വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ്-33 ടെംപിൾ റോഡ്'; സറീന വഹാബിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്

#മൂവീസ് ഡെസ്ക്
സ്ലം ഡോഗ്- 33 ടെംപിള്‍ റോഡ് ​ഗ്ലിംപ്സ് വീഡിയോയിൽനിന്ന്
സ്ലം ഡോഗ്- 33 ടെംപിള്‍ റോഡ് ​ഗ്ലിംപ്സ് വീഡിയോയിൽനിന്ന്

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'സ്ലം ഡോഗ്-33 ടെംപിൾ റോഡി'ലെ സറീന വഹാബിന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുരി കണക്റ്റ്‌സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും, ജെ.ബി. മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക.

ഏറെ വൈകാരികമായാണ് സുബൈദയെ പരിചയപ്പെടുത്തുന്ന ഗ്ലിംപ്‌സ് ഒരുക്കിയിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ സാഹചര്യത്തെക്കുറിച്ച് സുബൈദ ഓർത്തെടുക്കുന്നതും, വിശപ്പ് സഹിക്കാനാവാതെ വന്നതോടെ ഭിക്ഷ യാചിക്കേണ്ടിവന്നതുമാണ് ഗ്ലിംപ്‌സിൽ അവതരിപ്പിക്കുന്നത്. അതിജീവനത്തിനായി പോരാടുന്ന സ്ത്രീയുടെ ജീവിതവും നിസ്സഹായാവസ്ഥയും ആത്മാഭിമാനവും അമ്മയുടെ വൈകാരിക യാത്രയുമാണ് അവതരിപ്പിക്കുന്നത്.

സറീന വഹാബിന്റെ വൈകാരിക പ്രകടനമാണ് പ്രധാന ആകർഷണം. സുബൈദയുടെ വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും തീവ്രമായി അവതരിപ്പിക്കുന്ന താരത്തിന്റെ പ്രകടനം ചിത്രത്തിന്റെ കഥയിലെ വൈകാരിക തലത്തെക്കുറിച്ചുള്ള സൂചനയും നൽകുന്നു. വിജയ് സേതുപതിയും ഗ്ലിംപ്‌സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷനും മാസ്സിനുമൊപ്പം വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് പുതിയ ഗ്ലിംപ്‌സ് നൽകുന്ന സൂചന.

നേരത്തെ ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന ഗൗരി ഹെഗ്‌ഡെ എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്‌സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇൻകം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറായ ശക്തമായ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. കുറ്റവാളികൾക്കെതിരെ നിർദയമായി നടപടിയെടുക്കുന്ന തന്റേടവും ആത്മവിശ്വാസവുമുള്ള ഓഫീസറായാണ് ഗൗരി ഹെഗ്‌ഡെയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ്, സ്‌റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയെയും അവതരിപ്പിച്ചത്.

ചേരികളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ ആക്ഷൻ, ഇമോഷൻ, മാസ്സ്, സംഗീതം, കോമഡി എന്നിവയ്‌ക്കെല്ലാം പ്രാധാന്യമുണ്ട്. വിജയ് സേതുപതിയെ അന്ധനായ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും അവതരിപ്പിച്ച ടീസർ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. തബു, സറീന വഹാബ് എന്നിവർക്കൊപ്പം കന്നഡ താരം ദുനിയ വിജയ് കുമാറും ചിത്രത്തിലെ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രഹ്‌മാജി, വി.ടി.വി. ഗണേഷ് എന്നിവരും താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.

രചന, സംവിധാനം: പുരി ജഗനാഥ്, നിർമാതാക്കൾ: പുരി ജഗനാഥ്, ചാർമി കൗർ, ജെ.ബി. നാരായൺ റാവു കോൺഡ്രോള്ള, ബാനർ: പുരി കണക്റ്റ്‌സ്, ജെ.ബി. മോഷൻ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം: സാം കെ. നായിഡു, സംഗീതം: ഹർഷവർധൻ രാമേശ്വർ, എഡിറ്റിങ്: സന്തോഷ് നൂസില, വി.എഫ്.എക്‌സ്: അനിൽ പാദുരി, സി.ഇ.ഒ: വിഷു റെഡ്ഡി, മാർക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പി.ആർ.ഒ: ശബരി.

Content Highlights: The makers released a new character glimpse video featuring Zarina Wahab from the movie 'Slumdog- 33 Temple Road'. Zarina Wahab plays Zubaida, an emotionally driven character portraying the role of the lead character's mother. Directed and written by Puri Jagannadh, the pan-Indian action film stars Vijay Sethupathi in the lead role alongside Samyuktha. The movie is jointly produced by Puri Connects and JB Motion Pictures, with music composed by Harshavardhan Rameshwar. The film will be released across theatrical screens in Telugu, Tamil, Kannada, Malayalam, and Hindi languages.