രാജ്കുമാര്‍ ഹിരാനിയുടെ മകന്റെ ബോളിവുഡ് അരങ്ങേറ്റം; സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയെന്ന് റിപ്പോര്‍ട്ട്

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനി ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഹിന്ദിയിലെ മറ്റൊരു വമ്പന്‍ നിര്‍മാതാവായ ഹന്‍സല്‍ മേത്ത നിര്‍മിക്കുന്ന ചിത്രത്തിലാണ് വീര്‍ ഹിരാനി നായകനാകാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അഭ്യൂഹങ്ങളോട് ചേര്‍ന്ന് പ്രചരിക്കുന്ന സംവിധായകന്റെ പേരാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.
മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുക എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ലിജോയുടേയും ബോളിവുഡ് അരങ്ങേറ്റചിത്രമായി ഇത് മാറും. ഹന്‍സല്‍ മേത്തയുടെ ട്രൂ സ്‌റ്റോറി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ.ആര്‍. റഹ്‌മാന്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നായികയുടെ കാര്യത്തില്‍ വ്യക്തതയില്ല. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍നിന്ന് ബിരുദം നേടിയ വീര്‍ ഹിരാനി നിലവില്‍ ഒരു വെബ് സീരിസില്‍ വേഷമിടുന്നുണ്ട്. രാജ്കുമാര്‍ ഹിരാനി ആദ്യമായ സംവിധാനംചെയ്യുന്ന വെബ് സീരീസിന് ‘പ്രീതം പെഡ്രോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ജിയോ ഹോട്ട്‌സ്റ്റാറിലായിരിക്കും സീരീസ് പുറത്തിറങ്ങുക.
Content Highlights: Rajkumar Hirani’s son Vir making big screen debut with Hansal Mehta production in Lijo Jose Pellissery movie