'കഥയുണ്ടാക്കിയത് മമ്മൂക്ക പറഞ്ഞിട്ട്, ഷൂട്ടിങ് തുടങ്ങിയപ്പോൾ തിരക്കഥ പൂർത്തിയായിട്ടില്ലായിരുന്നു'

#Movie Desk
വിനയൻ, രാക്ഷസരാജാവ് എന്ന ചിത്രത്തിൽ മമ്മൂട്ടി | ചിത്രങ്ങൾ: മാതൃഭൂമി
വിനയൻ, രാക്ഷസരാജാവ് എന്ന ചിത്രത്തിൽ മമ്മൂട്ടി | ചിത്രങ്ങൾ: മാതൃഭൂമി

മമ്മൂട്ടി നായകനായി 2001-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് രാക്ഷസരാജാവ്. ആ വർഷത്തെ ഓണം റിലീസായി മോഹൻലാലിന്റെ രാവണപ്രഭു ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. രാമനാഥൻ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായി മമ്മൂട്ടിയും മന്ത്രി ഗുണശേഖരനെന്ന വില്ലനായി കലാഭവൻ മണിയും നിറഞ്ഞാടിയ ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ.

മമ്മൂക്കയുടെ നിർദേശപ്രകാരമാണ് രാക്ഷസരാജാവിന്റെ കഥ ഒരുക്കിയതെന്ന് വിനയൻ പറയുന്നു. ദാദാസാഹിബ് എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ കരുമാടിക്കുട്ടന്റെ ജോലികൾ ആരംഭിച്ചിരുന്നു. അതിനിടെയാണ് പുതിയ കഥയുണ്ടാക്കാൻ മമ്മൂട്ടി ആവശ്യപ്പെടുന്നത്. ഉടനെ തുടങ്ങാൻ കഥയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ 'വിനയൻ ശ്രമിക്കൂ, സബ്ജക്ട് ഉണ്ടായാൽ അടുത്തമാസം തുടങ്ങാം' എന്ന് മമ്മൂട്ടി പറഞ്ഞതായും വിനയൻ പറഞ്ഞു.

കരുമാടിക്കുട്ടന്റെ റീ റെക്കോഡിങ് കഴിഞ്ഞ അന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു താനെന്നും വിനയൻ പറയുന്നു. ആലുവ കൂട്ടക്കൊല വലിയ വാർത്തയായ സമയമായിരുന്നു അത്. അത് അടിസ്ഥാനമാക്കി മൂന്നുനാല് ദിവസം കൊണ്ട് കഥയുണ്ടാക്കി. ചെന്നൈയിലെ വീട്ടിൽ താമസിക്കുന്ന മമ്മൂട്ടിയോട് പറഞ്ഞപ്പോൾ മുന്നോട്ട് പൊയ്‌ക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ തിരക്കഥ പൂർത്തിയായിട്ടില്ലായിരുന്നുവെന്നും വിനയൻ കൂട്ടിച്ചേർത്തു. ഫെയ്​സ്ബുക്ക്  പോസ്റ്റിലൂടെയാണ് വിനയൻ രാക്ഷസരാജാവിന്റെ ഓർമകൾ പങ്കുവെച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്കൊപ്പമുള്ള പഴയ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

വിനയന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ്

'രാക്ഷസരാജാവ്' എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു.

'ദാദാ സാഹിബ്' റിലീസ് കഴിയുന്നതിനു മുൻപു തന്നെ 'കരുമാടിക്കുട്ടൻ' എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു. അതിനിടയിലാണ് മമ്മുക്കയുടെ നിർദ്ദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്. ഉടനെ സ്റ്റാർട്ടു ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ, വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്ന് മമ്മുക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു. സർഗം കബീർ അടുത്ത ചിത്രവും നിർമ്മിക്കാൻ റെഡിയായി നിന്നു.

കരുമാടിക്കുട്ടന്റെ റീ റെക്കോഡിങ് കഴിഞ്ഞ് വന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്‌സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊള്ളാം പ്രൊസീഡ് ചെയ്‌തോളൂ എന്ന് മമ്മുക്ക പറഞ്ഞു. ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു. രാമനാഥൻ ഐപിഎസ് എന്ന മമ്മുക്കയുടെ കഥാപാത്രം അന്നു കൈയ്യടി നേടിയിരുന്നു.

Content Highlights: Director Vinayan recalls how the 2001 blockbuster Rakshasa Raajavu was developed based on Mammootty's personal suggestion. The script was finalized during the filming process following inspiration from the Aluva mass murder case.