വിജയ് സേതുപതിയുടെ 'മഹാരാജ' വെള്ളിയാഴ്ച ചൈനയിൽ റിലീസ് ചെയ്യും

നടൻ വിജയ് സേതുപതിയെ നായകനാക്കി നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്ത തമിഴ് സസ്പെൻസ് ചിത്രം 'മഹാരാജ' വെള്ളിയാഴ്ച ചൈനയിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രീ-സ്‌ക്രീനിങ് ആരംഭിച്ചു. ഹോളിവുഡിലെ ഗ്ലാഡിയേറ്റർ II, പ്രാദേശിക ചിത്രമായ ഹെർ സ്റ്റോറി എന്നീ രണ്ട് പ്രധാന എതിരാളികൾക്കൊപ്പമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചൈനീസ് മൂവി റിവ്യൂ സൈറ്റായ ഡൗബനിൽ ഈ ചിത്രത്തിന് 8.7/10 എന്ന ഉയർന്ന റേറ്റിങ് ഉണ്ടെന്നും സമീപ വർഷങ്ങളിൽ ഏറ്റവും ഉയർന്ന റേറ്റിങ് ലഭിച്ച ഇന്ത്യൻ സിനിമകളിലൊന്നാണ് മഹാരാജയെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തിയ ചിത്രത്തിന്റെ രചനയും നിതിലൻ സാമിനാഥനാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, മംമ്ത മോഹൻദാസ്, സിംഗംപുലി, കൽക്കി എന്നിവരും പ്രധാനവേഷങ്ങളിലെത്തി. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്‌നാഥ് ആണ്.
Content Highlights: Vijay Sethupathi`s Tamil suspense thriller `Maharaja` releases in China, receiving an 8.7/10 rating