‘അയാൾ അനുവാദമില്ലാതെ സ്പർശിച്ചു’; തുടക്കകാലത്തെ ദുരനുഭവം വെളിപ്പെടുത്തി വിജയ് വർമ

#Movies Desk
വിജയ് വർമ | ഫോട്ടോ: AFP
വിജയ് വർമ | ഫോട്ടോ: AFP

തുടക്കകാലത്ത് മോഡലിങ്ങിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടൻ വിജയ് വർമ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട കയ്‌പ്പേറിയ അനുഭവങ്ങൾ നടൻ തുറന്നുപറഞ്ഞത്.

തുടക്കകാലത്ത് ഹൈദരാബാദിൽ അവസരങ്ങൾക്ക് വേണ്ടി അലഞ്ഞ കാലം ഓർത്തെടുക്കുകയായിരുന്നു വിജയ്. മോഡലിങ് ചെയ്തിരുന്ന സമയത്ത് ഒരു മോഡൽ കോർഡിനേറ്ററിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് നടൻ വെളിപ്പെടുത്തി.

'ചെറിയ തോതിൽ മോഡലിങ് ചെയ്തു തുടങ്ങിയ സമയത്ത് ഒരു മോഡൽ കോർഡിനേറ്റർ എന്നോട് മോശമായി പെരുമാറി. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് ഞാൻ അതിനെ എതിർത്തു. തുടക്കക്കാരനായിരുന്നതുകൊണ്ട് ആ സംഭവം എന്നെ ഏറെ നിരാശനാക്കി. എന്നാൽ അതിനെ നേരിടാൻ തന്നെ ഞാൻ തീരുമാനിക്കുകയായിരുന്നു,' വിജയ് വർമ ഓർത്തെടുത്തു.

പിന്നാലെ താൻ മോഡലിങ് വിട്ടു. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. എന്നാൽ അഭിനയത്തിലേക്കുള്ള വഴിയും എളുപ്പമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഹൈദരാബാദിലെ 'സൂത്രധാർ സ്‌കൂൾ ഓഫ് ആക്ടിങ്ങി'ൽ പ്രവേശനത്തിനായി സമീപിച്ചെങ്കിലും അവർ നിരസിച്ചു. തുടർന്ന് പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ അപേക്ഷിച്ചെങ്കിലും ആദ്യ അവസരത്തിൽ പ്രവേശനം ലഭിച്ചില്ല. എന്നാൽ രണ്ടാം ശ്രമത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി. അവിടെ രാജ്കുമാർ റാവു, ജയ്ദീപ് അഹ്‌ലാവത് തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം അഭിനയം പരിശീലിക്കാൻ സാധിച്ചുവെന്നും നടൻ ഓർത്തെടുത്തു.

വിഭു പുരി സംവിധാനം ചെയ്ത 'ഗുസ്താഖ് ഇഷ്‌ക്' ആണ് വിജയ് വർമയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. നസീറുദ്ദീൻ ഷാ, ഫാത്തിമ സന ഷെയ്ഖ്, ഷാരിബ് ഹാഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിർമിച്ചത് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയായിരുന്നു. ഒ.ടി.ടിയിൽ പുറത്തിറങ്ങിയ 'മട്ക കിങ്' എന്ന വെബ് സീരീസിലും വിജയ് വർമ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

Content Highlights: Bollywood actor Vijay Varma recently revealed a traumatic experience he faced from a model coordinator during his early modelling days in Hyderabad. The actor shared that the coordinator touched him inappropriately without consent, leading him to strongly confront the person and quit modelling altogether. Shifted his focus to acting, Vijay faced initial rejections at the Sutradhar School of Acting in Hyderabad and during his first attempt at FTII Pune. He successfully cleared the entrance on his second attempt at FTII, where he trained alongside prominent actors like Rajkummar Rao and Jaideep Ahlawat. Vijay Varma was last seen in Vibhu Puri's film 'Gustaakh Ishq' and the popular OTT web series 'Matka King'