ലിപ് ലോക്ക് സീനില്‍ നടി മാനസ ചൗധരി ആശങ്ക അറിയിച്ചു, അത് സിനിമയില്‍ നിന്ന് ഒഴിവാക്കി-വിഷ്ണു വിശാല്‍

തമിഴ് ചിത്രം ആര്യനിലെ ലിപ് ലോക്ക് സീന്‍ നീക്കിയ സംഭവം വിവരിച്ച് ചിത്രത്തിലെ നായകന് വിഷ്ണു വിശാല്‍. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാനസ ചൗധരി ആവശ്യപ്പെട്ട പ്രകാരമാണ് ഗാനരംഗത്തിലുള്ള ലിപ് ലോക്ക് സീൻ നീക്കിയതെന്നും വിഷ്ണു വ്യക്തമാക്കി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു.
'ഞങ്ങള്‍ സിനിമയില്‍ ഒരു ഗാനം ഉള്‍പ്പെടുത്തിയിരുന്നു. അതൊരു റൊമാന്റിക് ഗാനമായിരുന്നു. ആ ഗാനത്തിനായി ഞങ്ങള്‍ ഒരു രംഗം ചിത്രീകരിച്ചശേഷം, മാനസ സംവിധായകന്റെ അടുത്ത് ചെന്ന് അങ്ങനെയൊരു രംഗം ഉള്ളതിലുള്ള ആശങ്ക അറിയിച്ചു. ആ രംഗം ഗാനത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ സംവിധായകനോട് പറഞ്ഞു. അവര്‍ പറഞ്ഞ കാര്യം സംവിധായകന് എന്നോട് പറഞ്ഞപ്പോള്‍ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. ഇനി അങ്ങനെയൊന്നും ചിത്രീകരിക്കേണ്ടതില്ലെന്നും ആ ഗാനത്തെ തികച്ചും വ്യത്യസ്തമായ രീതിയില്‍ സമീപിക്കാമെന്നും ഞാന്‍ ഉടന്‍തന്നെ സംവിധായകനോട് പറഞ്ഞു.' -വിഷ്ണു വിശാല്‍ വ്യക്തമാക്കി. സിനിമയുടെ ഫൈനല്‍ എഡിറ്റിങ്ങില്‍ ആ രംഗം നീക്കിയെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
മാനസ പറഞ്ഞതിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അഭിപ്രായം തുറന്നുപറഞ്ഞ മാനസയെ ഒരു നടന് എന്ന നിലയില്‍ താന്‍ മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും വിഷ്ണു വ്യക്തമാക്കി. എപ്പോഴും സ്ത്രീകളെയും സിനിമയോടുള്ള അവരുടെ സമീപനത്തെയും ബഹുമാനിക്കുന്നതുകൊണ്ടാണ് താനിത് ഇവിടെ പങ്കുവെയ്ക്കുന്നതെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 31-ന് തീയേറ്ററുകളിലെത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമായ ആര്യന് സംവിധാനം ചെയ്തിരിക്കുന്നത് പ്രവീണ്‍ കെയാണ്. സെല്വരാഘവന്, ശ്രദ്ധ ശ്രീനാഥ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
Content Highlights: vishnu vishal removes kissing scene from aaryan at maanasa choudharys request