിച്ചപ്പോൾ ഇഷ്ടമായെന്നും കൂടുതൽ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും വിസ്മയ പറഞ്ഞു. 'തുടക്കം' റിലീസിന് മുന്നോടിയായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയ ആഗ്രഹം പ്രകടിപ്പിച്ചത്.

'തുടക്കം ചെയ്തപ്പോൾ ഇഷ്ടമായി. തുടരണം എന്നാണ് ആഗ്രഹം. കൂടുതൽ കഥാപാത്രങ്ങൾ ചെയ്യണം', ചോദ്യത്തിന് ഉത്തരമായി വിസ്മയ പറഞ്ഞു. 'ഒരാൾക്ക് സിനിമ അധികം ചെയ്യേണ്ട. ഒരാൾക്ക് സിനിമ ചെയ്യണം. ഒരാള് എങ്ങനെയെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കണം എന്നാണ്...', എന്നായി തൊട്ടടുത്തിരുന്ന മോഹൻലാലിന്റെ കമന്റ്. പ്രണവിന്റെയും വിസ്മയയുടെയും താത്പര്യങ്ങൾ സൂചിപ്പിച്ചായിരുന്നു മോഹൻലാലിന്റെ പ്രതികരണം. പ്രണവിന് സിനിമ ഇഷ്‌ടമാണെങ്കിലും എഴുത്തും സംഗീതവും ഉൾപ്പെടെ ഒട്ടേറെ താത്പര്യങ്ങളുണ്ടെന്നും വിസ്മയ കൂട്ടിച്ചേർത്തു.

'മായ ഒരു സിനിമ ചെയ്തു. എന്റെ മകൾ ആയതുകൊണ്ടാണ് ആളുകൾ കൂടുതൽ പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ സിനിമ ചെയ്യുന്ന പുതിയ ഒരാൾ എന്നേയുള്ളൂ. ആ പരിഗണന കൊടുത്താൽ മതി. വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത സാധാരണ സിനിമയാണ്', അഭിമുഖത്തിന്റെ തുടക്കത്തിൽ മോഹൻലാൽ പറഞ്ഞു. 'പുതിയ ആളാണെന്ന് തോന്നാത്ത രീതിയിലാണ് മായ അവതരിപ്പിച്ചിരിക്കുന്നത്', സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ചേർത്തുപറഞ്ഞു.

'അച്ഛനൊപ്പം അഭിനയിച്ചപ്പോൾ ഒരുപാട് ടേക്കുകൾ പോയി. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കാനൊരുങ്ങുമ്പോൾ എനിക്ക് വലിയ ആവേശമായിരുന്നു. സെറ്റിലെത്തിയപ്പോൾ, അച്ഛന്റെ കൂടെ അഭിനയിക്കുകയാണ് എന്നൊക്കെ ആളുകൾ പറഞ്ഞു. ടേക്കിൽ കുറേ തെറ്റുകൾ വന്നു. കുറേ ടേക്കുകൾ വീണ്ടും എടുക്കേണ്ടിവന്നു', അച്ഛനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് വിസ്മയ പറഞ്ഞു.

'സിനിമയിൽ മകൾ എന്നൊന്നുമില്ല. കഥാപാത്രമായി കാണും. കഥാപാത്രം ആവശ്യപ്പെടുന്നതുപോലെ പെരുമാറാൻ ഞാൻ അവരോട് പറഞ്ഞു. എനിക്ക് അതിൽ കൂടുതലായി ഇടപെടാൻ പറ്റില്ല. ഞാനും അപ്പോൾ അഭിനേതാവാണ്. ക്യാമറയ്ക്ക് പിന്നിൽ ഇരിക്കുന്ന ആൾക്കും ഇഷ്ടപ്പെടണമല്ലോ?', മോഹൻലാലിന്റെ മറുപടി.

'ചെറുപ്പത്തിൽ മാത്രമേ അച്ഛൻ അഭിനയിച്ച ചിത്രങ്ങളുടെ സെറ്റിൽ പോയിട്ടുള്ളൂ. പിന്നീട് സെറ്റുകളിൽ പോയിട്ടില്ല. തന്മാത്ര, വാനപ്രസ്ഥം എന്നിവ അച്ഛന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങൾ.. അച്ഛന്റെ സിനിമകൾ ഇഷ്ടമായില്ലെങ്കിൽ അത് പറയും. അച്ഛൻ തിരിച്ച് ഒന്നും പറയാറില്ല', വിസ്മയ പറഞ്ഞു.

മോഹൻലാൽ മക്കളെ വ്യത്യസ്ത വ്യക്തിത്വങ്ങളായി പരിഗണിക്കുന്നത് എന്നും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. ഇത് സൂചിപ്പിച്ചും താരത്തോട് ചോദ്യമുയർന്നു. മോഹൻലാലിന്റെ മറുപടി ഇങ്ങനെ: 'ഞാനൊരു ഫ്രീ തിങ്കർ ആണ്. ഞാൻ എന്നെ റെസ്‌പെക്ട് ചെയ്യുന്ന പോലെ മറ്റുള്ളവരെയും ബഹുമാനിക്കുന്ന ആളാണ്. ഈ കുട്ടികൾ നമുക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. കാര്യം മിക്കവാറും അവർ വീട്ടിലില്ല. കൊച്ചിലേ അവർ ഹോസ്റ്റലിൽ പഠിച്ചതാണ്. അവരുടേതായ കാഴ്ചപ്പാടുകളുണ്ട്, വ്യക്തിത്വമുണ്ട്. വേറെ ആളുകളുടെ കാര്യത്തിലൊന്നും ഇടപെടുന്നില്ല. അപ്പോൾ അവരെ ഗൈഡ് ചെയ്യേണ്ട കാര്യമില്ല. അവരുടെ ഇഷ്ടത്തിന് നമുക്കും സഞ്ചരിക്കാൻ പറ്റുന്നു, നമ്മുടെ ഇഷ്ടത്തിന് അവർക്കും സഞ്ചരിക്കാൻ പറ്റുന്നു. ഞാൻ എന്റെ കൂടെയുള്ള എല്ലാവരുമായി അങ്ങനെയാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല. അതുപോലെ എന്റെ ആവശ്യമില്ലാത്ത കാര്യങ്ങളിലും ആരും ഇടപെടാൻ പാടില്ല. ഇടപെട്ടാലും എനിക്ക് കുഴപ്പമൊന്നുമില്ല'.

Content Highlights: Vismaya Mohanlal expressed her strong desire to continue her acting career and pursue more roles after her debut in the upcoming movie 'Thudakkam'. Mohanlal playfully contrasted the personalities and varied artistic interests of his children, Pranav and Vismaya, during a interview with Mathrubhumi News. The superstar asked audiences to view Vismaya simply as a newcomer without massive expectations just because she happens to be his daughter. Vismaya recalled being nervous and taking multiple retakes while sharing screen space with her father for the first time, while Mohanlal emphasized maintaining professional boundaries as an actor on set. Mohanlal highlighted his progressive parenting philosophy, stating that he respects his children as independent individuals with their own distinct viewpoints and leaves them free to pursue their choices.