പഴനി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ യുവാവ് ഉച്ചഭാഷിണിയിലൂടെ വിജയ്‌യുടെ പാർട്ടി ഗാനം വെച്ചു; അന്വേഷണം

പഴനിയിലെ പ്രശസ്തമായ ദണ്ഡായുധപാണി ക്ഷേത്രത്തിലെ പൊതു അറിയിപ്പ് കേന്ദ്രത്തിൽ അതിക്രമിച്ചുകയറുകയും സ്പീക്കറിലൂടെ നടൻ വിജയ്‌യുടെ ഗാനം ഉച്ചത്തിൽ കേൾപ്പിക്കുകയും ചെയ്ത് യുവാവ്. ഗാനം പ്ലേ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്ഷേത്രം അധികൃതർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് കേസെടുത്തു.
പഴനി ക്ഷേത്രത്തിലെ യാനൈ പാതൈ എന്നറിയപ്പെടുന്ന ഭാഗത്താണ് സംഭവം നടന്നത്. സുരക്ഷാ അറിയിപ്പുകൾക്കും ഭക്തിഗാനങ്ങൾക്കുമായി ഉപയോഗിക്കുന്ന മൈക്രോഫോൺ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഇല്ലാത്ത സമയം നോക്കിയാണ് അജ്ഞാതനായ യുവാവ് അകത്തുകടന്നത്. തുടർന്ന് ഇയാൾ തന്റെ മൊബൈൽ ഫോൺ ഓഡിയോ കൺസോളുമായി ബന്ധിപ്പിക്കുകയും വിജയ്‍യുടെ പാട്ട് ഉച്ചത്തിൽ പ്ലേ ചെയ്യുകയുമായിരുന്നു. വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഗാനമാണ് ക്ഷേത്രത്തിൽ മുഴങ്ങിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ക്ഷേത്രം അധികൃതർ പോലീസിനെ സമീപിച്ചത്. വീഡിയോയിൽ ചില ഭക്തർ യുവാവിനെ ശാസിക്കുന്നത് കാണാം. മറ്റുചിലരാകട്ടെ ക്ഷേത്രത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ ഇത്തരമൊരു ഗാനം കേട്ട് അമ്പരന്നു. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ വിജയ്, തന്റെ അവസാന ചിത്രമായ 'ജനനായകൻ' റിലീസിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് നീണ്ടുപോവുകയാണ്. ചിത്രത്തിന് പ്രദർശനാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: A youth played actor-politician Vijay`s campaign song at Palani`s Dhandayudhapani Swamy Temple. Temple admin files a police complaint. Incident went viral.