'പുതിയ മുഖത്തിനുവേണ്ടി ചെയ്ത പാട്ട് അരവിന്ദന്റെ അതിഥികളിലെത്തി'-നന്ദഗോവിന്ദം ഭജൻസിനോട് വിനീത്

നടനും ഗായകനുമായ വിനീത് ശ്രീനിവാസനുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോ പങ്കുവെച്ച് നന്ദഗോവിന്ദം ഭജൻസ്. ആദ്യമായാണ് വിനീതിനെ നേരിൽ കാണുന്നതെങ്കിലും ഒരുപാട് കാലമായി പരിചയമുള്ളത് പോലെയാണ് തോന്നിയതെന്നും അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ആളുകളെ ഒരുമിച്ചുകൊണ്ടുവരാൻ സംഗീതത്തിന് അതിന്റേതായ വഴികളുണ്ടെന്നും നന്ദഗോവിന്ദം ഭജൻസ് പോസ്റ്റിൽ പറയുന്നു.
വിനീത് ശ്രീനിവാസൻ തന്റെ പാട്ടുകളെ കുറിച്ച് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ 'കൃപാകരി ദേവി' എന്ന പാട്ടിന്റെ കഥയാണ് വിനീത് പങ്കുവെച്ചത്. നന്ദഗോവിന്ദം ഭജൻസ് ഒട്ടേറെ വേദികളിൽ ആലപിച്ച ഗാനമാണിത്.
'കൃപാകരി ശരിക്കും പുതിയ മുഖം എന്ന സിനിമയ്ക്കുവേണ്ടി ഷാൻ ചെയ്തതാണ്. പ്രിയങ്കരി എന്നായിരുന്നു ആദ്യം. ആ പാട്ട് സംവിധായകന് വർക്ക് ആയില്ല. അതൊരു സൈഡിൽ കിടക്കുകയായിരുന്നു. അരവിന്ദന്റെ അതിഥികൾ സിനിമയുടെ കംപോസിങ് നടക്കുമ്പോൾ ഷാൻ പറഞ്ഞു അതെടുത്ത് ഇങ്ങോട്ട് ഇടാമെന്ന്. അങ്ങനെയാണ് ആ പാട്ട് അതിൽ വന്നത്.'-വിനീത് പറയുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒട്ടേറെപ്പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'അഹങ്കാരമില്ലാത്ത മനുഷ്യർ', 'അനുഗ്രഹീതരായ ആളുകളുടെ കൂടിക്കാഴ്ച്ച' എന്നിങ്ങനെയാണ് കമന്റുകൾ.
Content Highlights: Vineeth Sreenivasan shares the origin story of the song Kripakari Devi., The song was originally composed by Shaan Rahman for the movie Pudhiya Mukham.