‘16 മണിക്കൂർ ജോലി, ബിസ്ക്കറ്റും വെള്ളവും മാത്രം ഭക്ഷണം’;കഷ്ടപ്പാടിന്റെ നാളുകൾ ഓർത്ത് വിക്രാന്ത് മാസി

#Movies Desk
വിക്രാന്ത് മാസി | Photo: PTI
വിക്രാന്ത് മാസി | Photo: PTI

ജീവിതത്തിൽ പിന്നിട്ട കഠിനകാലം ഓർത്തെടുത്ത് ബോളിവുഡ് താരം വിക്രാന്ത് മാസി. സാമ്പത്തിക പരാധീനത മറികടക്കാൻ രണ്ടുജോലിചെയ്ത കാലമുണ്ടായിരുന്നുവെന്ന് വിക്രാന്ത് മാസി ഓർമിച്ചു. 16 മണിക്കൂർ ജോലി ചെയ്യുന്ന കാലത്ത് വെറും പാർലെ ജി ബിസ്‌കറ്റും വെള്ളവും മാത്രമാണ് തന്റെ ജീവൻ നിലനിർത്തിയതെന്നും നടൻ പറഞ്ഞു.

'16-ാം വയസ്സിലാണ് ഞാൻ ആദ്യമായി ക്യാമറയ്ക്കുമുന്നിൽ നിൽക്കുന്നത്. അതിന് മുമ്പ് ഞാൻ ബാരിസ്റ്റയായി ജോലി ചെയ്യുകയായിരുന്നു. സ്വന്തം വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ വേണ്ടിയാണ് അന്ന് ജോലി ചെയ്തു തുടങ്ങിയത്. ഷൈമിക് ദേവറിന്റെ ട്രൂപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടറായും മുംബൈയിലെ റസ്റ്റോറന്റിലും ഒരേ സമയം ജോലി ചെയ്തു. 16-ാം വയസ്സിൽ നാലു ലോക്കൽ ട്രെയ്‌നുകൾ മാറിക്കേറി, 16 മണിക്കൂർ ജോലി ചെയ്തു. പലപ്പോഴും പാർലെ- ജിയും വെള്ളവും മാത്രമായിരുന്നു ആഹാരം. ആരും അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ല, പ്രത്യേകിച്ച് ആ പ്രായത്തിലുള്ള ഒരു കുട്ടി. പക്ഷേ, എനിക്കത് ചെയ്യേണ്ടിവന്നിട്ടുണ്ട്'- എന്നായിരുന്നു വിക്രാന്ത് മാസിയുടെ വാക്കുകൾ.

തന്റെ ആദ്യഷോ വെളിച്ചം കണ്ടില്ലെന്ന് വിക്രാന്ത് ഓർത്തെടുത്തു. 'ഞാൻ തകർന്നുപോയി. പകുതിയോളം വേതനം ഇനിയും കിട്ടാനുണ്ടായിരുന്നു. നിർമാതാവിന് അല്പം ദയയുള്ള ആളായിരുന്നു. എന്റെ അന്നത്തെ സാമ്പത്തിക സാഹചര്യവും ഞാൻ സ്ഥിരവരുമാനുള്ള ജോലി വിട്ടതും അവർക്ക് അറിയാമായിരുന്നു. അതിനാൽ അവർ പ്രൊഡക്ഷന്റെ ഓഫീസിൽ എനിക്കൊരു ജോലി തന്നു'- താരം കൂട്ടിച്ചേർത്തു.

ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ വിക്രാന്ത് മാസി 2013-ൽ 'ലൂട്ടേര'യിലൂടേയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. '12th ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഷാരൂഖ് ഖാനൊപ്പം പങ്കിട്ടു. എന്നാൽ, കഴിഞ്ഞവർഷം പുറത്തിറങ്ങിയ 'ആങ്കോം കി ഗുസ്താഖിയാം' എന്ന ചിത്രം വാണിജ്യപരമായി പരാജയമായിരുന്നു. ഷാഹിദ് കപൂറിനും ത്രിപ്തി ദിമ്രിക്കുമൊപ്പമുള്ള 'ഓ റോമിയോ' ആണ് വരാനിരിക്കുന്ന ചിത്രം.

Content Highlights: Vikrant Massey recalls struggle days at 16: ‘Worked 16 hours a day, survived on Parle-G and water’