ജനനായകൻ ജൂണിൽത്തന്നെ? റിലീസ് തീയതിയുടെ സൂചന നൽകി ബുക്കിങ് ആപ്പുകൾ

#മൂവി ഡെസ്ക്
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X

തമിഴ് നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ അവസാനചിത്രമെന്ന വിശേഷണമുള്ള 'ജനനായകൻ' റിലീസിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഈ മാസം ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്‍യുടെ ഈ ചിത്രം കഴിഞ്ഞ അഞ്ചു മാസമായി വിവിധ കാരണങ്ങളാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ചില ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം.

നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും ബുക്കിങ് ആപ്പുകളിൽ ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് കാണിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിൽ 'ജനനായകൻ' സിനിമയുടെ റിലീസ് ജൂൺ 19 നാണെന്നാണ് കാണിച്ചിട്ടുണ്ട്. ബുക്ക്മൈഷോയിൽ കൃത്യം റിലീസ് തീയതി പറഞ്ഞിട്ടില്ലെങ്കിലും ജൂണിൽ റിലീസുണ്ടാകുമെന്നാണ് പറയുന്നത്. ചിത്രത്തിന്റെ നിർമാതാവായ വെങ്കട്ട് കെ. നാരായണൻ വെള്ളിയാഴ്ച വൈകുന്നേരം മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും, സെൻസർ സർട്ടിഫിക്കറ്റിനായി ടീം ഇപ്പോഴും കാത്തിരിക്കുകയാണെന്നാണ് പറഞ്ഞത്.

"ജനനായകനെക്കുറിച്ച് സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഞാൻ ക്ഷേത്ര ദർശനത്തിന് വന്നതാണ്. സെൻസർ സർട്ടിഫിക്കറ്റ് വരാനായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് ഉടൻ നൽകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ദൈവാനുഗ്രഹം തേടാനാണ് ഞാൻ ഇവിടെ വന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ റിലീസ് തീയതി അറിയിക്കും. ലോകമെമ്പാടും ഗംഭീരമായി ഞങ്ങൾ ചിത്രം റിലീസ് ചെയ്യും," അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ കാരണമാണ് വൈകിയത്. ചിത്രത്തിലെ ചില രംഗങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശിച്ചതോടെയാണ് സർട്ടിഫിക്കേഷൻ വൈകിയത്. ഇതിനിടെ ചിത്രം പലതവണ വിവാദങ്ങളിലും അകപ്പെട്ടിരുന്നു. സിനിമയുടെ ചില രംഗങ്ങളും മുഴുവൻ സിനിമയുടെ എച്ച്.ഡി പ്രിന്റും ഇന്റർനെറ്റിൽ ചോർന്നത് വലിയ ആശങ്കയ്ക്ക് കാരണമായി. കൂടാതെ, സിനിമ ബോധപൂർവ്വം തടഞ്ഞുവയ്ക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നതായും അന്നത്തെ ഭരണകക്ഷികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചതായും വിജയ് ആരോപിച്ചിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ്. മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം.

Content Highlights: Earlier this month, C. Joseph Vijay was officially sworn in as the Chief Minister of Tamil Nadu. Amid his massive political transition, attention has shifted back to his final cinematic venture, Jana Nayagan, which has been trapped in a certification limbo for the past five months. While the makers have maintained an official silence, popular ticketing platforms have subtly updated the film's release window. The app District has specifically listed Jana Nayagan for a June 19 release, whereas BookMyShow shows a broader tentative release window of June 2026.