വിജയ്യെ അറിയാവുന്നത് നടനെന്ന നിലയിൽ, രാഷ്ട്രീയം നിരീക്ഷിക്കലല്ല എന്റെ പണി- വിജയ് സേതുപതി

തമിഴ് ബിഗ് ബോസിലെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായുള്ള ബന്ധവും വ്യക്തമാക്കി നടൻ വിജയ് സേതുപതി. പരിപാടിയുടെ അവതാരകനായ വിജയ് സേതുപതി, മത്സരാർഥിയെക്കുറിച്ച് നടത്തിയ പരാമർശം, തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെയും അദ്ദേഹത്തിന്റെ ഭരണത്തെയും ലക്ഷ്യംവെച്ചുള്ള ഒളിയമ്പാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. 'മാസ്റ്റർ' സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
മുഖ്യമന്ത്രി വിജയിയെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് വിജയ് സാറിനെ നടൻ എന്ന നിലയിലാണ് അറിയാവുന്നതെന്ന് വിജയ് സേതുപതി മറുപടിനൽകി. 'ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, അവർ പ്രഖ്യാപിക്കുന്ന നയങ്ങളും പദ്ധതികളും, അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതുമാണ് പ്രധാനം. അതിനപ്പുറം രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും എന്റെ ജോലിയല്ല. എനിക്ക് വേറെയും ജോലികളുണ്ട്,' അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം എന്നാൽ അധികാരമോഹമല്ല. മറിച്ച് സേവനമാണെന്ന് താൻ പലതവണ പറഞ്ഞിട്ടുണ്ട്. തന്റെ കഴിവിന്റെ പരമാവധി, ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇതുവരെ ഏകദേശം രണ്ട് ലക്ഷം പേർക്ക് ജോലി കണ്ടെത്താൻ സഹായിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സമകാലിക രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ചും നടൻ മനസുതുറന്നു. 'ഒന്നാമതായി, ഞങ്ങൾ സിനിമാ പ്രവർത്തകരാണ്. രണ്ടാമതായി, രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ, വ്യത്യസ്ത അഭിപ്രായങ്ങളെ മാന്യമായി സ്വീകരിക്കാനുള്ള പക്വത ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷത്തിനില്ല എന്നതാണ് പ്രശ്നം. ഏത് സർക്കാർ അധികാരത്തിലിരുന്നാലും ഇതുതന്നെയാണ് അവസ്ഥ,' വിജയ് സേതുപതി വ്യക്തമാക്കി.
ഒരു വിഷയത്തെക്കുറിച്ച് അർഥവത്തായി സംസാരിക്കണമെങ്കിൽ അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും വേണം. അല്ലാത്തപക്ഷം അത് കേവലമൊരു പരാമർശമായി മാറും. സിനിമയിലാണ് തങ്ങൾ ശ്രദ്ധാകേന്ദ്രീകരിക്കുന്നത്. പഠിക്കാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ സംസാരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഇത്തരം പ്രസ്താവനകൾക്ക് പിന്നാലെയുണ്ടാകുന്ന വിമർശനങ്ങൾ തങ്ങളുടെ സിനിമകളെ ബാധിക്കാൻ പാടില്ലാത്തതാണ്. എന്നാൽ, ഇന്നത്തെ സാമൂഹികമാധ്യമങ്ങൾ അങ്ങനെയല്ല പ്രവർത്തിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
മേയ് 10-നാണ് സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഓഗസ്റ്റ് 17-ന് അദ്ദേഹം മുഖ്യമന്ത്രി പദത്തിൽ 100 ദിവസം പൂർത്തിയാക്കി. ജൂലൈ 23-ന് തിയേറ്ററുകളിലെത്തിയ 'ജനനായകൻ' ആണ് നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം.
ബോക്സ് ഓഫീസിൽ അപ്രതീക്ഷിത വിജയം നേടിയ 'ബത്ത' എന്ന തമിഴ് ചിത്രത്തിലാണ് വിജയ് സേതുപതി അവസാനമായി അഭിനയിച്ചത്. ജനുവരി 29-ന് റിലീസ് ചെയ്യുന്ന മണിരത്നം ചിത്രം 'ഇഞ്ചി വെല്ല'മാണ് വിജയ് സേതുപതിയുടെ വരാനിരിക്കുന്ന ചിത്രം. സായ് പല്ലവിയാണ് ചിത്രത്തിൽ നായിക.
Content Highlights: Vijay Sethupathi clarified his remarks from Tamil Bigg Boss in a Galatta Tamil interview, stating he knows Tamil Nadu Chief Minister Vijay as an actor and co-star from Master. He said policies and their execution matter in politics, adding that closely observing and analyzing politics is not his job. Vijay Sethupathi noted he has helped around two lakh people find jobs and pointed out that political discourse often lacks maturity toward differing views. The article also mentions Vijay's film Jana Nayagan, Vijay Sethupathi's recent Tamil hit Batha, and his upcoming Mani Ratnam film Inji Vellam co-starring Sai Pallavi.